ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
Sunday, March 15, 2009
ഉണ്ണിക്കണ്ണന്‍
ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
Thursday, July 3, 2008
അമ്പാടിക്കണ്ണന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…(അമ്പാടിക്കണ്ണനെ…)
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…(അമ്പാടിക്കണ്ണനെ…)
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിയെന്നുനിന്നെഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ……(അമ്പാടിക്കണ്ണനെ…)
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന
കൈനീട്ടംനിധിപോലെ കാത്തിടുന്നൂ…
Saturday, March 1, 2008
കണിക്കൊന്ന

Sunday, February 10, 2008
നല്ല ഓര്‍മ്മകള്‍
ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…
വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..
സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..
Thursday, January 10, 2008
കീപ്പറും കള്ളനും
ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ് കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍ വിളി കേള്‍ക്കുന്നതിലും അകലെയായിരുന്നു)
വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)
അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍ അഞ്ചിലും ശ്രീ രണ്ടിലും.
അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)
പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍ ഉറക്കം വരാത്തതിനാല്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസ്സിലായത്)
അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.
ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.
പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.
ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.
അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."
അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.
കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."
അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)
അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.
കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.
Tuesday, January 1, 2008
കെ.ജെ.യേശുദാസ് :മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍- മലയാളികളുടെ സ്വന്തം ദാസേട്ടന്‍

1940 ജനുവരി 10 ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു.
വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്ത്തുന്നു നമ്മുടെ ദാസേട്ടന്‍.
ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.
1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972 ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973 ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി.1989 ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20 ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍ “ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा …” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍ , മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.
© Copy right reserved to the author
Thursday, December 13, 2007
യേശുദേവന്‍

യേശുനാഥന്‍ ഭൂജാതനായ്
മഞ്ഞുപെയ്യും ഡിസംബറില്‍…
പുല്‍ത്തൊഴുത്തില്‍ പുണ്യവാനവന്‍
പാപമേല്‍ക്കാന് ഭൂജാതനായ്…
യേശുദേവാ എന്നാത്മനാഥാ…
പാപമെല്ലാം നീക്കിടൂ…
ത്യാഗിയാം നിന്‍ കാല്പാടുകളേ
ഞങ്ങള്‍ക്കെന്നും വഴികാട്ടൂ...
ത്രാണിയേകൂ ജീവനാഥാ...
പാടിടാം ഒരു സ്തുതിഗീതമിന്ന്
ആടിടാം നമുക്കാനന്ദമോടെ…
മെറീ മെറി മെറീ ക്രിസ്തുമസ്സ്
Blog Archive
About Me
- ഹരിശ്രീ
- ഞാന്‍ ശ്രീജിത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്കടുത്ത് ചെറുവാളൂര്‍ സ്വദേശി. മലയാളമണ്ണിനേയും, മലയാളികളേയും മറ്റെന്തിനേക്കാളും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളി. If you cannot read this blog due to malayalam font problem, please install malayalam font Anjali from here. Thanks! എന്റെ ബ്ലോഗുകള്‍: ശ്രീപദം,ഗാനമലരുകള്‍,ചിത്രവും വിശേഷവും

