Saturday, August 2, 2014

ഓണം : ഓണസ്മൃതികള്‍


          ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷമല്ല, മലയാളത്തനിമ നിറഞ്ഞ ജാതിമതഭേദങ്ങളില്ലാതെ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം കൂടിയാണ്. ഗൃഹാതുരത ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന ഒരാഘോഷംപൂക്കളുടേയും, പുന്നെല്ലിന്റേയും, പൂമ്പാറ്റകളുടേയും, പുലരിയുടേയും, കാര്‍ഷിക വിളവെടുപ്പിന്റേയും ഉത്സവം അതാണ് ഓണംകേരളത്തിന്റെ ദേശീയ ഉത്സവം...
അന്നും ഇന്നും ഓണം എനിക്ക് പ്രിയപ്പെട്ട ഒരു ഉത്സവമാണ്. ഓണത്തിന് വളരെ മുന്‍പേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കര്‍ക്കിടമാസത്തിലെ അവസാനനാളുകളില്‍ ഏതെങ്കിലും ഒരു നാള്‍ രാത്രി പാടാന്‍ വരും. പഞ്ഞം പാടുക എന്നാണ് അതിനെ പറയുക. അവര്‍ക്ക് ധാന്യങ്ങളും,പച്ചക്കറികള്‍, നാളികേരം എന്നിവ സമ്മാനമായി നല്‍കും. പിന്നീട് ഒരിക്കല്‍ കൂടി അവര്‍ പാടാന്‍ വരും; അത് തിരുവോണത്തിന് ശേഷമുള്ള ഓണനാളുകളില്‍ തന്നെ ആകും പതിവ്. അതിന് അവര്‍ പകലാണ് വരുക. അപ്പോള്‍ അവര്‍ക്ക് പണവും, ധാന്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. (ഇന്ന് ഇത്തരത്തില്‍ പാടാന്‍ ആളില്ലാത്തതിനാല്‍ ഈ ചടങ്ങുകള്‍ ഇല്ലാതായിപ്പോയിരിയ്കുന്നു.) കുട്ടിക്കാലത്ത് സ്കൂളിലെ ഓണപ്പരീക്ഷയുടെ തിരക്കിനിടയിലും പൂക്കളം ഇടാനും പൂ പറിയ്കാനും ഞങ്ങള്‍ സമയം കണ്ടെത്താറുണ്ട്. ഞാനും , അനിയനും, എന്റെ സുഹൃത്തുക്കളും, അടുത്തവീടുകളിലെ കുട്ടികളും എല്ലാം ചേര്‍ന്ന് പുലരുമ്പോഴേ പൂ പറിയ്കാന്‍ പുറപ്പെടും. ചെറിയ കുറ്റിക്കാട്ടിലും, പാടത്തും പറമ്പിലും എല്ലാം നടന്ന് കൈ നിറയെ പൂ പറിയ്കും.
വേലിപ്പടര്‍പ്പില്‍ കാണുന്ന സുന്ദരിപ്പൂവും, കോളാമ്പിപ്പൂവും, ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, മന്ദാരം, എന്നിവയെല്ലാം പൂക്കളത്തിലെ പ്രധാന വിഭവങ്ങള്‍ ആണ്. നുള്ളിയെടുക്കാന്‍ പ്രയാസമാണെങ്കിലും വെളുത്ത തുമ്പപ്പൂവും, സ്വര്‍ണ്ണനിറത്തിലുള്ള മുക്കുറ്റിപ്പൂവും പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു അക്കാലത്ത്. ചെറിയ ചേമ്പിയലില്‍ ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം മുക്കുറ്റിപ്പൂവും, തുമ്പപ്പൂവും പറിച്ചെടുക്കും.

(അതിന്റെ ഇലകളും തണ്ടും ചേര്‍ന്ന തുമ്പക്കുടം അന്ന് ഉത്രാടദിവസം മാത്രമേ പറിച്ചെടുക്കൂ. അന്നൊക്കെ പ്രായമായവര്‍ പറയും " മക്കളേ ഓണം കൊള്ളാന്‍ തുമ്പക്കുടം വേണം. നിങ്ങള്‍ അവ നേരത്തെ പറിച്ചെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് കളത്തിലിടാന്‍ പൂക്കള്‍ കിട്ടില്ല. " അവര്‍ അത് പറയുമെങ്കിലും പലപ്പോഴും അതൊന്നും ആരും ശ്രദ്ധീക്കാറില്ല. ഫലത്തില്‍ തുമ്പക്കുടം പറിച്ചെടുത്ത് എളുപ്പത്തില്‍ പൂക്കള്‍ പറിക്കും. പലപ്പോഴും ആ ചെടികള്‍ നശിച്ചുപോവുകയാണ് പതിവ് (അപൂര്‍വ്വം ചിലത് വീണ്ടും കിളിര്‍ക്കും) . ചെടികള്‍ നശിക്കാതിരിയ്ക്കാനും കൂടിയാണ് അന്നവര്‍ അങ്ങനെ പറഞ്ഞത് എന്ന് ഇന്നാണ് ബോധ്യമാകുന്നത്. ഇന്ന് ഇത്തരം ചെടികള്‍ പലതും നാമമാത്രമായിരിയ്കുന്നു. )
 
           പൂക്കളം ഒരുക്കുന്നത് അന്ന് ഞങ്ങള്‍ക്കൊരു മത്സരം പോലെ ആയിരുന്നു. കുളിച്ച് ശുദ്ധിയായി ഓരോ വീട്ടിലും വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് പൂക്കളം ഒരുക്കും. അടുത്ത വീടുകളിലെ പൂക്കളങ്ങള്‍ ഓരോ ദിവസവും പരസ്പരം നിരീക്ഷിക്കും അഭിപ്രായം അറിയിയ്ക്കും. അതു കൊണ്ട് തന്നെ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട പൂക്കളങ്ങള്‍ ഒരുക്കാന്‍ ഓരോ വീട്ടുകാരും ശ്രദ്ധിച്ചിരുന്നു. വീടിനു മുന്നിലെ പൂക്കളം വീടിന് ഒരു ഐശ്വര്യം ആയിരുന്നു, മാത്രമല്ല ഏവര്‍ക്കും സന്തോഷവും കണ്ണിന് കുളിര്‍മ്മ നല്‍കുന്നതും ആയിരുന്നു പൂക്കളം. ജാ‍തി-മതഭേദങ്ങള്‍ ഇല്ലാതെ നാട്ടിലെ എല്ലാവിഭാഗം ആളുകളും അന്നൊക്കെ ഓണം ആഘോഷിച്ചിരുന്നു.
 
            ഞങ്ങളുടെ നാട്ടില്‍ അന്നൊക്കെ ഓണത്തിന് ഓണപന്തല്‍ ഒരുക്കിയിരുന്നു. ചിങ്ങത്തില്‍ ചിണുങ്ങി ചിണുങ്ങി വരുന്ന മഴ പൂക്കളത്തെ കളയാതിരിയ്ക്കാനാണ് ഓണപ്പന്തല്‍ കെട്ടുന്നത്. (ഈ ഓണപ്പന്തല്‍ ആയില്യം മകം കൊള്ളല്‍, നവരാത്രി പൂജ എന്നീ ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതിന് ശേഷമേ അഴിക്കൂ.) കൂടാതെ പൂത്തറ കെട്ടുന്ന ഒരേര്‍പ്പാടും ഉണ്ടായിരുന്നു. കളിമണ്ണോ, അരിച്ചെടുത്ത മണ്ണോ ഉപയോഗിച്ച് ചെറിയൊരു തറ (പീഠം) നിര്‍മ്മിച്ച് അത് മെഴുകി അതില്‍ പൂക്കളം ഒരുക്കും. പലനിലകളിലായാണ് അവ നിര്‍മ്മിക്കുക. തറനിരപ്പില്‍ നിന്നും അഞ്ച് ആറ് ഇഞ്ച് വരെ അവ ഉയര്‍ന്നു നില്‍കും. മഹാവിഷ്ണുവിന് ഇരിയ്കാനുള്ള പീഠം എന്ന സങ്കല്‍പത്തിലാണ് ഈ പീഠം ഒരുക്കുന്നത്. ഇതിനൊപ്പം തന്നെ കളിമണ്ണില്‍ തൃക്കാക്കരയപ്പന്റെ രൂപവും നിര്‍മ്മിക്കും. (മറ്റുനാടുകളില്‍ ഇത്തരത്തില്‍ പൂത്തറ കെട്ടുന്ന ഏര്‍പ്പാടുണ്ടോ എന്നറിയില്ല.)

          അന്നൊക്കെ അത്തം മുതല്‍ പത്തുനാള്‍ ഓരോ വീട്ടിലും ശരിയ്ക്കും ഉത്സവം തന്നെ ആയിരുന്നു.ഉപ്പേരി, ശര്‍ക്കരപുരട്ടി, പ്രഥമന്‍, സദ്യ ഇതൊക്കെ അന്നത്തെ കാലത്ത് ഓണക്കാലത്തേ ഉണ്ടാകാറുള്ളൂ. ഓരോ ദിവസത്തിന്റെയും പ്രാ‍ധ്യാന്യം മനസ്സിലാക്കി പൂക്കളം ഒരുക്കുന്നതിന് വീട്ടിലെ പ്രായമായവരും ചേരും. മൂലം നക്ഷത്രത്തില്‍ ചതുരാകൃതിയില്‍ ആണ് കളമൊരുക്കുക. ആ ദിനത്തില്‍ മൂലകള്‍ വരുന്ന വിധം വേണമത്രേ കളമൊരുക്കാന്‍. ഓരോ ദിവസവും കളങ്ങളുടെ എണ്ണം കൂടിക്കൂടി വരും. ഓരോ പൂക്കളവും മനോഹരമായി അലങ്കരിയ്കും. വീടിന്റെ പൂമുഖത്തിന്റെ പടിമുതല്‍ പടിപ്പുരവരെ നീളുന്ന പൂക്കളങ്ങള്‍. തിരുവോണനാള്‍ അതിന്റെ എണ്ണം പത്തായിത്തീരും. മാവേലി മന്നന്‍ ഓരോ വീട്ടിലും എത്തി പൂക്കളവും വീടും സന്ദര്‍ശിക്കും എന്ന വിശ്വാസത്തില്‍ അദ്ദേഹത്തിനെ വരവേല്‍ക്കാന്‍ കൂടിയാണ് ഇവ. പടിപ്പുരയില്‍ നിന്നും പൂമുഖത്തേയ്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനാണ് ഇവയൊരുക്കുന്നത്. ഉത്രാടദിനം വരെയേ പൂക്കള്‍ പറിയ്ക്കൂ. തിരുവോണദിനത്തില്‍ പൂക്കള്‍ പറിയ്ക്കാറില്ല. തിരുവോണദിവസത്തേയ്കു വേണ്ട പൂക്കള്‍ വരെ തലേന്നാള്‍ പറിച്ചെടുക്കും. സദ്യയ്ക്കുള്ള ഇലകള്‍ പോലും തലേദിവസം വെട്ടി വച്ചിരിയ്കും. ജീവജാലങ്ങള്‍ക്കും , സസ്യങ്ങള്‍ക്കും ഓണം ഉണ്ടെന്ന വിശ്വാസത്തില്‍ ആണത്രേ ഇത്.
 
            തിരുവോണദിനത്തില്‍ പുലര്‍ക്കാലെ ഉണര്‍ന്ന് കുളിച്ച് വീട്ടിലെ കാരണവര്‍ ആണ് ഓണം കൊള്ളുക. കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്റെ പ്രതിമയില്‍ പൂക്കളും, അരിമാവും, കളഭവും ചേര്‍ത്ത് അലങ്കരിച്ച് പീഠത്തില്‍ ഇലവിരിച്ച് അതില്‍ മാവ് അണിഞ്ഞ് തുമ്പക്കുടവും , പൂക്കളും വച്ച് ആണ് അതിനെ പ്രതിഷ്ടിക്കുക. കൂടാതെ ഒരിലയില്‍ നിറയെ പൂവടയും, അവല്‍, മലര്‍ എന്നിവയും, പഴങ്ങളും, ചെറിയ പറയില്‍ നെല്ലും, അരിയും, മറ്റൊരു ഭാഗത്ത് നിലവിളക്കും, കിണ്ടിയും, ചന്ദനത്തിരികളും, രണ്ടായി മുറിച്ച നാളികേരവും, വച്ച് ചെറിയൊരു പൂജയോടെയും ഒപ്പം ആര്‍പ്പ് വിളിയോടെയും മഹാബലിയെ വരവേല്‍ക്കാന്‍ വീടൊരുങ്ങിയതായി അറിയ്കും. ഏതാണ്ട് ഒരേ സമയത്തു തന്നെ എല്ലാ വീടുകളില്‍ നിന്നും ആര്‍പ്പ് വിളി ഉയരും..

            പിന്നെ നേരം പുലരുമ്പോള്‍ മുതല്‍ എല്ലാവരും സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളായിരിയ്കും. വീട്ടിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തും. (അന്ന് ആണുങ്ങള്‍ അടുക്കളയില്‍ കയറുക  അപൂര്‍വ്വമാണ്. പക്ഷേ
തിരുവോണദിനത്തില്‍ ആണുങ്ങളും അടുക്കളയില്‍ കയറി പ്രഥമനുള്ള ഒരുക്കങ്ങള്‍ നടത്തും) നിരത്തിയിട്ട നാക്കിലയില്‍ തുമ്പപ്പൂ ചോറും, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, ഉപ്പേരി, ഇഞ്ചിക്കറി, മാമ്പുളിശ്ശേരി, പപ്പടം, ഉപ്പിലിട്ടവ, സാമ്പാര്‍, പിന്നെ മൂന്നുകൂട്ടം പ്രഥമനും ഇങ്ങനെ അനേകം വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും സന്തോഷത്തോടെ കഴിയ്കും. അതിനു ശേഷം അല്പം കുശലപ്രശ്നങ്ങളും, ഓണക്കളികളുമായി ആ ദിനത്തിന്റെ സന്തോഷം ഏവരും പങ്കുവയ്കും.  വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നിരുന്ന ഒരു ആഘോഷം കൂടിയാണ് ഓണം.

           പാടവും, പറമ്പും, വേലിപ്പടര്‍പ്പും എല്ലാം നികത്തി വീടുകളും, മതിലുകളും, ഉയര്‍ന്ന് ഗ്രാമം നഗരമായി വളരുമ്പോള്‍ നശിച്ചുപോകുന്ന ഇത്തരം പൈതൃക സ്വത്തുക്കളേയും ഗൃഹാതുരത ഉളവാക്കുന്ന ആ സുദിനങ്ങളെയും നാം വിസ്മരിയ്ക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇന്ന് പൂക്കളങ്ങള്‍ നാമമാത്രമായിരിയ്കുന്നു. പിന്നെ തിരക്കിട്ട ജീവിത സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തേയും മാറ്റിയിരിയ്ക്കുന്നു. 

           എങ്കിലും കേരളത്തിന് അകത്തും, പുറത്തും, വിദേശത്തുമുള്ള ‍ ചിലരെങ്കിലും തിരുവോണം നാളിലെങ്കിലും പൂക്കള്‍ വാങ്ങി പൂക്കളവും സദ്യയുമൊരുക്കി ഓണത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ ശ്രമിക്കുന്നു. കൂടാതെ പുതിയ തലമുറകളിലെ കുട്ടികള്‍ക്ക് ഈ പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും ശ്രമിക്കുന്നു. അങ്ങനെയെങ്കിലും ഓണത്തേയും, മലയാളത്തേയും പറ്റി മനസ്സിലാക്കാന്‍ ഈ പുതുതലമുറയ്ക് സാധിക്കട്ടെ...പടിയിറങ്ങിപ്പോകുന്ന പഴയ ഓണത്തിന്റെ തനിമ അല്പമെങ്കിലും നെഞ്ചോട് ചേര്‍ക്കാനാവട്ടെ നമുക്കെല്ലാവര്‍ക്കും...



മാവേലി നാടുവാണീടും കാലം
  മാനുഷരെല്ലാരുമൊന്നുപോലെ.
  ആമോദത്തോടെ വസിക്കുംകാലം 
 ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
 ആധികള്‍ വ്യാധികളെങ്ങുമില്ല 
 ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.  

പത്തായിരമാണ്ടിരിപ്പുമുണ്ട്
  പത്തായമെല്ലാം നിറവതുണ്ട്.  
എല്ലാകൃഷികളുമൊന്നുപോലെ  
നെല്ലിനു നൂറു വിളവതുണ്ട്. 
 ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല
 നല്ലവരല്ലാതെയില്ലപാരില്‍. 

 ഭൂലോകമൊക്കെയുമൊന്നുപോലെ 
 ആലയമൊക്കെയുമൊന്നുപോലെ.
  നല്ല കനകം കൊണ്ടെല്ലാവരും
  നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,  
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും 
 നീതിയോടെങ്ങും വസിച്ചകാലം. 

 കള്ളവുമില്ലചതിയുമില്ല 
 എള്ളോളമില്ലാ പൊളിവചനം.  
വെള്ളിക്കോലാദികള്‍നാഴികളും  
എല്ലാം കണക്കിനു തുല്യമായി.  
കള്ളപ്പറയും ചെറുനാഴിയും 
 കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
  നല്ല മഴ പെയ്യും വേണ്ടും
 നേരം നല്ലപോലെല്ലാ വിളവും ചേരും. 
 മാവേലി നാടു വാണീടും കാലം,
 മാനുഷരെല്ലാരുമൊന്നുപോലെ.
                                                                           *******
ഓണാശംസകളോടെ..
ഹരിശ്രീ