Sunday, October 21, 2007

പരിപ്പുവട



ഇത് ഞാന് കാലടി ശ്രീശങ്കര കോളേജില് പഠിക്കുന്ന സമയത്ത് നടന്ന ഒരു കഥയാണ്. വളരെ വിശാലമായ ക്യാമ്പസ് ആണ് ശ്രീശങ്കര കോളേജിന്റെത്. ധാരാളം മരങ്ങളും, ചെടികളും,കുന്നും, വലിയൊരു കുളവും നിറഞ്ഞതാണ് ക്യാമ്പസ്. മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, മാത്തമാറ്റിക്സ്, കോമേഴ്സ് ഇങ്ങനെ പോകുന്ന ഓരോ ഡിപ്പാര്ട്ട്മെന്റും കോളേജിന്റെ ഓരോ ഭാഗത്താണ്. ഓരോ തട്ടുകളിലായാണ് ഓരോ ഡിപ്പാര്ട്ട്മെന്റുകള്. ഓഫീസും, ഓഡിറ്റോറിയവും, ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് മുകളിലെ തട്ടിലാണുള്ളത്. അതിനു താഴെ ഹിന്ദി, മലയാളം ഡിപ്പാര്ട്ട്മെന്റും. അതിനും താഴെ കോമേഴ്സ് ഡിപ്പാര്ട്ട്മെന്റില് ഉള്പ്പെടുന്ന ഞങ്ങള്‍‌. കോളേജിന്റെ പ്രധാന കവാടത്തിന്റെ അധികം ദൂരത്തല്ലാതെയാണ് ഞങ്ങളുടെ ഈ വിഭാഗം. കോമേഴ്സ് ഡിപ്പാര്ട്ട്മെന്റ് ജെ.പി. സാറ് ഭരിക്കുന്ന കാലം.

വീട്ടില് നിന്നും രാവിലെ പുറപ്പെടേണ്ടതു കൊണ്ട് പലപ്പോഴും അക്കാലത്ത് ഞാന് ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നത്. മാത്രമല്ല മൂന്ന് ബസ്സുകളും മാറിക്കയറിവേണം കോളേജിലെത്താന്‍. കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്താണ്‍ അന്ന് ക്യാന്റീ‍ന്‍.എങ്കിലും കുന്നു കയറി മുകളിലെത്തണം. അതിനാല് ഞങ്ങള് പലപ്പോഴും കോളേജിന് പുറത്തുള്ള ഒരു ഹോട്ടലില് ആണ് ഭക്ഷണം കഴിക്കാന് പോയിരുന്നത്.

ഞങ്ങളുടെ അന്നത്തെ സംഘത്തില് ചാര്ളി, ബിജു, കൃഷ്ണകുമാര്, രാജീവ് എന്നിവരാണ് ഉള്ളത്. ഇതില് കൃഷ്ണകുമാറിന്റെ വീട് കോളേജില് നിന്നും അധികം അകലെ അല്ലാത്തതിനാല് അവന് പലപ്പോഴും വീട്ടില് പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടയ്ക് ഞങ്ങല്ക്കൊപ്പവും കൂടും.

അവിടെ അടുത്തോരു ഹോട്ടല് ഉണ്ട്. അവിടുത്തെ പരിപ്പുവട വളരെ പ്രസിദ്ധമാണ്. വളരെ രുചികരമാണത്രേ അവിടുത്തെ പരിപ്പുവട. ഞാനും ചാര്ളിയും ഊണ് കഴിക്കുമ്പോല് കൃഷ്ണകുമാറും രാജീവും ഉഴുന്നുവട, പരിപ്പുവട എന്നിവയാണ് കഴിക്കുക. (രണ്ടോ മൂന്നോ തവണ ഞാനും ഈ പരിപ്പുവട കഴിച്ചിട്ടുണ്ട് കേട്ടോ, പക്ഷേ എനിക്ക് അതിനോടത്ര താല്പര്യം തോന്നിയിരുന്നില്ല.) ഒരു ദിവസം ഞങ്ങല് പതിവുപോലെ ഭക്ഷണം കഴിക്കാന് ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍‌ക്കൊപ്പം ഞങ്ങളുടെ മറ്റൊരു സുഹൃത്തായ രഞ്ജിത്ത് ഉണ്ട്. രാജീവിന്റെ പരിപ്പുവടയെ പറ്റിയുള്ള വിവരണത്തില് ആകൃഷ്ടനായി വന്നതാണ് അവന്. ഞങ്ങള്‍‌ പതിവുപോലെ ഊണ് ഓര്ഡര് ചെയ്തു. രാജീവും സംഘവും പരിപ്പുവടയും.

ഞങ്ങല് ഊണ് കഴിക്കുന്നതിനിടയില് അവര്ക്ക് പരിപ്പുവടയും എത്തി. ഒരു ചെറിയ തമിഴ് പയ്യനാണ് ഭക്ഷണം സപ്ലൈ ചെയ്യുന്നത്. രജ്ഞിത്ത് വടയെടുത്ത് കഴിക്കാനാരംഭിച്ചതും തുപ്പിയതും ഒരുമിച്ചായിരുന്നു. അവന് അതില് നിന്നും ഒരു മുടിയെടുത്ത് മാറ്റിവച്ചു. (വൃത്തിയുടെ കാര്യത്തില് വളരെ ശ്രദ്ധാലുവായ അവനത് ഉള്‍‌ക്കൊള്ളാനായില്ല.)


എന്നാല്‍‌ ഞങ്ങളാരും ആ സംഭവം കാര്യമാക്കിയില്ല. ഒരു മുടി കിട്ടിയതാണോ വലിയ കാര്യം ? ഭക്ഷണം പാകം ചെയ്യുമ്പോള് ഒരു മുടിയൊക്കെ കിട്ടുന്നത് സ്വാഭാവികം മാത്രം എന്ന മട്ടില്‍‌ ഞങ്ങളതു തള്ളിക്കളഞ്ഞു.

പിന്നീട് കുറച്ചു നാളുകള്‍‌ക്കു ശേഷം ഞങ്ങള്‍‌ അവിടെ അതേ ഹോട്ടലില് ഭക്ഷണം കഴിക്കുവാനെത്തിയപ്പോള്‍‌ ഞങ്ങളുടെ സീനിയേഴ്സ് കുറച്ചുപേര് അവിടുത്തെ പാചകക്കാരെനെ ഇട്ട് നന്നായി പെരുമാറുകയാണ്. അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. അവിടുത്തെ പാചകക്കാരന് പരിപ്പുവട ഉണ്ടാക്കുന്നത് ഒരു പ്രത്യേകരീതിയിലാണത്രേ.

എങ്ങനെയെന്നാല് ഒരു കൈകൊണ്ട് ആട്ടുകല്ലില് മാവ് ആട്ടുകയും അതിനൊപ്പം ഒരു കൈകൊണ്ട് പരിപ്പുവട ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം അതിനടുത്തുള്ള എണ്ണയില് ഇട്ട് വട ഉണ്ടാക്കുന്നു. പക്ഷേ ഒരു കൈകൊണ്ട് പരിപ്പു വടയുടെ മാവ് പരത്താന് ആവാത്തതിനാല് കക്ഷി മാവ് പരത്താന് എളുപ്പത്തിന് ഉപയോഗിച്ചത് വെറും ഒരു തോര്ത്ത് മാത്രമിട്ട അങ്ങേരുടെ സ്വന്തം നെഞ്ചായിരുന്നത്രേ. ഇതുമൂലമാണ് ഇടയ്ക് പരിപ്പുവടയില് രോമം കാണാറുള്ളതെന്നാണ് സീനിയേഴ്സ് കണ്ടുപിടിച്ചത്.
എന്തായാലും ഈ സംഭവത്തിനു ശേഷം അവിടെയുള്ള മറ്റു കച്ചവടക്കാര് വൃത്തിയായാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ പാചകക്കാരെനെ  പിന്നീട് ആ കോളേജിന്റെ ചുറ്റുവട്ടത്തെങ്ങും കണ്ടിട്ടില്ല.

എന്തായാലും അതിനു ശേഷം ഞാന് അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല വീട്ടില് നിന്നും ഭക്ഷണം കൊണ്ട് പോകാനും ആരംഭിച്ചു. ഒപ്പം എന്റെ കൂട്ടുകാരും.
 
© Copy right reserved to author

Friday, October 12, 2007

പടക്കം

വീണ്ടും ഒരു ബാല്യകാല സ്മരണ തന്നെ. ഇതും ഒരുഏപ്രില് മാസം, വിഷുക്കാലം. ഞാന് രണ്ടാം ക്ലാസ്സിലെ അവധിക്കാലം ആഘോഷിക്കുന്ന സമയം. അന്ന് ഞങ്ങളുടെ തറവാടിന്റെ അറ്റകുറ്റപണികളും നടക്കുന്നുണ്ട്. കാരണം ആ ഏപ്രിലില് കുഞ്ഞച്ഛന്റെ (അച്ഛന്റെ അനുജന്) വിവാഹമാണ്. കുട്ടിയാണെങ്കിലും കുഞ്ഞച്ഛന്റെ വിവാഹത്തിന്റെ ഗമയില് ആണ് ഞാന്. ആ വര്ഷവും പതിവുപോലെ നിതേഷ് ചേട്ടനെ അച്ഛന് അമ്മായിയുടെ വീട്ടില് നിന്നും കൊണ്ടുവന്നു. ഇന്നത്തെ തിരക്കാര്ന്ന് ജീവിതരീതി മനുഷ്യനില് അന്ന് പടര്ന്നിരുന്നില്ല. അവധിക്കാലമൊക്കെ ആയാല്‍‌ ബന്ധുജനങ്ങളെല്ലാം ഒത്തു കൂടും. മാത്രമല്ല ശരിക്കും നല്ലൊരു ഗ്രാമം തന്നെ ആയിരുന്നു അന്ന് ഞങ്ങളുടേത് (ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രണ്ടോ മൂന്നോ ഓട്ടു കമ്പനികള്, നല്ലോരു പുഴയും(ചാലക്കുടിപ്പുഴ) ധാരാളം നെല്ല് വിളയുന്ന വയലുകളും, കുളങ്ങളും, അഞ്ച് ക്ഷേത്രങ്ങളും,ഒരു ക്രിസ്ത്യന് ദേവാലയവും, രണ്ട് മുസ്ലീം പള്ളിയും കൂടാതെ ഒരു തപാലാപ്പീസ്സും, വില്ലേജ് ഓഫീസ്സും, പഞ്ചായത്ത് ഓഫീസ്സും, വലിയൊരു ഹൈസ്കൂളും, വായനശ്ശാലയും,വലിയൊരു മൈതാനവും, ഒരു മൃഗാശുപത്രിയും ആണ് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ പ്രധാന സംഗതികള്‍‌. ഇതെല്ലാം മൂന്ന് കിലോമീറ്റര് ചുറ്റളവില് വരും.) അക്കാലത്ത് ഓണത്തിന്റെയും വിഷുവാഘോഷത്തിന്റെയും എല്ലാം ഒരുക്കങ്ങള്‍‌ ഒരാഴ്ച് മുന്പ് എങ്കിലും തുടങ്ങും. അന്നത്തെ വിഷുക്കാലവും അങ്ങനെ തന്നെ ആയിരുന്നു. എങ്ങും പടക്കം പൊട്ടിക്കലും, കുട്ടികളുടെ ബഹളങ്ങളും, സന്തോഷവും നിറഞ്ഞ സുഖകരമായ അന്തരീക്ഷം. ഞങ്ങളുടെ വീട്ടില് പടക്കങ്ങള്‍‌, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം, ലാത്തിരി, പൂത്തിരി , ഏറു പടക്കം എന്നു വേണ്ട എല്ലാ സാധനങ്ങളും വാങ്ങികൊണ്ട് വരുന്നത് അന്ന് കുഞ്ഞച്ഛനാണ്. ആ വര്ഷവും പതിവുപോലെ കുഞ്ഞച്ഛന് ധാരാളം പടക്കങ്ങളും, മറ്റും വാങ്ങിക്കൊണ്ടുവന്നു. എനിക്കന്ന് പടക്കം പൊട്ടിക്കാനുള്ള ലൈസന്സ് മുതിര്ന്നവര് തന്നിട്ടില്ല. കമ്പിത്തിരികളും മറ്റുമായി തൃപ്തിപ്പെട്ടുകൊള്ളണം. കുഞ്ഞച്ഛനൊപ്പം പടക്കം പൊട്ടിക്കാനുള്ള അനുവാദം അന്ന് നിതേഷ് ചേട്ടനുണ്ട്. ചുവന്ന കടലാസ്സുകൊണ്ടുണ്ടാക്കിയ കടലാസ്സ് പടക്കം ആണ് നിതേഷ് ചേട്ടന് പൊട്ടിക്കാന്‍‌ കൊടുക്കുക. കാരണം, ഓലപ്പടക്കത്തെ അപേക്ഷിച്ച് അപകടസാധ്യത ഇതിന് കുറവാണ്. മാലപ്പടക്കം എന്നാണ് ഞങ്ങള്‍‌ അതിനെ പറയുന്നത്. നിതേഷ് ചേട്ടന് പൊട്ടിക്കാന് വേണ്ടി കുഞ്ഞച്ഛന്‍‌ അതില് നിന്നും കുറച്ചെണ്ണം നൂല് പൊട്ടിച്ച് എടുക്കുകയായിരുന്നു പതിവ്. നിതേഷ് ചേട്ടന് പടക്കം പൊട്ടിക്കുന്ന വിധം എല്ലാം ഞാന് ഒരിക്കല്‍‌ ശ്രദ്ധയോടെ നിരീക്ഷിച്ചു. പടക്കത്തിന്റെ ചുവട്ടില് മൂന്ന് വിരലുകല് ചേര്ത്ത് പിടിച്ച് പടക്കത്തിന്റെ തിരി വിളക്കില് കാണിച്ച് ഒരൊറ്റ ഏറ്. ഇത്രേം ഉള്ളൂ കാര്യം… ഇത് ആര്ക്കും ചെയ്യാവുന്ന കാര്യമല്ലേ ഞാന്‍ വിചാരിച്ചു. എന്നാല്‍‌ കുഞ്ഞച്ഛന്‍‌ പുറത്ത് പോയ ശേഷവും നിതേഷ് ചേട്ടന് പടക്കങ്ങള്‍‌ പൊട്ടിച്ചു. പക്ഷെ, വിളക്കിന്റെ തീ ഉപയോഗിച്ചല്ല പടക്കം പൊട്ടിക്കുന്നത്. തീ പുകയുന്ന ഒരു വിറകിന്റെ കഷ്ണം ഉപയോഗിച്ചാണ് ഇത്തവണ ഇഷ്ടന് പടക്കം പൊട്ടിക്കുന്നത്. വിളക്കില്ലെങ്കിലും പടക്കം പൊട്ടിക്കാമെന്നുള്ള കാര്യം അങ്ങനെ ഞാനും മനസ്സിലാക്കി. ഒരു പടക്കം കിട്ടുന്നതിനു വേണ്ടി ഞാന് നിതേഷ് ചേട്ടന്റെ പിന്നാലെ നടന്നു. പക്ഷെ പടക്കം മാത്രം കിട്ടിയില്ല. ഞാന് പടക്കം അന്വേഷിച്ച് വീടാകെ തിരഞ്ഞു. പക്ഷേ ഒന്നും കിട്ടിയില്ല. അവസാനം ഞാന് ഒരു നിഗമനത്തിലെത്തി, പടക്കം ഇരിക്കുന്നത് കുഞ്ഞച്ഛന്റെ മുറിയില് തന്നെ. ഞാന് പതുക്കെ ആ മുറിയുടെ മുന്നിലെത്തി. രക്ഷയില്ല, കതക് പൂട്ടിയിരിക്കുന്നു. കുഞ്ഞച്ഛന്റെ തബലയും മറ്റു ചില സംഗീത ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതിനാല് ആ മുറി എപ്പോഴും പൂട്ടിയിടുകയാണ് പതിവ്. ഞങ്ങളെ ഇക്കാര്യത്തില് കക്ഷിക്ക് അത്ര വിശ്വാസമായിരുന്നു. (ഞങ്ങളൊരിക്കല് തബല ഒന്ന് അടിച്ചു പരീക്ഷിച്ചിരുന്നു. പക്ഷെ എങ്ങനെയൊ അത് പൊട്ടിപ്പോയി. അതിനുശേഷമാണ് ഈ മുന്കരുതല്). ഞാന് നിതേഷ് ചേട്ടനെ വീണ്ടും നിരീക്ഷിച്ചു. കാരണം കുഞ്ഞച്ഛന്റെ മുറി അടഞ്ഞുകിടന്നിട്ടും നിതേഷ് ചേട്ടന് എങ്ങനെ പടക്കം ലഭിച്ചു. അവസ്സാനം അത് ഞാന് കണ്ടെത്തി. കുഞ്ഞച്ഛന്റെ മുറിയുടെ ഒരു ജനല്‍‌ അടച്ചിരുന്നെങ്കിലും അതിന്റെ കൊളുത്ത് ഇട്ടിരുന്നില്ല.ജനാലയില് ബലം പ്രയോഗിച്ച് തുറന്ന് കുറച്ചു കഷ്ടപ്പെട്ടാണ് നിതേഷ് ചേട്ടന് പടക്കം സംഘടിപ്പിക്കുന്നത്. നിതേഷ് ചേട്ടന് പടക്കവുമായി പോയിക്കഴിഞ്ഞപ്പോല് ഞാനും ആ ജനാലയുടെ ചുവട്ടിലെത്തി. ഉയരം ഉള്ളതിനാല് എത്തിച്ച് ജനാല് തുറക്കാന് അത്ര ബുദ്ധിമുട്ടുണ്ടായില്ല. വീടിന്റെ കൈവരിയില് ചവുട്ടി ജനലഴികളില് തൂങ്ങി ഞാന് അകത്തേക്ക് നോക്കി. കുഞ്ഞച്ഛന്റെ മുറിയിലെ ജനലിനോട് ചേര്ന്ന മേശയുടെ ഒരു ഭാഗത്ത് കടലാസ്സില് പൊതിഞ്ഞ് വച്ചിരിക്കുന്നു പടക്കങ്ങളും മറ്റും. ഞാന് പതുക്കെ കൈനീട്ടി. ഭാഗ്യത്തിന് എനിക്ക് കടലാസ്സുപൊതിയില് പിടുത്തം കിട്ടി. ഞാനത് പതുക്കെ വലിച്ചു ജനാലയോട് അടുപ്പിച്ചു. പതുക്കെ കടലാസ്സ് പൊതി തുറന്നു. അതില് നിറയെ പടക്കങ്ങളും മറ്റും. ഞാന് അതില് നിന്നും ഒരെണ്ണം എടുക്കാന് നോക്കിയെങ്കിലും കിട്ടിയില്ല. ഞാന് താഴെ ഇറങ്ങി ജനാല ചാരിയിട്ടു. ചുറ്റും നിരീക്ഷിച്ചു. അവിടെ കിടന്ന ഒരു ബ്ലേഡ് സംഘടിപ്പിച്ചു. വീണ്ടും ജനാല തുറന്നു. പടക്കങ്ങള്‍‌ക്കിടയില് നിന്നും ഒരെണ്ണം അറുത്തെടുത്ത് ( അതിന്റെ തിരിമുറി കുറച്ച് നഷ്ടപ്പെട്ടിരുന്നു.) മറ്റാരും കാണാതെ ഭദ്രമായി അതൊളിപ്പിച്ചുവച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള് പടക്കം പൊട്ടിക്കലെല്ലാം അവസാനിപ്പിച്ച് നിതേഷ് ചേട്ടന് ആ വിറക്, പുറത്ത് കൂട്ടിയിരിക്കുന്ന പുകയുന്നചാരത്തിനടുത്ത് ഉപേക്ഷിച്ചു. നിതേഷ് ചേട്ടന് അവിടെ നിന്നും പോയ ഉടനെ ഞാന് അവിടെ എത്തി ആ വിറകെടുത്തു. ഒപ്പം പടക്കവും. പക്ഷെ അതിലെ തീ അണഞ്ഞുപോയിരുന്നു. പക്ഷെ ചാരത്തില് തീ ഉണ്ടല്ലോ. വിറക് ചാരത്തില് വച്ച് ഊതിയാല് തീകിട്ടും എന്നെനിക്കറിയാമായിരുന്നു. ഞാന് പതുക്കെ ഊതി. നല്ല ചുവന്ന നിറത്തില് അതൊന്ന് ആളി. ഞാന് ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല. ഇതു തന്നെ തക്കം. അതിനായി ഞാന് വിറകെടുത്ത് ചാരത്തില് വച്ചു. പക്ഷേ ചുറ്റും നോക്കുന്നതിനിടയില് ഞാന് വിറകിനു പകരം ചാരത്തില് വച്ചത് ആ പടക്കം ആയിരുന്നു. “ഠോ!” ചാരവും, തീയും, കടലാസ്സ് ചീളുകളും ചുറ്റും തെറിച്ചു. കയ്യിലാകെ ഒരു തരിപ്പ് ചെവിയില് ഒരു മൂളല് മാത്രം. മറ്റൊരു ശബ്ദവും ആ സമയത്ത് എനിക്ക് കേള്‍ക്കാനാവുന്നില്ല. ശബ്ദം കേട്ടുവന്ന നിതേഷ് ചേട്ടനും അമ്മയും എന്തോ ചോദിക്കുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല. അയ്യോ “എന്റെ ചെവി പൊട്ടിപ്പോയേ… എന്റെ ചെവി പൊട്ടിപ്പോയേ” ഞാന് കരഞ്ഞു.ഞാനാകെ വിരണ്ടു പോയിരുന്നു. എന്റെ കരച്ചില് കേട്ട് എല്ലാവരും വന്നു. കാര്യം തിരക്കി. ഞാന് കാര്യം വിവരിച്ചു. അതുകേട്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു. എനിക്കും ആശ്വാസമായി... അടികൊണ്ടില്ലല്ലോ. (ഭാഗ്യത്തിന് അപകടമൊന്നും പറ്റിയിരുന്നില്ല.) കുറച്ചു കഴിഞ്ഞപ്പോല് ചെവിയിലെ മൂളല് മാറി ശരിയായി. പിന്നീട് കുറച്ചു വര്ഷങ്ങള്‍‌ പടക്കം പൊട്ടിക്കാന് തന്നെ എനിക്ക് ഭയമായിരുന്നു. ഇന്നും പടക്കം പൊട്ടിക്കുമ്പോല് ആ തരിപ്പ് കൈയ്യില് അനുഭവപ്പെടാറുണ്ട്

Monday, October 8, 2007

സംഗീത രംഗത്തെ “ജ”,എന്ന വാക്കിന്റെ പ്രാധാന്യം




പ്രിയപ്പെട്ടവരെ,

സംഗീത രംഗത്തെ “ജ” ( in English “J ” & “G”) എന്ന വാക്കിന്റെ പ്രാധാന്യം നിങ്ങള്‍‌ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് താഴെ കൊടുത്തിരിക്കുന്ന ചില പേരുകള്‍‌ ശ്രദ്ധിക്കൂ. മലയാള ചലച്ചിത്ര സംഗീതരംഗത്ത് ആ വാക്കിനുള്ള പ്രാധാന്യം നിങ്ങള്‍‌ക്ക് ഇതില്‍‌ നിന്നും മനസ്സിലാക്കാം. ഇതില്‍‌ പലരും മലയാളികളല്ലെങ്കിലും മലയാള ഗാനങ്ങളിലൂടെ നമുക്ക് സുപരിചിതരാണ്. ( പിന്നെ ഇവിടെ English അക്ഷരങ്ങള്‍‌ക്ക് തല്കാലം പ്രാധാന്യം നല്‍‌കുന്നില്ല. എന്തെന്നാല്‍‌ English ല്‍‌ “ a,e,i,o,u “ വരാത്ത വാക്യങ്ങള്‍‌ അപൂര്‍‌വ്വമാണല്ലോ.)

1 ജി. ദേവരാജന് 1. G. DEVARAJAN
2. കെ. ജെ. യേശുദാസ് 2. K.J. YESUDAS
3. പി. യചന്ദ്രന് 3. P. JAYACHANDRAN
4. എസ്. ജാനകി. 4. S. JANAKI
5. എം.ജി.ശ്രീകുമാര് 5. M.G. SREEKUMAR
6. എം.ജി.രാധാകൃഷ്ണന് 6. M.G.RADHAKRISHNAN
7. സുജാ7. SUJATHA
8. ജി. വേണുഗോപാല് 8. G. VENUGOPAL
9. വാണി യറാം 9. VAANI JAYARAM
10. എം. യചന്ദ്രന് 10. M. JAYACHANDRAN
11. ബാബുരാജ് 11 BABU RAJ
12. മജ്ജരി 12 MANJARI
13. ജോത്സ്യന 13 JYOTHSNA
14. വിയ് യേശുദാസ് 14 VIJAY YESUDAS
15. ബിജു നാരായണന് 15 BIJU NARAYANAN
16. ആശ ജി. മേനോന് 16 ASHA G. MENON
17. ജാനമ്മ ഡേവിഡ്. 17 JANAMMA DEVID
18. ജാസി ഗിഫ്റ്റ് 18 JAASI GIFT
19. ജിക്കി 19 JIKKI
20. എ.എം.രാ. 20 A.M. RAJA
21. ഇളയരാ. 21 ILAYARAJA
22. കെ.ജി.മാര്ക്കോസ് 22 K.G. MARKOSE
23. പെരുമ്പാവൂര് ജി രവീന്ദ്രനാഥ് 23 PERUMBAVOOR G. RAVEENDRANATH
24. രജ്ജിനി ജോസ്. 24 RANJINI JOSE
25. ടി.എസ്. രാധാകൃഷ്ണജി* 25 T.S.RADHAKRISNAJI
26. കണ്ണൂര് രാന് 26 KANNUR RAJAN
27. ജോണ്‍‌സന്‍‌ 27. Johnson
28. യവിയന്‍ 28. Jayavijayan
29. ഹാരിസ് യരാജ് 29. Harris Jayaraj
30. യുവാന്‍‌ ശങ്കരരാ 30. Yuvan Shankararaja
31. കെ. യകുമാര്‍‌31. K. Jayakumar
32. എം.കെ. അര്‍ജ്ജൂനന്
33. മനോജ് കൃഷ്ണന്‍
34. രാജാമണി.
35. അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍
36. സെബാസ്റ്റ്യന്‍ കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍
37. ജെറി അമല്‍ദേവ്
38. എസ്.ജാനകീദേവി. ( ബിച്ചു തിരുമല യുടെ സഹോദരിയും ഗായികയും)
39. ബോംബെ യശ്രീ
40. ജോഷ്വാ ശ്രീധര്‍
41. രാഹുല്‍ രാജ്
42. സുജിത് വാസുദേവ്  (ശരത്)
43.


മുകളിലെ ലിസ്റ്റിലെ പേരുകളില് നിന്നും“ജ”യുടെ പ്രാധാന്യം നിങ്ങല്ക്കു മനസ്സിലായിരിക്കുമല്ലോ ?. ഇതില് ഒരു പേരായ ടി. എസ്സ് രാധാകൃഷ്ണന്‍ – പേര് “ജ” എന്ന അക്ഷരത്തിന്റെ പ്രാധാന്യം നിമിത്തം പേരില് മാറ്റം വരുത്തിയതാണ് എന്നാണറിവ്. . എന്റെ ചെറിയ ഒരു നിരീക്ഷണത്തില് തോന്നിയ കാര്യം നിങ്ങളുടെ മുന്നില് അവതരിപ്പിച്ചു എന്ന് മാത്രം. തെറ്റുകുറ്റങ്ങളും കുറവുകളും പൊറുക്കുക.
താഴെ കൊടുത്തിരിക്കുന്നവരിലും അല്പം സാദ്രശ്ശ്യം ഉണ്ട്. വാക്ക് പക്ഷെ, ക ( K) ആണെന്നു മാത്രം.


1 LATHA MANGESKAR ലത മങ്കേഷ്കര്

2 SREEKUMARAN THAMPI ശ്രീകുമാരന് തമ്പി.
3 K.S. CHITRA കെ. എസ്സ്. ചിത്ര
4 KRISHNACHANDRAN കൃഷ്ണചന്ദ്രന്
5 MADHU BALAKRISHNAN മധു ബാലകൃഷ്ണന്
6 KAVALAM SREEKUMAR കാവാലം ശ്രീകുമാര്
7 KAVALAM NARAYANA PANIKKAR കാവാലം നാരായണപ്പണിക്കര്
8 KAMUKARA PURUSHOTHAMAN കമുകറ പുരുഷോത്തമന്
9 YUSAFALI KECHERI യൂസഫലി കേച്ചേരി.
10 SHIBU CHAKKRAVARTHI ഷിബു ചക്രവര്ത്തി.
11 KUMAR SANU കുമാര് സാനു
12 P.UNNIKRISHANAN പി. ഉണ്ണികൃഷ്ണന്
13 KALAVOOR BALAN കലവൂര് ബാലന്
14 KALLARA GOPAN കല്ലറ ഗോപന്
15 P. BHASKARAN പി. ഭാസ്കരന്
16 CHOVVALLOOR KRISHNANKUTTY ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി.
17. Kaithapram കൈതപ്രം
18. Kaarthik കാര്‍‌ത്തിക്
19. Deepak Dev ദീപക് ദേവ്
20. Alex paul അലക്സ് പോള്‍
21.
ഇവിടെ കൊടുത്തിരിക്കുന്നതിലും കൂടുതല്‍‌ പേര്‍‌ ചിലപ്പോള്‍‌ കണ്ടേക്കാം. വായനക്കാര്‍‌ക്ക് അറിയാവുന്നവ കൂടി കമന്റാ‍യി ചേര്‍‌ക്കുമല്ലോ.
Copy right reserved to author

Monday, October 1, 2007

അയ്യോ … എന്റമ്മേ …ഹൌസാറ്റ് !!!

പണ്ട് ഒരു വേനലവധിക്കാലം . ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഞാന് എന്റെ അടുത്ത സുഹൃത്തായ ജിബീഷിന്റെ വീട്ടിലാണ് അന്ന് കളിക്കാന് പോകാറുള്ളത്. അന്ന അവന്റെ വീട്ടിലാണ് അടുത്ത വീടുകളിലെ കുട്ടിപ്പട്ടാളം മുഴുവന് (ആണ്കുട്ടികളും പെണ്കുട്ടികളും ) കളിക്കാനായി ഒത്തുചേരുക. ചെറിയകുട്ടികള് മുതല് 10ല് പഠിക്കുന്ന കുട്ടികള് വരെ എത്തും കളിക്കാന്.


ചില ദിവസ്സങ്ങളില് ഉച്ചതിരിഞ്ഞ് അടുത്ത വീടുകളിലെ ചേച്ചിമാരും, അമ്മമാരും, അമ്മൂമ്മമാരും ആയി സദസ്സ് കൊഴുക്കും. ഇന്നത്തെപ്പോലെ മലയാളം ചാനലുകള് അന്ന് ഇല്ലാതിരുന്നതിനാലും ( ദൂരദര്‍‌ശ്ശന് മാത്രമേ അന്നുള്ളൂ. അതും വൈകുന്നേരം അഞ്ചേമുപ്പത് മുതല് രാത്രി 8.30 വരെ മാത്രവും) സമയം കളയാന് മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതിരുന്നതിനാലും പരദൂഷണക്കെട്ടഴിക്കാന് നല്ലൊരു കമ്പോളം ആയിരുന്നു അന്ന് അവിടം. (ഇന്നും ആഴ്ചയിലൊരിക്കല് "കുടുംബശ്രീ" എന്ന ഒരു സര്ക്കാര് അംഗീകരിച്ച പരദൂഷണസമിതി ആഴ്ചയിലൊരിക്കല് ചേരലുണ്ടെന്നാണറിവ്- ചെറിയ ഒച്ചയും ബഹളവും ഞായറാഴ്ചകളില് കേല്ള്ക്കാറുള്ളതൊഴിച്ചാല് മറ്റൊരു പ്രവര്ത്തനവും ഇതുവരെ ഞങ്ങളുടെ നാട്ടിലെ ഈ യൂണിറ്റില് നടന്നതായി അറിവില്ല.)


പലസംഘങ്ങളായാണ് ഞങ്ങള് കളിക്കുക. മിക്കവാറും ആണ്കുട്ടികല് 5 മുതല് 10 വരെ ക്ലാസ്സിലുള്ളവര് ഒരു വിഭാഗം. 1 മുതല് 4 വരെ മറ്റൊരു വിഭാഗം . അതിനും താഴെ മറ്റൊരു വിഭാഗം. പെണ്കുട്ടികളിലും ഉണ്ട് ഇത്തരത്തില് ഓരോ വിഭാഗങ്ങല് . കളികളിലുമുണ്ട് തരം തിരിവ്. ആണ്കുട്ടികള് ചെസ്സ്, ക്രിക്കറ്റ്, ഫുട് ബോള്, ടെന്നീസ്, കുട്ടിയും കോലും, ഗോട്ടി, ക്യാരംസ് എന്നിവ കളിക്കുമ്പോല് പെണ്കുട്ടികല് ,കിളിത്തട്ട് കളി, കക്ക കളി, കല്ല് കളി , കള്ളനും പോലീസും എന്നീ വിഭാഗങ്ങളില് ഒതുങ്ങും. (ഇതിലെ കിളിത്തട്ട് കളിക്കും കള്ളനും പോലീസു കളിക്കും സാധാരണ ഞങ്ങള് ആണ്‍‌കുട്ടികളും പങ്കെടുക്കാറുണ്ട്). പിന്നെ, ഇതൊന്നും കൂടാതെ പ്രാദേശികമായ ആറുമാസം, മോതിരം തുടങ്ങിയ കളികളും. (ഇതെല്ലാം മറ്റു സ്ഥലങ്ങളിലുണ്ടോ എന്നറിയില്ല)


പതിവുപോലെ ഞങ്ങള് അന്നും ക്രിക്കറ്റ് തന്നെയാണ് കളിക്കാനായി തിരഞ്ഞെടുത്തത്. പെണ്കുട്ടികല് ഒരു ഭാഗത്ത് കിളിത്തട്ടും കളിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള് ഒരു കുഴപ്പം ഉണ്ട്. 5 മുതല് 10 വരെയുള്ള കുട്ടികളുടെ എണ്ണം 12 ല് താഴെയാണ്. എങ്കിലും 6 പേര് വീതം 2 ടീം ഇടാന് തീരുമാനിച്ചു. പക്ഷെ അന്ന് ഒരാള് കുറവുണ്ട്. ഒരു ടീമില് 6 പേരും മറ്റൊന്നില് 5 പേരുമായി ടീം തീരുമാനിച്ചു. ( അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങളൊന്നും ഞങ്ങളുടെ ക്രിക്കറ്റില് ഇല്ല. മുതിര്ന്ന ആള് പറയുന്നതാണ് നിയമം.)


അപ്പോഴാണ് എന്റെ അനുജന് ( ബൂലോകത്തില് മിക്കവര്‍‌ക്കും സുപരിചിതനായ ശ്രീ തന്നെ.) അവിടെ എത്തിച്ചേരുന്നത്. അന്ന് കക്ഷിക്ക് ക്രിക്കറ്റിലൊന്നും വലിയ താല്പര്യം ഇല്ല. മാത്രമല്ല അവന് അന്ന് 3 ലൊ 4 ലൊ ആണ് പഠിക്കുന്നത്. അതിനാല് 5 മുതല് 10 വരെയുള്ളവരുടെ സംഘത്തില് കക്ഷിയെ ഉള്‍‌പ്പെടുത്തിയിരുന്നും ഇല്ല. അതില് ഞങ്ങളോട് കക്ഷിക്ക് അല്പം നീരസവും ഉണ്ടായിരുന്നു. അവനെ ഞങ്ങളുടെ സംഘത്തില് ചേര്ക്കാതിരുന്നതിനുപിന്നില് എന്റെ കറുത്തകൈകളാണെന്ന് അവന് കരുതിയിരുന്നത്. (എനിക്കും ചെറിയ പങ്കുണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷെ, അവന് ചെറുതായിരുന്നതിനാലും, അവന് കരഞ്ഞാല് അമ്മയുടെ വഴക്ക് ഞാന് കേള്‍‌ക്കേണ്ടിവരുമെന്ന പേടികൊണ്ടും ആയിരുന്നു അത്.) അന്ന് അതിന്റെ ഒരല്പം ദേഷ്യവും അവന് എന്നോടുണ്ടായിരുന്നു. എന്തായാലും എന്റെ കൂട്ടുകാരന് സലീഷ് എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കക്ഷിയെ ഞങ്ങളുടെ ടീമില് ചേര്ത്തു.


അന്ന് കളിക്കാനുണ്ടാകാറുള്ളവരെ നമുക്കൊന്ന് പരിചയപ്പെടാം. സാബു ചേട്ടന് , വസന്തന് ചേട്ടന്, ജിബീഷ്, സലീഷ്, ലതീഷ്, കണ്ണന്, ജയന്, നിതേഷ് ചേട്ടന്, അനിച്ചേട്ടന്, സജി , പിന്നെ ഞാനും, അവസ്സാനം അനിയനും. ഇതില് പലപ്പോഴും എന്തോ അഡ്‌ജസ്റ്റുമെന്റു മൂലം സ്ഥിരമായി സാബുചേട്ടന്, വസന്തന് ചേട്ടന്, അനിച്ചേട്ടന് , സജി , കണ്ണന്, ജയന് എന്നിവര് ഒരു ടീമും, ഞങ്ങള് സലീഷ്, ജിബീഷ്, ലതീഷ്, നിതേഷ് ചേട്ടന്, ഞാനും, അനിയനും എതിര് ടീമും ആയിരിക്കും. മുതിര്ന്നവര് ഭൂരിഭാഗം മറ്റേ ടീമില് ആകയാല് വിജയം പലപ്പോഴും അവര്ക്കായിരിക്കും. പക്ഷേ, വലിയവരുടെ ടീമിനെ ഇടയ്കെല്ലാം തോല്പിക്കുന്നത് ഞങ്ങല്ക്കൊരു ഉത്സവം തന്നെ ആയിരുന്നു. ഇതില് മറ്റൊരുകാര്യം എന്തെന്നാല് ഇരുടീമിലുള്ളവരും ഫീല്ഡ് ചെയ്യാന് നില്കും. ആളെണ്ണം കുറവായതിനാല്.


10 ഓവര് വീതമുള്ള കളിയാണ് അന്ന് ഞങ്ങള് കളിക്കുക. ( 20-20 ക്രിക്കറ്റ് പോലെ) അങ്ങനെ കളിതുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഞങ്ങളെല്ലാം അമ്പതു റണ്‍‌സിനോ മറ്റോ പുറത്തായി .(സ്കോര് ക്രിത്യമായി ഓര്ക്കുന്നില്ല.) രണ്ട്ടാമത് ബാറ്റുചെയ്യുന്നത് വലിയവരുടെ ടീമാണ്. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും നിറഞ്ഞതാണ് കളിസ്ഥലം. ആളെ തിക്യ്ക്കാനായി എടുത്തതു കൊണ്ടും അന്ന് കൂട്ടത്തില് ചെറിയവനായതു കൊണ്ടും അനുജനെ പ്രധാന ഫീല്‍‌ഡിങ്ങ് പൊസിഷനിലൊന്നുമല്ല ഇട്ടിരുന്നത്. ഫില്‍‌ഡിലെങ്കിലും അടുത്തുള്ള ഒരു മരത്തില് ചാരി നില്കയാണ് ആശാന്. ഇടക്ക് സലീഷ് അവനെ സോപ്പിട്ട് പ്രോത്സാഹിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. പക്ഷെ ഇഷ്ടന് ഏതോ ഒരു പാട്ടും മൂളി നില്കയാണ്.


അങ്ങനെ, സലീഷിന്റെയും ജിബീഷിന്റേയും മികച്ച ബൌളിങ്ങില് അവരുടെ 5 വിക്കറ്റുകല് വീണു. ( ആളെണ്ണം കുറവായതിനാല് single batting ആണ് അന്ന് ചെയ്യാറ്- വിക്കറ്റിന്റെ ഒരുവശ്ശത്ത് മാത്രം ബാറ്റ്സ്മാന് ഉള്ള കളി) ഇനി ഒരു വിക്കറ്റ് കൂടി വീണാല് ഞങ്ങല്ക്ക് ജയിക്കാം. പക്ഷേ ഇനിയും ഒരു ഓവര് ബാക്കി ഉണ്ട്. ജയിക്കാന് വേണ്ടത് 10 ല് താഴെ മാത്രം റണ്സും. ബാറ്റുചെയ്യുന്നത് അവരുടെ ക്യാപറ്റന് സാബുചേട്ടനും. അന്ന് ഏറ്റവും നന്നായി കളിക്കുക സാബു ചേട്ടനാണ്. സാബുചേട്ടന് ആദ്യം കളിക്കാനിറങ്ങിയാല് ചിലപ്പോല് മറ്റാര്ക്കും ബാറ്റുചെയ്യാന് സാധിക്കില്ല. അതിനാല് കക്ഷി അവസ്സാനമേ ബാറ്റ് ചെയ്യൂ. സലീഷിന്റെ ആദ്യ് പന്തു തന്നെ കക്ഷി ബൌണ്ടറിയ്ക്കു മുകളിലൂടെ പറത്തി. അവരുടെ ടീം വിജയലഹരിയിലായി. ഇനി ഏതാനും റണ്സ് എടുത്താല് അവര് ജയിക്കും. സലീഷിന്റെ അടുത്തത് ഒരു സ്ലോ ബോല് ആയിരുന്നു. സാബുചേട്ടന് ബാറ്റ് ആഞ്ഞുവീശ്ശി പന്ത് നേരെ പറമ്പിലേയ്ക്ക്. എല്ലാവരും ആകാംക്ഷയോടെ ആ ദിശയിലേയ്ക്ക് നോക്കി. അവിടെ കളിയിലൊന്നും അത്ര ശ്രദ്ധിക്കാതെ ചുറ്റിനും  നോക്കി നില്കയാണ് എന്റെ അനിയന്. അപ്രതീക്ഷിതമായിട്ടാണ് അതു സംഭവിച്ചത്. മൂളിപ്പാട്ടും പാടി മേലോട്ട് നോക്കി നിന്ന അവന്റെ നെഞ്ചിലാണ് ആ പന്ത് വന്ന് വീണത്.


ഹെന്റമ്മേ …’ എന്ന് പറഞ്ഞു കൊണ്ട് അവന് കൈ കൊണ്ട് നെഞ്ചു പൊത്തിപ്പിടിച്ചു.


എന്തു പറ്റിയെന്നറിയാതെ ഞാന് അവനെ പകച്ചു നോക്കി.രണ്ടു നിമിഷത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.

“ഹൌസാറ്റ്…!” സലീഷിന്റെ ഉച്ചത്തിലുള്ള അലര്ച്ച. നോക്കുമ്പോഴതാ പന്ത് അനിയന്റെ കയ്യില് തന്നെയുണ്ട്. “സാബുചേട്ടന് ഔട്ടായേ… നമ്മല് ജയിച്ചേ …” എല്ലാവരും അലറിവിളിച്ചു. സലീഷ് അവനെ ഓടിചെന്ന് കെട്ടിപ്പിടിച്ചു, പൊക്കിയെടുത്തു. ഞങ്ങളുടെ ടീമംഗങ്ങള് മുഴുവനും അവന്റെ ചുറ്റും കൂടി അഭിനന്ദിക്കുമ്പോള് എന്തു പറ്റിയതാണെന്നറിയാതെ മിഴിച്ചു നില്‍‌‌ക്കുകയായിരുന്നു അവന്.


എന്തായാലും ആ ഒരൊറ്റ കളിയോടെ അവനും ഞങ്ങളുടെ സീനിയര് ടീമിലെ സ്ഥിരാംഗമായി. ഭാവിയില് ഞങ്ങളൂടെ മോശമില്ലാത്ത പ്ലെയറുമായി. പിന്നീട് വര്ഷങ്ങള്ക്ക് ശേഷവും അവനെ കാണുമ്പോള് സലീഷ് ഇക്കാര്യം ഓര്മ്മിപ്പിക്കാറുണ്ട്.

© Copy right reserved to author