Wednesday, May 6, 2009

ഒരു പല്ലെടുക്കല്‍ കഥ

ഈ സംഭവം നടക്കുന്നത് എന്റെ രണ്ടാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്താണ്. (1984-85 കാലഘട്ടം) അന്നെല്ലാം വിഷുവിന്റെ അവധിയ്ക്ക് അമ്മായിയുടെ മൂത്ത മകന്‍ നിതേഷ് ചേട്ടന്‍ വരും. പിന്നെ ഒരു മാസക്കാലം കളിയുടെ ആഘോഷം ആണ്. കളിവീട് കെട്ടാനും, ഒളിച്ചുകളിക്കാനും, മരം കയറാനും, ഊഞ്ഞാല്‍ കെട്ടാനും, ക്രിക്കറ്റ് കളിക്കാനും കുട്ടിയും കോലും കളിയ്ക്കാനുമെല്ലാം (പക്ഷേ, കുട്ടിയും കോലും എന്ന കളിയ്ക്ക് അമ്മ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കളി കുറവായിരുന്നു. അക്കാലത്ത് അമ്മയുടെ വീടിനടുത്തോ മറ്റോ അത് കളിച്ച ഏതോ കുട്ടിയുടെ കണ്ണില്‍ കളിയ്ക്കിടെ കോലു കൊണ്ട് കണ്ണ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് അത് നിരോധിച്ചത്.) മുന്‍പന്തിയില്‍ നിതേഷ് ചേട്ടന്‍ കാണും. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു (ഇന്നും). എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പോഴും കൂടെക്കാണും. അന്ന് എന്റെ അനുജന്‍ (ബ്ലോഗര്‍ ശ്രീ)തീരെ ചെറുതാണ്. അതു കൊണ്ട് ഞങ്ങളുടെ കൂടെ കൂടുന്ന പതിവില്ല.

അന്നൊരു ദിവസം പതിവുപോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേയ്കാനൊരുങ്ങുമ്പോള്‍ താഴത്തെ നിരയിലെ ഒരു പല്ലിന് ഒരു അനക്കം. പല്ലിളകുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ചെറുതായി പേടി തോന്നി. വേഗം പല്ല് തേച്ച് മുഖം കഴുകി യെന്നു വരുത്തി, ഓടി അമ്മയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു “ അമ്മേ, എന്റെ താഴത്തെ നിരയിലെ ഒരു പല്ല് ഇളകുന്നു”.


അമ്മ പതുക്കെ പല്ലില്‍ പിടിച്ചു നോക്കി. ശരിയാണ്, കുറേശ്ശെ അനക്കമുണ്ട്. എന്നിട്ട് പതുക്കെ പല്ലിളക്കി.


“അയ്യോ!!! എനിക്ക് വേദനിക്കുന്നു“. ഞാന്‍ അലറിക്കരഞ്ഞു.


അമ്മ പല്ലില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് ‘ഈ പല്ലുകള്‍ പോയാലും വേറെ നല്ല പല്ലുകള്‍ വരുമെന്നും അപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരനാകുമെന്നുമെല്ലാം നയത്തില്‍ പറഞ്ഞു നോക്കിയെങ്കിലും വേദന തോന്നിയതിനാല്‍ ഞാന്‍ അമ്മയ്ക് പിടികൊടുക്കാതെ അവിടെ നിന്നും മുങ്ങി.


അമ്മ തഞ്ചത്തില്‍ പല്ലു പറിയ്ക്കുന്ന ഡ്യൂട്ടി നിതേഷ് ചേട്ടനെ എല്‍പ്പിച്ചു. കുറെ നേരം കഴിഞ്ഞ് നിതേഷ് ചേട്ടന്‍ എന്റെ അടുത്തു കൂടി. എന്നിട്ട് എന്നോട് ചോദിച്ചു. “ ശ്രീജി, നിന്റെ പല്ല് ഇളകുന്നുണ്ടെന്ന് അമ്മായി പറഞ്ഞു. ഞാന്‍ നോക്കട്ടെ. വേദനിപ്പിക്കാതെ ഞാന്‍ പറിച്ചു കളഞ്ഞു തരാം”.


ഞാന്‍ നിതേഷ് ചേട്ടനെ പല്ല് കാണിച്ച് കൊടുത്തു. നിതേഷ് ചേട്ടന്‍ പതുക്കെ പല്ലില്‍ പിടിച്ച് നോക്കി. “എടാ ഇളകുന്നുണ്ട്. വേഗം പറിച്ചുകളഞ്ഞോ. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വയറ്റില്‍ പോകും. പിന്നെ അത് അവിടെ കിടന്ന് മുളയ്ക്കും. പിന്നെ വായിലൂടെ മരമായി വളരും”. ഇതൊക്കെ കേട്ടതോടെ എന്റെ പകുതി ജീവന്‍ പോയി.


അന്ന് വേദനമൂലം കളികളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഉച്ചക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണം കഴിച്ചത്. അബദ്ധത്തില്‍ പല്ലെങ്ങാന്‍ വയറ്റില്‍ പോയാലോ.നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

അന്ന് വൈകുന്നേരം കൊച്ചമ്മൂമ്മ പതിവില്‍ നിന്നും വ്യത്യസ്തമായി നെയ്യപ്പമാണ് ചായയ്ക് ഉണ്ടാക്കിയത്. ഞാനും കൊതിമൂത്ത് ചൂടോടെ ഒരെണ്ണം എടുത്തു. ഒന്നെടുത്ത് കടിച്ചതും വേദന കൊണ്ട് പുളഞ്ഞു. നാശം പിടിക്കാന്‍!!!. എന്തൊരു വേദന. നെയ്യപ്പം കഴിക്കാനാകാതെ വിഷമം ആയി.

അന്ന് അച്ഛന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ ഞാന്‍ പല്ലിളകിയ കാര്യം അച്ഛനോടും പറഞ്ഞു. അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. ‘എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം’. എനിക്ക് ആശ്വാസം ആയി. ഞാന്‍ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ നിതേഷ് ചേട്ടനോട് സ്വകാര്യം പറഞ്ഞു. “എടാ, ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ സിറിഞ്ച് വച്ച് വായില്‍ കുത്തും”. അത് കേട്ടപ്പോള്‍ എനിയ്ക്ക് പിന്നെയും പേടിയായി. രാത്രി വേദനയും പേടിയും മൂലം ഉറങ്ങിയില്ല. ഉറങ്ങുമ്പോള്‍ പല്ല് എങ്ങാനും ഇളകി വയറ്റില്‍ പോയാലോ.

അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ഒരു തരത്തില്‍ ഞാനും നിതേഷ് ചേട്ടനും ചേര്‍ന്ന് ഡോക്ടറുടെ അടുത്ത് പോകുന്നതില്‍ നിന്നും ഒഴിവായി. പക്ഷേ അതു കാരണം അന്ന് എല്ലാവര്‍ക്കും പ്രധാന ജോലി എന്റെ പല്ല് ഇളക്കുന്നതായിരുന്നു. അന്ന്‍ അച്ഛമ്മയുടെ അനിയത്തി മൂത്തകുന്നത്തെ അമ്മൂമ്മ ഞങ്ങളുടെ വീട്ടില്‍ എത്തി. ഇടക്കിടെ ആ അമ്മൂമ്മ വിരുന്നിന് വരാറുണ്ട്. വന്നാല്‍ ഒന്ന് രണ്ടാഴ്ച വീട്ടില്‍ കാണും.അവിവാഹിതയായ ആ അമ്മൂമ്മയ്ക്ക് ഞങ്ങള്‍ കുട്ടികളെ വലിയ സ്നേഹമായിരുന്നു.

അന്ന് ആ അമ്മൂമ്മ വരുമ്പോള്‍ എല്ലാവരും കൂടി ഇരുന്ന് എന്റെ പല്ല് പിടിച്ച് ഇളക്കുകയും ഞാന്‍ വേദനകൊണ്ട് കരയുകയുമായിരുന്നു. ഇതു കണ്ട് എന്റെ പല്ലു പറിയ്ക്കുന്ന ദൌത്യം ആ അമ്മൂമ്മ ഏറ്റെടുത്തു. വേദനിപ്പിയ്ക്കാതെ പല്ലെടുക്കാന്‍ താന്‍ വിദഗ്ദയാണെന്നും മറ്റെല്ലാവരും മാറിക്കോളാനും പറഞ്ഞതു കേട്ട് കൂടി നിന്ന എല്ലാവരും പിരിഞ്ഞുപോയി. എനിയ്ക്കും ആശ്വാസമായി.


അന്ന് ഉച്ചയ്ക് ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്. ഞാന്‍ മുറ്റത്ത് എന്തോ കളിയിലും. ഏതാണ്ട് നാലുമണി ആയിക്കാണും. അച്ഛമ്മൂമ്മയും, മൂത്തകുന്നത്തെ അമ്മൂമ്മയും,കൊച്ചമ്മൂമ്മയും, നിതേഷ് ചേട്ടനും എന്റെ അടുത്ത് എത്തി. ആ അമ്മൂമ്മ എന്നെ വിളിച്ച് കൊണ്ടുപോയി വാഴയുടെ വിരിഞ്ഞ കുടപ്പനില്‍ നിന്നും പൂനുള്ളി അതിന്റെ തേന്‍ എനിക്ക് തന്നു. എനിക്ക് സന്തോഷമായി. എന്നിട്ട് അമ്മൂമ്മയുടെ കയ്യില്‍ പല്ല് പറിയ്കാന്‍ ഒരു സൂത്രവിദ്യ ഉണ്ടെന്നും മറ്റും പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി. അപ്പോഴേയ്ക്കും അച്ഛമ്മയും, നിതേഷ് ചേട്ടനും സൂത്രത്തില്‍ എന്റെ ചുറ്റും കൂടി. മൂത്തകുന്നത്തെ അമ്മൂമ്മ വാ തുറക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വാ തുറന്നു കാണിച്ച് കൊടുത്തു. കുറച്ചു ദൂരെ മാറി അമ്മ നില്‍ക്കുന്നുണ്ട്. എന്റെ സങ്കടവും കരച്ചിലും കണ്ടിട്ട് അമ്മയ്ക് വിഷമം കൊണ്ട് മാറി നില്‍ക്കുകയായിരുന്നു. കാരണം അമ്മയെ കാണുമ്പോള്‍ ഞാന്‍ സങ്കടം കൊണ്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നു.

ആ അമ്മൂമ്മ ചകിരിയുടെ ഒരു നാരെടുത്ത് അതില്‍ ചെറിയൊരു കുടുക്കുണ്ടാക്കി. എന്നിട്ട് എന്റെ പല്ലില്‍ ആ കുടുക്കിട്ടു. എന്നോട് അമ്മൂമ്മയുടെ മടിയില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ കിടന്നുതും എന്റെ കാലിലും കൈകളിലും പിടി വീണു. നിതേഷ് ചേട്ടനും, കൊച്ചമ്മൂമ്മയും, അച്ഛമ്മയും ആയിരുന്നു അത്. അതിനൊപ്പം തന്നെ മൂത്തകുന്നത്തെ അമ്മൂമ്മ നാരില്‍ പിടിച്ച് ശക്തമായ പല്ലിളക്കല്‍ ആരംഭിച്ചിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചിലും കുതറലും വക വയ്ക്കാതെ കുറേ നേരം നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ അവരുടെ ശ്രമം വിജയം കണ്ടു. നാരിന്റെ തുമ്പത്ത് പല്ല് കിടന്ന് ആടുന്നു.

വേദനകൊണ്ട് ഞാന്‍ ശരിക്കും അണക്കുന്നുണ്ടായിരുന്നു. വായില്‍ ആകെ ചോരയുടെ ഉപ്പുരസം. നന്നായി വേദനിച്ചെങ്കിലും ഇഞ്ചക്ഷനില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു എനിക്ക്.

അച്ഛമ്മ പല്ലെടുത്ത് ചാണകത്തില്‍ പൊതിഞ്ഞ് “ പാല്‍പ്പല്ല് പോയി കീരിപ്പല്ല് വാ” എന്നോ മറ്റോ പറഞ്ഞ് അത് വീടിന്റെ ഓടിനു മുകളിലേക്ക് ഒരേറു വച്ചുകൊടുത്തു.

അവര്‍ എന്നെ എടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി വായയും മുഖവും കഴുകിച്ചു. വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.

എനിയ്ക്ക് പിന്നെയും പേടിയായി. ഞാന്‍ കരഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മയ്ക്കും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അമ്മയും തലേന്നാള്‍ രാവിലെ അത് തൊട്ടുനോക്കിയതാണല്ലോ. അമ്മയ്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇളകാത്തപല്ല പറിച്ചതിന്. എന്നാലും, ‘സാരമില്ല എന്നായാലും ആ പല്ലും ഇളകി പോകാന് ഉള്ളതല്ലേ’ എന്നെല്ലാം പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു.


കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് ശക്തമായ തലവേദന തുടങ്ങി. അന്ന് രാത്രി ഞാന്‍ പനിച്ച് വിറച്ചു.

പിറ്റേന്ന് രാവിലെയും ഞാന്‍ കിടപ്പ് തന്നെ ആണ്. വിവരമറിഞ്ഞ് അമ്മൂമ്മമാര്‍ക്കും നിതേഷ് ചേട്ടനും വിഷമമായി, ഒപ്പം കുറ്റബോധവും. പക്ഷേ, അന്ന് രാവിലെ പലഹാ‍രം കഴിക്കാന്‍ പറ്റാത്ത വിഷമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. പല്ല് ഇളക്കി കളഞ്ഞിട്ട് നെയ്യപ്പം തിന്നണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ നശിച്ച പനി പിടിച്ചത്. ഇനി പനിമാറാതെ രക്ഷയില്ലല്ലോ.

അന്നെനിക്ക് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ തന്നത് റസ്ക് ആയിരുന്നു. ഞാന്‍ ചായയില്‍ മുക്കി റസ്ക് എടുത്ത് ഒരു കടി. “ ക്ടിം” എന്നൊരു ശബ്ദം കേട്ടു. റസ്കിന്റെ കഷ്ണത്തിനൊപ്പം വായില്‍ എന്തോ തടയുന്നു. വായില്‍ ചെറിയൊരു ചവര്‍പ്പു രസം. പതുക്കെ കടിച്ചു നോക്കി. നല്ല ബലമുള്ള എന്തോ ഒന്ന്. ഞാന്‍ അത് പുറത്തെടുത്തു. ഞാന്‍ അത് കണ്ട് ശരിക്കും ആശ്ചര്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ വേദനിപ്പിച്ച് എല്ലാവരേയും പറ്റിച്ച് ഇളകി നിന്ന ആ പല്ല് ആയിരുന്നു അത്. പക്ഷേ എനിക്ക് ഒട്ടും വേദന തോന്നിയില്ല. ഞാന്‍ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സംഭവമറിഞ്ഞ് അമ്മയും അമ്മൂമ്മമാരും നിതേഷ് ചേട്ടനും ഓടിവന്നു. എല്ലാവരും അത് കണ്ട് ചിരിച്ചു പോയി ...

ഇപ്പോള്‍ അതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒത്തിരി പിന്നിട്ടു. അന്ന് പല്ലെടുത്ത മൂത്തകുന്നത്തെ അമ്മൂമ്മയും, അച്ഛമ്മയും, കൊച്ചമ്മൂമ്മയും ഇന്നീ ലോകത്തില്ല. പക്ഷേ, ഇന്ന് ആരുടെ പല്ലെടുക്കുന്ന കാര്യം പറഞ്ഞു കേള്‍ക്കുമ്പോഴും ഞാനറിയാതെ ആ പല്ല്ല് നിന്ന ഭാഗത്ത് ഇപ്പോഴുള്ള പല്ലിനെ നാവു കൊണ്ടൊന്നു തഴുകി നോക്കാറുണ്ട്...
  

Sunday, March 15, 2009

ഉണ്ണിക്കണ്ണന്‍

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍… വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്‍
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ… മീനത്തില്‍ ചോതി നാള്‍ ഉത്സവകൊടിയേറ്റം ഉത്രാടം നാളിലോ തിരുവുത്സവം… തിരുവോണം നാളിലായ് ആറാടും ഭഗവാന്‍ അമ്പാടിക്കണ്ണനാം ശ്രീകൃഷ്ണ ഭഗവാന്‍ ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര് വാഴും ശ്രീകൃഷ്ണാ ഹരേ…
വ്രതവും നോറ്റെത്തുന്ന ഭക്തര്‍‌ക്കു നല്‍‌കും വരമായിട്ടെന്തും ഉണ്ണിക്കണ്ണന്‍… ഒരു താലം പൂക്കളും ഒരു കുമ്പിള്‍ വെണ്ണയും ഭഗവാന് നേദിച്ചനുഗ്രഹം നേടൂ… ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…

Thursday, July 3, 2008

അമ്പാടിക്കണ്ണന്‍




അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ...
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…(അമ്പാടിക്കണ്ണനെ…)

അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…(അമ്പാടിക്കണ്ണനെ…)

ഒരുവട്ടം തൊഴുതിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിയെന്നുനിന്നെഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ……(അമ്പാടിക്കണ്ണനെ…)

ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന
കൈനീട്ടംനിധിപോലെ കാത്തിടുന്നൂ…
 ഞാന്‍ നിധിപോലെ ഇന്നുംകാത്തിടുന്നൂ………(അമ്പാടിക്കണ്ണനെ…)



...






ഈ ഭക്തിഗാനം പണിക്കര്‍ സാര്‍ ഇന്ത്യഹെറിറ്റേജ് എന്ന ബ്ലോഗില്‍ ഈണമിട്ട് ആലപിച്ചിരിയ്കുന്നു...

Saturday, March 1, 2008

കണിക്കൊന്ന

കണ്ണന്റെ  അരയിലെ കിങ്ങിണി പോലെ
   പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം.
 
 
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്‍
ഏവരും നിന്നില്‍ ലയിച്ചുനില്‍കും
എല്ലാം മറന്നുമയങ്ങിനില്ക്കും.
 
 
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്‍കും.
കണ്ണിമചിമ്മാതെ കണികണ്ടുനില്‍കുമ്പോള്‍
നിന്നെ മറക്കാ‍തെ ഓര്‍ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്‍ത്തുവയ്കും
 
 



Sunday, February 10, 2008

നല്ല ഓര്‍മ്മകള്‍




ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..

സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..

Thursday, January 10, 2008

കീപ്പറും കള്ളനും

ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ്‌ കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍‌വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍‌ വിളി കേള്‍‌ക്കുന്നതിലും അകലെയായിരുന്നു)

വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)

അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍‌ പങ്കെടുക്കാന്‍‌ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍‌ അഞ്ചിലും ശ്രീ രണ്ടിലും.

അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍‌ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍‌ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍‌ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍‌ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍‌ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)

പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍‌ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍‌ ഉറക്കം വരാത്തതിനാല്‍‌ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍‌ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍‌ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍‌ക്ക് പിന്നീടാണ് മനസ്സിലായത്)

അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍‌മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.

ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍‌ കുട്ടികള്‍‌ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.

ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.

അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."

അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.

കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."

അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍‌ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)

അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍‌വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.

കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.

Tuesday, January 1, 2008

കെ.ജെ.യേശുദാസ് :മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍- മലയാളികളുടെ സ്വന്തം ദാസേട്ടന്‍



മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസിന്  (K.J. YESUDAS) ഈ വരുന്ന 2008 ജനുവരി 10 ന് 68 വയസ്സ് തികയുന്നു. 68 ആം വയസ്സിലും ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2007 പ്രശസ്തഗായകര്‍ക്കെല്ലാം ഗാനങ്ങള്‍ കുറവായ ഒരു വര്‍ഷമായിരുന്നു. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ച ഒരു വര്‍ഷവുമാണ്. എങ്കിലും യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും മികവു പുലര്‍ത്തി.



1940 ജനുവരി 10 ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു.




വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്രപിന്നണിഗാനരംഗത്ത് ഹരിശ്രീകുറിച്ച അദ്ദേഹത്തിന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന്‍ കഴിഞ്ഞതാണ്‍ അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം. പ്രശസ്തസംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാര് ,ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന്‍ മികവേകി.



സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്ത്തുന്നു നമ്മുടെ ദാസേട്ടന്‍.



ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.




വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.



1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972 ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973 ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി.1989 ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20 ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍ “ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा …” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍ , മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.



സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.

© Copy right reserved to the author

ചിത്രത്തിന് കടപ്പാട് : www.yesudas.com