Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം .

പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.

ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.

അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.

രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്.

മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്.

(വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.)

മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും.

ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും.

ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല.

ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി.

ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും.

ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്.

തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു.

അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.)
കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്.
© Copy right reserved to author

Sunday, November 11, 2007

തത്ത്വമസ്സി


മണ്ഡലമാസ്സം വീണ്ടും വന്നെത്തുകയായി. ഇനിയുള്ള രണ്ടുമാസക്കാലം ഭക്തിയുടെ, വ്രതശുദ്ധിയുടെ മാസങ്ങള്‍. മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍‍ തന്ന പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശ്ശനങ്ങള്‍‍ക്കും നന്ദി. മനസ്സില്‍ തെളിഞ്ഞ ഭക്തിസാന്ദ്രമായ ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു… സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….
ഈ ഗാനം ഇന്ത്യഹെറിറ്റേജില്‍ പണിക്കര്‍ സാര്‍ ആലപിച്ചീരിയ്കുന്നു..
© Copy right reserved to author

Friday, November 2, 2007

ട്യൂഷന് സെന്ററിലെ “തെറ്റിദ്ധാരണ“.

ഞാ‍നും എന്റെ പ്രിയ സ്നേഹിതന്‍ ജിബീഷും ചെറിയൊരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന കാലം. (ഞങ്ങള്‍ ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കുന്നത് പി.ജി.യ്ക് പഠിയ്ക്കുന്ന സമയത്ത് 1999 ല്‍ ആണ്.) വെറും ഒരു തമാശയ്ക് തുടങ്ങിയതാണ് ഞങ്ങളുടെ “ഹരിശ്രീ ട്യൂഷന്‍ സെന്റര്‍“ എങ്കിലും സംഗതി വിജയകരമായിരുന്നു. രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു ഞങ്ങള്‍ ട്യൂഷന്‍ എടുത്തിരുന്നത്. 8,9,10,+1,+2 ക്ലാസുകള്‍ക്ക് മാത്രമായിരുന്നു അന്ന് ട്യൂഷന്.(പിന്നീട് Degree,Entrance ക്ലാസുകള്‍ക്കും കൂടി ആക്കി) ഹൈസ്കൂള്‍ ക്ലാസ്സില്‍ Mathamatics, English എന്നിവയും +1,+2, ക്ലാസുകളില്‍ Accountancy, Costing , Mathamatics എന്നിവയും ആയിരുന്നു ട്യൂഷന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍)ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങള്‍‍ക്ക് പ്രചോദനമായത്.


ജിബീഷിന്റെ വീടിനു പുറകില്‍ ചെറിയൊരു ഷെഡു കെട്ടിയാണ് ട്യൂഷന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 സ്റ്റാര്‍ന്റേര്‍ഡിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. 10ലെ ആദ്യ ബാച്ചില്‍ 2 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. (അക്കാ‍ലത്ത് നാട്ടില്‍ ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ മാഷ് നടത്തുന്ന ട്യൂഷന്‍ സെന്റ്ററിനാണ് ഏറ്റവും പേര്. കുട്ടികളും കൂടുതല്‍ അവിടെ ആയിരുന്നു. അതുപോലെ ഒന്ന് രണ്ട് മറ്റ് ട്യൂഷന്‍ ക്ലാസുകളും നാട്ടില്‍ ഉണ്ടായിരുന്നു.) അതുകൊണ്ടുതന്നെ എല്ലാവരും ഒഴിവാക്കുന്ന വളരെ താഴ്ന്ന പഠന നിലവാരത്തിലുള്ള കുട്ടികളെ ആണ്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ തോറ്റിരുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും. അവരുടെ കുറവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്ലാസ്സെടുക്കാന്‍ ഞങ്ങളിരുവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. മാത്രമല്ല ട്യൂഷന്‍ സെന്റര്‍ വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും. ഞങ്ങളുടെ ആ ശ്രമം വിജയം കണ്ടു.

ക്രിസ്തുമസ്സ് പരീക്ഷയ്ക് കുട്ടികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാത്രമല്ല കുട്ടികളുടെ പഠന‍ നിലവാരം ഉയര്‍ന്നു വന്നു. ആവര്‍ഷം വര്‍ഷാന്ത്യപരീക്ഷാഫലം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടികളില്‍ എല്ലാവരും പാസ്സായി.100% വിജയം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സും, പത്തോളം പേര്‍ക്ക് സെക്കന്റ്ഡ് ക്ലാസും, മറ്റുള്ളവര്‍ക്ക് പാസ്സ് മാര്‍ക്കും കിട്ടി.

പഠനത്തില്‍ മോശമായിരുന്ന കുട്ടികളെ ജയിപ്പിക്കാനായത് നാട്ടില്‍ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്‍ നല്ല പേര്‍ ഉണ്ടാകുന്നതിന്‍ സഹായകമായി. അതുമൂലം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. ചില ക്ലാസ്സുകളില്‍ (പ്രത്യേകിച്ച് 10ആം ക്ലാസ്സ്) കുട്ടികളുടെ എണ്ണം കൂടിയതിനാലും സ്ഥലപരിമിതിയും മൂലം ട്യൂഷന്‍ തിരക്കിവന്നകുട്ടികളെ നിരാശരാക്കി മടക്കിഅയയ്കേണ്ടിയും വന്നു. (സ്ഥലമില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ ഒരു നമ്പര്‍ ഇട്ടു. “ഒരു ക്ലാസ്സില്‍ പരമാവധി 30 കുട്ടികള്‍‍ക്കേ ക്ലാസ്സ് എടുക്കൂ. അല്ലെങ്കില്‍ ഓരോകുട്ടിയേയും ശ്രദ്ധിക്കാനാവില്ല എന്നും” ഞങ്ങള്‍ തട്ടി വിട്ടു. ഇതു ഞങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെന്നതാണ്‍ സത്യം. പിന്നീടുള്ള വര്‍ഷം മെയ് മാസം ട്യൂഷന്‍ ആരംഭിയ്കുന്നതിനുമുന്പേ കുട്ടികളുടെ രക്ഷിതാക്കള്‍‍ ബുക്ക് ചെയ്തിടും. ) ഒന്നു രണ്ട് വര്ഷങ്ങള്‍ക്കുള്ളില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 150 ഓളമായി ഉയര്‍ന്നു.

ആയിടയ്കാണ്‍ ഞങ്ങളുടെ ഒരു പഴയ സ്കൂള്‍ അദ്ധ്യാപികയുടെ മകള്‍ അവിടെ +2 വിന് ട്യൂഷന്‍ വന്നു ചേരുന്നത്. ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു. മറ്റെല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ പാസ്സാകാറുണ്ടെന്ന് കുട്ടികള് പറഞ്ഞ് അറിഞ്ഞിരുന്നു.
പലപ്പോഴും Mathamatics ക്ലാസ്സെടുക്കുമ്പോള്‍ ഓരോ മണ്ടന്‍ സംശയങ്ങളുമായി ഈകുട്ടി എഴുന്നേറ്റു നില്‍കാറുള്ള കാര്യം എന്റെ സ്നേഹിതന്‍ എന്നോട് പറയാറുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലും Mathamatics ലെ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഈ കുട്ടി കാത്തു നില്കും. അവയെല്ലാം എന്റെ സ്നേഹിതന്‍ പരിഹരിച്ചു കൊടുക്കും. പക്ഷേ ആ കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഉള്ളതായി പലപ്പോഴും അവനെന്നോട് പറയാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധതന്നിലേക്ക് ആകര്ഷിക്കുവാനെന്നവണ്ണം ചോദ്യങ്ങള്‍ ചോദിയ്കുന്ന പോലെ. അവന്‍ പറയും ആകുട്ടിയ്ക് എന്തോ ഒരു Spelling Mistake ഉണ്ടെന്ന്.


ആവര്ഷം +2 വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ആകുട്ടിമാത്രം തോറ്റു. അതും Mathamatics ന്‍. അവനും വല്ലാത്ത വിഷമമായി കാരണം മറ്റെല്ലാകുട്ടികളേയും വിജയിപ്പിയ്കാനായിട്ടും ഞങ്ങളുടെ പഴയ അദ്ധ്യാപികയുടെ മകളെ വിജയിപ്പിക്കാനായില്ലല്ലോ .

ഏതാനും ദിവസങ്ങല്‍ കഴിഞ്ഞു ടീച്ചര്‍ ജിബീഷിനെ വിളിച്ചു. മകളെ SAY പരീക്ഷയ്ക് എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നും അതിനായി ആകുട്ടിയ്ക് ഒരിയ്കല് കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്നും പറയാനാണ് ടീച്ചര്‍ അവനെ വിളിച്ചത്. തോറ്റകുട്ടികള്‍ക്ക് അന്ന് ഞങ്ങല്‍ അന്ന് ക്ലാസ്സെടുക്കുന്നില്ല. നന്നായി പഠിയ്കുന്നവരും, പഠനത്തില്‍ മോശമായവരും എല്ലാം അവിടെ ട്യൂഷന്‍ വന്നിരുന്നെങ്കിലും ഞങ്ങല്‍ ട്യൂഷനെടുത്ത ഭൂരിഭാഗം കുട്ടികളും വിജയിച്ചിട്ടേയുള്ളൂ. മാത്രമല്ല അന്ന് ഞങ്ങള്‍ രണ്ടുപേര്‍ ജോലി ലഭിച്ചതിനാല്‍ വേണ്ടത്ര സമയം കിട്ടാറുമില്ല. എങ്കിലും ടീച്ചറുടെ നിര്ബന്ധത്തിന്‍ വഴങ്ങി മനസ്സില്ലാമനസ്സോടെ അവന് ക്ലാസ്സ് എടുക്കാമെന്നേറ്റു.

Examination വരുന്നതും മറ്റുമായ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് അവ ആകുട്ടിയെ പഠിപ്പിക്കാന്‍ ജിബീഷ് ശ്രദ്ധിച്ചു. . ആകുട്ടി ശ്രദ്ധാപൂര്‍വ്വം അവയെല്ലാം പഠിച്ചെടുത്തു. അങ്ങനെ Examination അടുത്തിരിയ്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് തീര്‍ന്നപ്പോല്‍ ആകുട്ടി ചെറിയൊരു നാണത്തോടെ ഒരു കവര്‍ നീട്ടിക്കൊണ്ട് ജിബീഷിനോട് പറഞ്ഞു. “ മാഷേ, ഈ കവര്‍ ഞാന്‍ പോയതിനു ശേഷം മാത്രമേ പൊട്ടിയ്കാവൂ “. ജിബീഷ് ഒന്നു ഞെട്ടി. അവന്‍ അതു കൈപ്പറ്റാതെ പറഞ്ഞു. “ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “


അവസ്സാനം ആ കുട്ടി ആ കവര്‍ ടേബിളില്‍ വച്ച് സൈക്കിളുമെടുത്ത് വേഗം പോയി. (ട്യൂഷനെല്ലാം തീര്ന്നാല്‍ വൈകുന്നേരങ്ങളില്‍ ഞാനും ജിബീഷും ആ ട്യൂഷന് ക്ലാസ്സില്‍ സംസാരിച്ചിരിയ്ക്കുന്ന ഒരു പതിവുണ്ട്.) പക്ഷേ അന്ന് അവന്‍ എന്നെ വളരെ നേരത്തെ വിളിയ്കുന്നത് കേട്ട് ഞാന്‍ അവിടെ എത്തി കാര്യം തിരക്കി. അവന്‍ ആ കവര്‍ എന്നെ കാണിച്ചു, അധികം ഭാരമില്ലാത്ത ഒരു വെളുത്ത കവര്‍ . അതിന്റെ ഉള്ളില്‍ കടലാസ്സില്‍ എഴുതിയ എന്തോ ഒരു കുറിപ്പ് അവ്യക്തമായി കാണാം. ഞാന്‍ പതുക്കെ ആ കവര്‍ പൊട്ടിച്ചു. അതില്‍ ഒരു ചെറിയ കടലാസും മറ്റൊരു ചെറിയ കവറും. ജിബീഷ് എന്നോട് ചേര്‍ന്ന് ഇരുന്നു. ഞങ്ങല്‍ ഇരുവരും ആ കുറിപ്പ് വായിച്ചു.

അതില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. “ ജിബീഷ് മോള്‍ക്ക് ഇത്രനാളും ട്യൂഷന്‍ എടുത്ത് തന്നതിന് വളരെ നന്ദി. അവള്‍ക്കിപ്പോള്‍ Mathamatics ലെ ബുദ്ധിമുട്ടുകള്‍‍ മാറിയെന്ന് പറഞ്ഞു. ജയിയ്കാനാകുമെന്ന് ആത്മവിശ്വാസവും ഉള്ളതായി അവളെന്നോട് പറഞ്ഞു. ഇതിനൊപ്പമുള്ള കവറില്‍ 1000 രൂപയും കൊടുത്തുവിടുന്നു. നിങ്ങളുടെ ട്യൂഷന്‍ സെന്ററിന് എന്റ്റെ എല്ലാവിധ ആശംസകളും നേരുന്നു.”

വായിച്ചു തീര്‍ന്നതും ജിബീഷ് ചെറിയൊരു ചമ്മലോടെ ജിബീഷ് ഒരു ദീര്‍ഘനിശ്വാസം വിട്ടു.(അവന്‍ ആ കുട്ടിയെ ശരിയ്കും തെറ്റിദ്ധരിച്ചിരുന്നു. കാരണം മറ്റെല്ലാ വിഷയങ്ങളും നന്നായി പഠിയ്കുന്ന ഈ കുട്ടി കണക്കില്‍ മാത്രം പരാജയപ്പെടുക. എന്നിട്ട് വീണ്ടും ട്യൂഷന് വരുക. ക്ലാസ്സില്‍ ഓരോ വികൃതി ചോദ്യങ്ങള്‍‍ ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആ‍കര്‍ഷിപ്പിയ്ക്കാന്‍ ശ്രമിയ്കുക. ഇതെല്ലാം അവനെ ശരിയ്കും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.)


ഇപ്പോഴും ഞങ്ങളുടെ ആ ട്യൂഷന്‍ സെന്റ്റര്‍ നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്കുന്നു.

© Copy right reserved to author