Thursday, December 13, 2007

യേശുദേവന്‍

വീണ്ടും ഒരു ക്രിസ്തുമസ്സ് . നന്മയുടെയും ത്യാഗത്തിന്റേയും പ്രതീകമായ യേശുദേവനെ പറ്റി ഒരു ഗാനം.യേശുനാഥന്‍ ഭൂജാതനായ്
മഞ്ഞുപെയ്യും ഡിസംബറില്‍…
പുല്‍ത്തൊഴുത്തില്‍ പുണ്യവാനവന്‍
പാപമേല്‍ക്കാന് ‍ഭൂജാതനായ്…

യേശുദേവാ എന്നാത്മനാഥാ…
പാപമെല്ലാം നീക്കിടൂ…
ത്യാഗിയാം നിന്‍ കാല്പാടുകളേ
ഞങ്ങള്‍ക്കെന്നും വഴികാട്ടൂ...

നന്മചെയ്യാന്‍ നല്ലതു പറയാന്‍
ത്രാണിയേ‍കൂ ജീവനാഥാ...
പാടിടാം ഒരു സ്തുതിഗീതമിന്ന്
ആടിടാം നമുക്കാനന്ദമോടെ…

മെറി മെറീ മെറീ ക്രിസ്തുമസ്സ്…
മെറീ മെറി മെറീ ക്രിസ്തുമസ്സ്
© Copy right reserved to author

Tuesday, December 4, 2007

പ്രണയത്തിന്റെ സത്യം


കുളിര്‍നിലാത്തെന്നലായ് എന്നെത്തലോടുന്ന
പ്രണയമാം നോവെനിക്കേറെയിഷ്ടം…

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യം
ആരെയോ തേടുന്ന പോലെ…

മിഴികളാല്‍ മൊഴികള്‍ നാം കൈമാറും വേളയില്‍
തോഴിമാര്‍ ചിരിതൂകിനില്‍പ്പൂ…

ആരോരുമറിയാത്ത നൊമ്പരം പങ്കിടും
മിഴികളില്‍ നനവിന്റെ സ്പര്‍‍ശ്ശം…

നനവാ‍ര്‍ന്ന നിന്‍ മിഴിനീരൊപ്പുവാനെത്തുന്ന
എന്നുടെ സാന്ത്വനസ്പര്‍ശം..…

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും

പരിഭവം” പ്രണയത്തിന്‍ സത്യം...© Copy right reserved to author

Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം .

പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.

ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.

അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.

രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്.

മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്.

(വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.)

മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും.

ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും.

ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല.

ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി.

ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും.

ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്.

തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു.

അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.)
കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്.
© Copy right reserved to author

Sunday, November 11, 2007

തത്ത്വമസ്സി


മണ്ഡലമാസ്സം വീണ്ടും വന്നെത്തുകയായി. ഇനിയുള്ള രണ്ടുമാസക്കാലം ഭക്തിയുടെ, വ്രതശുദ്ധിയുടെ മാസങ്ങള്‍. മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍‍ തന്ന പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശ്ശനങ്ങള്‍‍ക്കും നന്ദി. മനസ്സില്‍ തെളിഞ്ഞ ഭക്തിസാന്ദ്രമായ ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു… സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….
ഈ ഗാനം ഇന്ത്യഹെറിറ്റേജില്‍ പണിക്കര്‍ സാര്‍ ആലപിച്ചീരിയ്കുന്നു..
© Copy right reserved to author

Friday, November 2, 2007

ട്യൂഷന് സെന്ററിലെ “തെറ്റിദ്ധാരണ“.

ഞാ‍നും എന്റെ പ്രിയ സ്നേഹിതന്‍ ജിബീഷും ചെറിയൊരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന കാലം. (ഞങ്ങള്‍ ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കുന്നത് പി.ജി.യ്ക് പഠിയ്ക്കുന്ന സമയത്ത് 1999 ല്‍ ആണ്.) വെറും ഒരു തമാശയ്ക് തുടങ്ങിയതാണ് ഞങ്ങളുടെ “ഹരിശ്രീ ട്യൂഷന്‍ സെന്റര്‍“ എങ്കിലും സംഗതി വിജയകരമായിരുന്നു. രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു ഞങ്ങള്‍ ട്യൂഷന്‍ എടുത്തിരുന്നത്. 8,9,10,+1,+2 ക്ലാസുകള്‍ക്ക് മാത്രമായിരുന്നു അന്ന് ട്യൂഷന്.(പിന്നീട് Degree,Entrance ക്ലാസുകള്‍ക്കും കൂടി ആക്കി) ഹൈസ്കൂള്‍ ക്ലാസ്സില്‍ Mathamatics, English എന്നിവയും +1,+2, ക്ലാസുകളില്‍ Accountancy, Costing , Mathamatics എന്നിവയും ആയിരുന്നു ട്യൂഷന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍)ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങള്‍‍ക്ക് പ്രചോദനമായത്.


ജിബീഷിന്റെ വീടിനു പുറകില്‍ ചെറിയൊരു ഷെഡു കെട്ടിയാണ് ട്യൂഷന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 സ്റ്റാര്‍ന്റേര്‍ഡിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. 10ലെ ആദ്യ ബാച്ചില്‍ 2 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. (അക്കാ‍ലത്ത് നാട്ടില്‍ ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ മാഷ് നടത്തുന്ന ട്യൂഷന്‍ സെന്റ്ററിനാണ് ഏറ്റവും പേര്. കുട്ടികളും കൂടുതല്‍ അവിടെ ആയിരുന്നു. അതുപോലെ ഒന്ന് രണ്ട് മറ്റ് ട്യൂഷന്‍ ക്ലാസുകളും നാട്ടില്‍ ഉണ്ടായിരുന്നു.) അതുകൊണ്ടുതന്നെ എല്ലാവരും ഒഴിവാക്കുന്ന വളരെ താഴ്ന്ന പഠന നിലവാരത്തിലുള്ള കുട്ടികളെ ആണ്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ തോറ്റിരുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും. അവരുടെ കുറവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്ലാസ്സെടുക്കാന്‍ ഞങ്ങളിരുവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. മാത്രമല്ല ട്യൂഷന്‍ സെന്റര്‍ വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും. ഞങ്ങളുടെ ആ ശ്രമം വിജയം കണ്ടു.

ക്രിസ്തുമസ്സ് പരീക്ഷയ്ക് കുട്ടികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാത്രമല്ല കുട്ടികളുടെ പഠന‍ നിലവാരം ഉയര്‍ന്നു വന്നു. ആവര്‍ഷം വര്‍ഷാന്ത്യപരീക്ഷാഫലം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടികളില്‍ എല്ലാവരും പാസ്സായി.100% വിജയം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സും, പത്തോളം പേര്‍ക്ക് സെക്കന്റ്ഡ് ക്ലാസും, മറ്റുള്ളവര്‍ക്ക് പാസ്സ് മാര്‍ക്കും കിട്ടി.

പഠനത്തില്‍ മോശമായിരുന്ന കുട്ടികളെ ജയിപ്പിക്കാനായത് നാട്ടില്‍ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്‍ നല്ല പേര്‍ ഉണ്ടാകുന്നതിന്‍ സഹായകമായി. അതുമൂലം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. ചില ക്ലാസ്സുകളില്‍ (പ്രത്യേകിച്ച് 10ആം ക്ലാസ്സ്) കുട്ടികളുടെ എണ്ണം കൂടിയതിനാലും സ്ഥലപരിമിതിയും മൂലം ട്യൂഷന്‍ തിരക്കിവന്നകുട്ടികളെ നിരാശരാക്കി മടക്കിഅയയ്കേണ്ടിയും വന്നു. (സ്ഥലമില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ ഒരു നമ്പര്‍ ഇട്ടു. “ഒരു ക്ലാസ്സില്‍ പരമാവധി 30 കുട്ടികള്‍‍ക്കേ ക്ലാസ്സ് എടുക്കൂ. അല്ലെങ്കില്‍ ഓരോകുട്ടിയേയും ശ്രദ്ധിക്കാനാവില്ല എന്നും” ഞങ്ങള്‍ തട്ടി വിട്ടു. ഇതു ഞങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെന്നതാണ്‍ സത്യം. പിന്നീടുള്ള വര്‍ഷം മെയ് മാസം ട്യൂഷന്‍ ആരംഭിയ്കുന്നതിനുമുന്പേ കുട്ടികളുടെ രക്ഷിതാക്കള്‍‍ ബുക്ക് ചെയ്തിടും. ) ഒന്നു രണ്ട് വര്ഷങ്ങള്‍ക്കുള്ളില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 150 ഓളമായി ഉയര്‍ന്നു.

ആയിടയ്കാണ്‍ ഞങ്ങളുടെ ഒരു പഴയ സ്കൂള്‍ അദ്ധ്യാപികയുടെ മകള്‍ അവിടെ +2 വിന് ട്യൂഷന്‍ വന്നു ചേരുന്നത്. ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു. മറ്റെല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ പാസ്സാകാറുണ്ടെന്ന് കുട്ടികള് പറഞ്ഞ് അറിഞ്ഞിരുന്നു.
പലപ്പോഴും Mathamatics ക്ലാസ്സെടുക്കുമ്പോള്‍ ഓരോ മണ്ടന്‍ സംശയങ്ങളുമായി ഈകുട്ടി എഴുന്നേറ്റു നില്‍കാറുള്ള കാര്യം എന്റെ സ്നേഹിതന്‍ എന്നോട് പറയാറുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലും Mathamatics ലെ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഈ കുട്ടി കാത്തു നില്കും. അവയെല്ലാം എന്റെ സ്നേഹിതന്‍ പരിഹരിച്ചു കൊടുക്കും. പക്ഷേ ആ കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഉള്ളതായി പലപ്പോഴും അവനെന്നോട് പറയാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധതന്നിലേക്ക് ആകര്ഷിക്കുവാനെന്നവണ്ണം ചോദ്യങ്ങള്‍ ചോദിയ്കുന്ന പോലെ. അവന്‍ പറയും ആകുട്ടിയ്ക് എന്തോ ഒരു Spelling Mistake ഉണ്ടെന്ന്.


ആവര്ഷം +2 വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ആകുട്ടിമാത്രം തോറ്റു. അതും Mathamatics ന്‍. അവനും വല്ലാത്ത വിഷമമായി കാരണം മറ്റെല്ലാകുട്ടികളേയും വിജയിപ്പിയ്കാനായിട്ടും ഞങ്ങളുടെ പഴയ അദ്ധ്യാപികയുടെ മകളെ വിജയിപ്പിക്കാനായില്ലല്ലോ .

ഏതാനും ദിവസങ്ങല്‍ കഴിഞ്ഞു ടീച്ചര്‍ ജിബീഷിനെ വിളിച്ചു. മകളെ SAY പരീക്ഷയ്ക് എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നും അതിനായി ആകുട്ടിയ്ക് ഒരിയ്കല് കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്നും പറയാനാണ് ടീച്ചര്‍ അവനെ വിളിച്ചത്. തോറ്റകുട്ടികള്‍ക്ക് അന്ന് ഞങ്ങല്‍ അന്ന് ക്ലാസ്സെടുക്കുന്നില്ല. നന്നായി പഠിയ്കുന്നവരും, പഠനത്തില്‍ മോശമായവരും എല്ലാം അവിടെ ട്യൂഷന്‍ വന്നിരുന്നെങ്കിലും ഞങ്ങല്‍ ട്യൂഷനെടുത്ത ഭൂരിഭാഗം കുട്ടികളും വിജയിച്ചിട്ടേയുള്ളൂ. മാത്രമല്ല അന്ന് ഞങ്ങള്‍ രണ്ടുപേര്‍ ജോലി ലഭിച്ചതിനാല്‍ വേണ്ടത്ര സമയം കിട്ടാറുമില്ല. എങ്കിലും ടീച്ചറുടെ നിര്ബന്ധത്തിന്‍ വഴങ്ങി മനസ്സില്ലാമനസ്സോടെ അവന് ക്ലാസ്സ് എടുക്കാമെന്നേറ്റു.

Examination വരുന്നതും മറ്റുമായ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് അവ ആകുട്ടിയെ പഠിപ്പിക്കാന്‍ ജിബീഷ് ശ്രദ്ധിച്ചു. . ആകുട്ടി ശ്രദ്ധാപൂര്‍വ്വം അവയെല്ലാം പഠിച്ചെടുത്തു. അങ്ങനെ Examination അടുത്തിരിയ്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് തീര്‍ന്നപ്പോല്‍ ആകുട്ടി ചെറിയൊരു നാണത്തോടെ ഒരു കവര്‍ നീട്ടിക്കൊണ്ട് ജിബീഷിനോട് പറഞ്ഞു. “ മാഷേ, ഈ കവര്‍ ഞാന്‍ പോയതിനു ശേഷം മാത്രമേ പൊട്ടിയ്കാവൂ “. ജിബീഷ് ഒന്നു ഞെട്ടി. അവന്‍ അതു കൈപ്പറ്റാതെ പറഞ്ഞു. “ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “


അവസ്സാനം ആ കുട്ടി ആ കവര്‍ ടേബിളില്‍ വച്ച് സൈക്കിളുമെടുത്ത് വേഗം പോയി. (ട്യൂഷനെല്ലാം തീര്ന്നാല്‍ വൈകുന്നേരങ്ങളില്‍ ഞാനും ജിബീഷും ആ ട്യൂഷന് ക്ലാസ്സില്‍ സംസാരിച്ചിരിയ്ക്കുന്ന ഒരു പതിവുണ്ട്.) പക്ഷേ അന്ന് അവന്‍ എന്നെ വളരെ നേരത്തെ വിളിയ്കുന്നത് കേട്ട് ഞാന്‍ അവിടെ എത്തി കാര്യം തിരക്കി. അവന്‍ ആ കവര്‍ എന്നെ കാണിച്ചു, അധികം ഭാരമില്ലാത്ത ഒരു വെളുത്ത കവര്‍ . അതിന്റെ ഉള്ളില്‍ കടലാസ്സില്‍ എഴുതിയ എന്തോ ഒരു കുറിപ്പ് അവ്യക്തമായി കാണാം. ഞാന്‍ പതുക്കെ ആ കവര്‍ പൊട്ടിച്ചു. അതില്‍ ഒരു ചെറിയ കടലാസും മറ്റൊരു ചെറിയ കവറും. ജിബീഷ് എന്നോട് ചേര്‍ന്ന് ഇരുന്നു. ഞങ്ങല്‍ ഇരുവരും ആ കുറിപ്പ് വായിച്ചു.

അതില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. “ ജിബീഷ് മോള്‍ക്ക് ഇത്രനാളും ട്യൂഷന്‍ എടുത്ത് തന്നതിന് വളരെ നന്ദി. അവള്‍ക്കിപ്പോള്‍ Mathamatics ലെ ബുദ്ധിമുട്ടുകള്‍‍ മാറിയെന്ന് പറഞ്ഞു. ജയിയ്കാനാകുമെന്ന് ആത്മവിശ്വാസവും ഉള്ളതായി അവളെന്നോട് പറഞ്ഞു. ഇതിനൊപ്പമുള്ള കവറില്‍ 1000 രൂപയും കൊടുത്തുവിടുന്നു. നിങ്ങളുടെ ട്യൂഷന്‍ സെന്ററിന് എന്റ്റെ എല്ലാവിധ ആശംസകളും നേരുന്നു.”

വായിച്ചു തീര്‍ന്നതും ജിബീഷ് ചെറിയൊരു ചമ്മലോടെ ജിബീഷ് ഒരു ദീര്‍ഘനിശ്വാസം വിട്ടു.(അവന്‍ ആ കുട്ടിയെ ശരിയ്കും തെറ്റിദ്ധരിച്ചിരുന്നു. കാരണം മറ്റെല്ലാ വിഷയങ്ങളും നന്നായി പഠിയ്കുന്ന ഈ കുട്ടി കണക്കില്‍ മാത്രം പരാജയപ്പെടുക. എന്നിട്ട് വീണ്ടും ട്യൂഷന് വരുക. ക്ലാസ്സില്‍ ഓരോ വികൃതി ചോദ്യങ്ങള്‍‍ ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആ‍കര്‍ഷിപ്പിയ്ക്കാന്‍ ശ്രമിയ്കുക. ഇതെല്ലാം അവനെ ശരിയ്കും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.)


ഇപ്പോഴും ഞങ്ങളുടെ ആ ട്യൂഷന്‍ സെന്റ്റര്‍ നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്കുന്നു.

© Copy right reserved to author

Sunday, October 21, 2007

പരിപ്പുവടഇത് ഞാന് കാലടി ശ്രീശങ്കര കോളേജില് പഠിക്കുന്ന സമയത്ത് നടന്ന ഒരു സംഭവ കഥയാണ്. വളരെ വിശാലമായ ക്യാമ്പസ് ആണ് ശ്രീശങ്കര കോളേജിന്റെത്. ധാരാളം മരങ്ങളും, ചെടികളും,കുന്നും, വലിയൊരു കുളവും നിറഞ്ഞതാണ് ക്യാമ്പസ്. മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, മാത്തമാറ്റിക്സ്, കോമേഴ്സ് ഇങ്ങനെ പോകുന്ന ഓരോ ഡിപ്പാര്ട്ട്മെന്റും കോളേജിന്റെ ഓരോ ഭാഗത്താണ്. ഓരോ തട്ടുകളിലായാണ് ഓരോ ഡിപ്പാര്ട്ട്മെന്റുകള്. ഓഫീസും, പ്രിന്സിപ്പാളുടെ റൂമും ഓഡിറ്റോറിയവും, ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് മുകളിലെ തട്ടിലാണുള്ളത്. അതിനു താഴെ ഹിന്ദി, മലയാളം ഡിപ്പാര്ട്ട്മെന്റും. അതിനും താഴെ കോമേഴ്സ് ഡിപ്പാര്ട്ട്മെന്റില് ഉള്പ്പെടുന്ന ഞങ്ങള്‍‌. കോളേജിന്റെ പ്രധാന കവാടത്തിന്റെ അധികം ദൂരത്തല്ലാതെയാണ് ഞങ്ങളുടെ ഈ വിഭാഗം. കോമേഴ്സ് ഡിപ്പാര്ട്ട്മെന്റ് ജെ.പി. സാറ് ഭരിക്കുന്ന കാലം.

വീട്ടില് നിന്നും രാവിലെ പുറപ്പെടേണ്ടതു കൊണ്ട് പലപ്പോഴും അക്കാലത്ത് ഞാന് ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നത്. മാത്രമല്ല മൂന്ന് ബസ്സുകളും മാറിക്കയറിവേണം കോളേജിലെത്താന്‍. കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്താണ്‍ അന്ന് ക്യാന്റീ‍ന്‍.എങ്കിലും കുന്നു കയറി മുകളിലെത്തണം. അതിനാല് ഞങ്ങള് പലപ്പോഴും കോളേജിന് പുറത്തുള്ള ഒരു ഹോട്ടലില് ആണ് ഭക്ഷണം കഴിക്കാന് പോയിരുന്നത്.

ഞങ്ങളുടെ അന്നത്തെ സംഘത്തില് ചാര്ളി, ബിജു, കൃഷ്ണകുമാര്, രാജീവ് എന്നിവരാണ് ഉള്ളത്. ഇതില് കൃഷ്ണകുമാറിന്റെ വീട് കോളേജില് നിന്നും അധികം അകലെ അല്ലാത്തതിനാല് അവന് പലപ്പോഴും വീട്ടില് പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടയ്ക് ഞങ്ങല്ക്കൊപ്പവും കൂടും.

അവിടെ അടുത്തോരു ഹോട്ടല് ഉണ്ട്. അവിടുത്തെ പരിപ്പുവട വളരെ പ്രസിദ്ധമാണ്. വളരെ രുചികരമാണത്രേ അവിടുത്തെ പരിപ്പുവട. ഞാനും ചാര്ളിയും ഊണ് കഴിക്കുമ്പോല് കൃഷ്ണകുമാറും രാജീവും ഉഴുന്നുവട, പരിപ്പുവട എന്നിവയാണ് കഴിക്കുക. (രണ്ടോ മൂന്നോ തവണ ഞാനും ഈ പരിപ്പുവട കഴിച്ചിട്ടുണ്ട് കേട്ടോ, പക്ഷേ എനിക്ക് അതിനോടത്ര താല്പര്യം തോന്നിയിരുന്നില്ല.) ഒരു ദിവസം ഞങ്ങല് പതിവുപോലെ ഭക്ഷണം കഴിക്കാന് ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍‌ക്കൊപ്പം ഞങ്ങളുടെ മറ്റൊരു സുഹൃത്തായ രഞ്ജിത്ത് ഉണ്ട്. രാജീവിന്റെ പരിപ്പുവടയെ പറ്റിയുള്ള വിവരണത്തില് ആകൃഷ്ടനായി വന്നതാണ് അവന്. ഞങ്ങള്‍‌ പതിവുപോലെ ഊണ് ഓര്ഡര് ചെയ്തു. രാജീവും സംഘവും പരിപ്പുവടയും.

ഞങ്ങല് ഊണ് കഴിക്കുന്നതിനിടയില് അവര്ക്ക് പരിപ്പുവടയും എത്തി. ഒരു ചെറിയ തമിഴ് പയ്യനാണ് ഭക്ഷണം സപ്ലൈ ചെയ്യുന്നത്. രജ്ഞിത്ത് വടയെടുത്ത് കഴിക്കാനാരംഭിച്ചതും തുപ്പിയതും ഒരുമിച്ചായിരുന്നു. അവന് അതില് നിന്നും ഒരു മുടിയെടുത്ത് മാറ്റിവച്ചു. (വൃത്തിയുടെ കാര്യത്തില് വളരെ ശ്രദ്ധാലുവായ അവനത് ഉള്‍‌ക്കൊള്ളാനായില്ല.)


എന്നാല്‍‌ ഞങ്ങളാരും ആ സംഭവം കാര്യമാക്കിയില്ല. ഒരു മുടി കിട്ടിയതാണോ വലിയ കാര്യം ? ഭക്ഷണം പാകം ചെയ്യുമ്പോള് ഒരു മുടിയൊക്കെ കിട്ടുന്നത് സ്വാഭാവികം മാത്രം എന്ന മട്ടില്‍‌ ഞങ്ങളതു തള്ളിക്കളഞ്ഞു.

പിന്നീട് കുറച്ചു നാളുകള്‍‌ക്കു ശേഷം ഞങ്ങള്‍‌ അവിടെ അതേ ഹോട്ടലില് ഭക്ഷണം കഴിക്കുവാനെത്തിയപ്പോള്‍‌ ഞങ്ങളുടെ സീനിയേഴ്സ് കുറച്ചുപേര് അവിടുത്തെ പാചകക്കാരെനെ ഇട്ട് നന്നായി പെരുമാറുകയാണ്. അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. അവിടുത്തെ പാചകക്കാരന് പരിപ്പുവട ഉണ്ടാക്കുന്നത് ഒരു പ്രത്യേകരീതിയിലാണത്രേ.

എങ്ങനെയെന്നാല് ഒരു കൈകൊണ്ട് ആട്ടുകല്ലില് മാവ് ആട്ടുകയും അതിനൊപ്പം ഒരു കൈകൊണ്ട് പരിപ്പുവട ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം അതിനടുത്തുള്ള എണ്ണയില് ഇട്ട് വട ഉണ്ടാക്കുന്നു. പക്ഷേ ഒരു കൈകൊണ്ട് പരിപ്പു വടയുടെ മാവ് പരത്താന് ആവാത്തതിനാല് കക്ഷി മാവ് പരത്താന് എളുപ്പത്തിന് ഉപയോഗിച്ചത് വെറും ഒരു തോര്ത്ത് മാത്രമിട്ട അങ്ങേരുടെ സ്വന്തം നെഞ്ചായിരുന്നത്രേ. ഇതുമൂലമാണ് ഇടയ്ക് പരിപ്പുവടയില് രോമം കാണാറുള്ളതെന്നാണ് സീനിയേഴ്സ് കണ്ടുപിടിച്ചത്.

എന്തായാലും ഈ സംഭവത്തിനു ശേഷം അവിടെയുള്ള മറ്റു കച്ചവടക്കാര് വൃത്തിയായാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ കടക്കാരനെ പിന്നീട് ആ കോളേജിന്റെ ചുറ്റുവട്ടത്തെങ്ങും കണ്ടിട്ടില്ല.

എന്തായാലും അതിനു ശേഷം ഞാന് അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല വീട്ടില് നിന്നും ഭക്ഷണം കൊണ്ട് പോകാനും ആരംഭിച്ചു. ഒപ്പം എന്റെ കൂട്ടുകാരും.

© Copy right reserved to author

Friday, October 12, 2007

പടക്കം

വീണ്ടും ഒരു ബാല്യകാല സ്മരണ തന്നെ. ഇതും ഒരുഏപ്രില് മാസം, വിഷുക്കാലം. ഞാന് രണ്ടാം ക്ലാസ്സിലെ അവധിക്കാലം ആഘോഷിക്കുന്ന സമയം. അന്ന് ഞങ്ങളുടെ തറവാടിന്റെ അറ്റകുറ്റപണികളും നടക്കുന്നുണ്ട്. കാരണം ആ ഏപ്രിലില് കുഞ്ഞച്ഛന്റെ (അച്ഛന്റെ അനുജന്) വിവാഹമാണ്. കുട്ടിയാണെങ്കിലും കുഞ്ഞച്ഛന്റെ വിവാഹത്തിന്റെ ഗമയില് ആണ് ഞാന്.


ആ വര്ഷവും പതിവുപോലെ നിതേഷ് ചേട്ടനെ അച്ഛന് അമ്മായിയുടെ വീട്ടില് നിന്നും കൊണ്ടുവന്നു. ഇന്നത്തെ തിരക്കാര്ന്ന് ജീവിതരീതി മനുഷ്യനില് അന്ന് പടര്ന്നിരുന്നില്ല. അവധിക്കാലമൊക്കെ ആയാല്‍‌ ബന്ധുജനങ്ങളെല്ലാം ഒത്തു കൂടും. മാത്രമല്ല ശരിക്കും നല്ലൊരു ഗ്രാമം തന്നെ ആയിരുന്നു അന്ന് ഞങ്ങളുടേത് (ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രണ്ടോ മൂന്നോ ഓട്ടു കമ്പനികള്, നല്ലോരു പുഴയും(ചാലക്കുടിപ്പുഴ) ധാരാളം നെല്ല് വിളയുന്ന വയലുകളും, കുളങ്ങളും, അഞ്ച് ക്ഷേത്രങ്ങളും,ഒരു ക്രിസ്ത്യന് ദേവാലയവും, രണ്ട് മുസ്ലീം പള്ളിയും കൂടാതെ ഒരു തപാലാപ്പീസ്സും, വില്ലേജ് ഓഫീസ്സും, പഞ്ചായത്ത് ഓഫീസ്സും, വലിയൊരു ഹൈസ്കൂളും, വായനശ്ശാലയും,വലിയൊരു മൈതാനവും, ഒരു മൃഗാശുപത്രിയും ആണ് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ പ്രധാന സംഗതികള്‍‌. ഇതെല്ലാം മൂന്ന് കിലോമീറ്റര് ചുറ്റളവില് വരും.)


അക്കാലത്ത് ഓണത്തിന്റെയും വിഷുവാഘോഷത്തിന്റെയും എല്ലാം ഒരുക്കങ്ങള്‍‌ ഒരാഴ്ച് മുന്പ് എങ്കിലും തുടങ്ങും. അന്നത്തെ വിഷുക്കാലവും അങ്ങനെ തന്നെ ആയിരുന്നു. എങ്ങും പടക്കം പൊട്ടിക്കലും, കുട്ടികളുടെ ബഹളങ്ങളും, സന്തോഷവും നിറഞ്ഞ സുഖകരമായ അന്തരീക്ഷം. ഞങ്ങളുടെ വീട്ടില് പടക്കങ്ങള്‍‌, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം, ലാത്തിരി, പൂത്തിരി , ഏറു പടക്കം എന്നു വേണ്ട എല്ലാ സാധനങ്ങളും വാങ്ങികൊണ്ട് വരുന്നത് അന്ന് കുഞ്ഞച്ഛനാണ്.


ആ വര്ഷവും പതിവുപോലെ കുഞ്ഞച്ഛന് ധാരാളം പടക്കങ്ങളും, മറ്റും വാങ്ങിക്കൊണ്ടുവന്നു. എനിക്കന്ന് പടക്കം പൊട്ടിക്കാനുള്ള ലൈസന്സ് മുതിര്ന്നവര് തന്നിട്ടില്ല. കമ്പിത്തിരികളും മറ്റുമായി തൃപ്തിപ്പെട്ടുകൊള്ളണം. കുഞ്ഞച്ഛനൊപ്പം പടക്കം പൊട്ടിക്കാനുള്ള അനുവാദം അന്ന് നിതേഷ് ചേട്ടനുണ്ട്. ചുവന്ന കടലാസ്സുകൊണ്ടുണ്ടാക്കിയ കടലാസ്സ് പടക്കം ആണ് നിതേഷ് ചേട്ടന് പൊട്ടിക്കാന്‍‌ കൊടുക്കുക. കാരണം, ഓലപ്പടക്കത്തെ അപേക്ഷിച്ച് അപകടസാധ്യത ഇതിന് കുറവാണ്. മാലപ്പടക്കം എന്നാണ് ഞങ്ങള്‍‌ അതിനെ പറയുന്നത്. നിതേഷ് ചേട്ടന് പൊട്ടിക്കാന് വേണ്ടി കുഞ്ഞച്ഛന്‍‌ അതില് നിന്നും കുറച്ചെണ്ണം നൂല് പൊട്ടിച്ച് എടുക്കുകയായിരുന്നു പതിവ്.


നിതേഷ് ചേട്ടന് പടക്കം പൊട്ടിക്കുന്ന വിധം എല്ലാം ഞാന് ഒരിക്കല്‍‌ ശ്രദ്ധയോടെ നിരീക്ഷിച്ചു. പടക്കത്തിന്റെ ചുവട്ടില് മൂന്ന് വിരലുകല് ചേര്ത്ത് പിടിച്ച് പടക്കത്തിന്റെ തിരി വിളക്കില് കാണിച്ച് ഒരൊറ്റ ഏറ്. ഇത്രേം ഉള്ളൂ കാര്യം… ഇത് ആര്ക്കും ചെയ്യാവുന്ന കാര്യമല്ലേ ഞാന്‍ വിചാരിച്ചു.


എന്നാല്‍‌ കുഞ്ഞച്ഛന്‍‌ പുറത്ത് പോയ ശേഷവും നിതേഷ് ചേട്ടന് പടക്കങ്ങള്‍‌ പൊട്ടിച്ചു. പക്ഷെ, വിളക്കിന്റെ തീ ഉപയോഗിച്ചല്ല പടക്കം പൊട്ടിക്കുന്നത്. തീ പുകയുന്ന ഒരു വിറകിന്റെ കഷ്ണം ഉപയോഗിച്ചാണ് ഇത്തവണ ഇഷ്ടന് പടക്കം പൊട്ടിക്കുന്നത്. വിളക്കില്ലെങ്കിലും പടക്കം പൊട്ടിക്കാമെന്നുള്ള കാര്യം അങ്ങനെ ഞാനും മനസ്സിലാക്കി. ഒരു പടക്കം കിട്ടുന്നതിനു വേണ്ടി ഞാന് നിതേഷ് ചേട്ടന്റെ പിന്നാലെ നടന്നു. പക്ഷെ പടക്കം മാത്രം കിട്ടിയില്ല. ഞാന് പടക്കം അന്വേഷിച്ച് വീടാകെ തിരഞ്ഞു. പക്ഷേ ഒന്നും കിട്ടിയില്ല. അവസാനം ഞാന് ഒരു നിഗമനത്തിലെത്തി, പടക്കം ഇരിക്കുന്നത് കുഞ്ഞച്ഛന്റെ മുറിയില് തന്നെ. ഞാന് പതുക്കെ ആ മുറിയുടെ മുന്നിലെത്തി. രക്ഷയില്ല, കതക് പൂട്ടിയിരിക്കുന്നു. കുഞ്ഞച്ഛന്റെ തബലയും മറ്റു ചില സംഗീത ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതിനാല് ആ മുറി എപ്പോഴും പൂട്ടിയിടുകയാണ് പതിവ്. ഞങ്ങളെ ഇക്കാര്യത്തില് കക്ഷിക്ക് അത്ര വിശ്വാസമായിരുന്നു. (ഞങ്ങളൊരിക്കല് തബല ഒന്ന് അടിച്ചു പരീക്ഷിച്ചിരുന്നു. പക്ഷെ എങ്ങനെയൊ അത് പൊട്ടിപ്പോയി. അതിനുശേഷമാണ് ഈ മുന്കരുതല്).


ഞാന് നിതേഷ് ചേട്ടനെ വീണ്ടും നിരീക്ഷിച്ചു. കാരണം കുഞ്ഞച്ഛന്റെ മുറി അടഞ്ഞുകിടന്നിട്ടും നിതേഷ് ചേട്ടന് എങ്ങനെ പടക്കം ലഭിച്ചു. അവസ്സാനം അത് ഞാന് കണ്ടെത്തി. കുഞ്ഞച്ഛന്റെ മുറിയുടെ ഒരു ജനല്‍‌ അടച്ചിരുന്നെങ്കിലും അതിന്റെ കൊളുത്ത് ഇട്ടിരുന്നില്ല.ജനാലയില് ബലം പ്രയോഗിച്ച് തുറന്ന് കുറച്ചു കഷ്ടപ്പെട്ടാണ് നിതേഷ് ചേട്ടന് പടക്കം സംഘടിപ്പിക്കുന്നത്.


നിതേഷ് ചേട്ടന് പടക്കവുമായി പോയിക്കഴിഞ്ഞപ്പോല് ഞാനും ആ ജനാലയുടെ ചുവട്ടിലെത്തി. ഉയരം ഉള്ളതിനാല് എത്തിച്ച് ജനാല് തുറക്കാന് അത്ര ബുദ്ധിമുട്ടുണ്ടായില്ല. വീടിന്റെ കൈവരിയില് ചവുട്ടി ജനലഴികളില് തൂങ്ങി ഞാന് അകത്തേക്ക് നോക്കി. കുഞ്ഞച്ഛന്റെ മുറിയിലെ ജനലിനോട് ചേര്ന്ന മേശയുടെ ഒരു ഭാഗത്ത് കടലാസ്സില് പൊതിഞ്ഞ് വച്ചിരിക്കുന്നു പടക്കങ്ങളും മറ്റും. ഞാന് പതുക്കെ കൈനീട്ടി. ഭാഗ്യത്തിന് എനിക്ക് കടലാസ്സുപൊതിയില് പിടുത്തം കിട്ടി. ഞാനത് പതുക്കെ വലിച്ചു ജനാലയോട് അടുപ്പിച്ചു. പതുക്കെ കടലാസ്സ് പൊതി തുറന്നു. അതില് നിറയെ പടക്കങ്ങളും മറ്റും. ഞാന് അതില് നിന്നും ഒരെണ്ണം എടുക്കാന് നോക്കിയെങ്കിലും കിട്ടിയില്ല. ഞാന് താഴെ ഇറങ്ങി ജനാല ചാരിയിട്ടു. ചുറ്റും നിരീക്ഷിച്ചു. അവിടെ കിടന്ന ഒരു ബ്ലേഡ് സംഘടിപ്പിച്ചു. വീണ്ടും ജനാല തുറന്നു. പടക്കങ്ങള്‍‌ക്കിടയില് നിന്നും ഒരെണ്ണം അറുത്തെടുത്ത് ( അതിന്റെ തിരിമുറി കുറച്ച് നഷ്ടപ്പെട്ടിരുന്നു.) മറ്റാരും കാണാതെ ഭദ്രമായി അതൊളിപ്പിച്ചുവച്ചു.


കുറച്ചു സമയം കഴിഞ്ഞപ്പോള് പടക്കം പൊട്ടിക്കലെല്ലാം അവസാനിപ്പിച്ച് നിതേഷ് ചേട്ടന് ആ വിറക്, പുറത്ത് കൂട്ടിയിരിക്കുന്ന പുകയുന്നചാരത്തിനടുത്ത് ഉപേക്ഷിച്ചു. നിതേഷ് ചേട്ടന് അവിടെ നിന്നും പോയ ഉടനെ ഞാന് അവിടെ എത്തി ആ വിറകെടുത്തു. ഒപ്പം പടക്കവും. പക്ഷെ അതിലെ തീ അണഞ്ഞുപോയിരുന്നു. പക്ഷെ ചാരത്തില് തീ ഉണ്ടല്ലോ. വിറക് ചാരത്തില് വച്ച് ഊതിയാല് തീകിട്ടും എന്നെനിക്കറിയാമായിരുന്നു. ഞാന് പതുക്കെ ഊതി. നല്ല ചുവന്ന നിറത്തില് അതൊന്ന് ആളി. ഞാന് ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല. ഇതു തന്നെ തക്കം. അതിനായി ഞാന് വിറകെടുത്ത് ചാരത്തില് വച്ചു. പക്ഷേ ചുറ്റും നോക്കുന്നതിനിടയില് ഞാന് വിറകിനു പകരം ചാരത്തില് വച്ചത് ആ പടക്കം ആയിരുന്നു.


“ഠോ!” ചാരവും, തീയും, കടലാസ്സ് ചീളുകളും ചുറ്റും തെറിച്ചു. കയ്യിലാകെ ഒരു തരിപ്പ് ചെവിയില് ഒരു മൂളല് മാത്രം. മറ്റൊരു ശബ്ദവും ആ സമയത്ത് എനിക്ക് കേള്‍ക്കാനാവുന്നില്ല. ശബ്ദം കേട്ടുവന്ന നിതേഷ് ചേട്ടനും അമ്മയും എന്തോ ചോദിക്കുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല. അയ്യോ “എന്റെ ചെവി പൊട്ടിപ്പോയേ… എന്റെ ചെവി പൊട്ടിപ്പോയേ” ഞാന് കരഞ്ഞു.ഞാനാകെ വിരണ്ടു പോയിരുന്നു.


എന്റെ കരച്ചില് കേട്ട് എല്ലാവരും വന്നു. കാര്യം തിരക്കി. ഞാന് കാര്യം വിവരിച്ചു. അതുകേട്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു. എനിക്കും ആശ്വാസമായി... അടികൊണ്ടില്ലല്ലോ. (ഭാഗ്യത്തിന് അപകടമൊന്നും പറ്റിയിരുന്നില്ല.) കുറച്ചു കഴിഞ്ഞപ്പോല് ചെവിയിലെ മൂളല് മാറി ശരിയായി. പിന്നീട് കുറച്ചു വര്ഷങ്ങള്‍‌ പടക്കം പൊട്ടിക്കാന് തന്നെ എനിക്ക് ഭയമായിരുന്നു. ഇന്നും പടക്കം പൊട്ടിക്കുമ്പോല് ആ തരിപ്പ് കൈയ്യില് അനുഭവപ്പെടാറുണ്ട്.
© Copy right reserved to author

Monday, October 8, 2007

മലയാള സംഗീത രംഗത്തെ “ജ”,എന്ന വാക്കിന്റെ പ്രാധാന്യംപ്രിയപ്പെട്ടവരെ,

മലയാള സംഗീത രംഗത്തെ “ജ” ( in English “J ” & “G”) എന്ന വാക്കിന്റെ പ്രാധാന്യം നിങ്ങള്‍‌ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് താഴെ കൊടുത്തിരിക്കുന്ന ചില പേരുകള്‍‌ ശ്രദ്ധിക്കൂ. മലയാള ചലച്ചിത്ര സംഗീതരംഗത്ത് ആ വാക്കിനുള്ള പ്രാധാന്യം നിങ്ങള്‍‌ക്ക് ഇതില്‍‌ നിന്നും മനസ്സിലാക്കാം. ഇതില്‍‌ പലരും മലയാളികളല്ലെങ്കിലും മലയാള ഗാനങ്ങളിലൂടെ നമുക്ക് സുപരിചിതരാണ്. ( പിന്നെ ഇവിടെ English അക്ഷരങ്ങള്‍‌ക്ക് തല്കാലം പ്രാധാന്യം നല്‍‌കുന്നില്ല. എന്തെന്നാല്‍‌ English ല്‍‌ “ a,e,i,o,u “ വരാത്ത വാക്യങ്ങള്‍‌ അപൂര്‍‌വ്വമാണല്ലോ.)

1 ജി. ദേവരാജന് 1. G. DEVARAJAN
2. കെ. ജെ. യേശുദാസ് 2. K.J. YESUDAS
3. പി. യചന്ദ്രന് 3. P. JAYACHANDRAN
4. എസ്. ജാനകി. 4. S. JANAKI
5. എം.ജി.ശ്രീകുമാര് 5. M.G. SREEKUMAR
6. എം.ജി.രാധാകൃഷ്ണന് 6. M.G.RADHAKRISHNAN
7. സുജാ7. SUJATHA
8. ജി. വേണുഗോപാല് 8. G. VENUGOPAL
9. വാണി യറാം 9. VAANI JAYARAM
10. എം. യചന്ദ്രന് 10. M. JAYACHANDRAN
11. ബാബുരാജ് 11 BABU RAJ
12. മജ്ജരി 12 MANJARI
13. ജോത്സ്യന 13 JYOTHSNA
14. വിയ് യേശുദാസ് 14 VIJAY YESUDAS
15. ബിജു നാരായണന് 15 BIJU NARAYANAN
16. ആശ ജി. മേനോന് 16 ASHA G. MENON
17. ജാനമ്മ ഡേവിഡ്. 17 JANAMMA DEVID
18. ജാസി ഗിഫ്റ്റ് 18 JAASI GIFT
19. ജിക്കി 19 JIKKI
20. എ.എം.രാ. 20 A.M. RAJA
21. ഇളയരാ. 21 ILAYARAJA

22. കെ.ജി.മാര്ക്കോസ് 22 K.G. MARKOSE

23. പെരുമ്പാവൂര് ജി രവീന്ദ്രനാഥ് 23 PERUMBAVOOR G. RAVEENDRANATH

24. രജ്ജിനി ജോസ്. 24 RANJINI JOSE

25. ടി.എസ്. രാധാകൃഷ്ണജി* 25 T.S.RADHAKRISNAJI

26. കണ്ണൂര് രാന് 26 KANNUR RAJAN
27. ജോണ്‍‌സന്‍‌ 27. Johnson
28. യവിയന്‍ 28. Jayavijayan
29. ഹാരിസ് യരാജ് 29. Harris Jayaraj
30. യുവാന്‍‌ ശങ്കരരാ 30. Yuvan Shankararaja
31. കെ. യകുമാര്‍‌31. K. Jayakumar

32. എം.കെ. അര്‍ജ്ജൂനന്
33. മനോജ് കൃഷ്ണന്‍
34. രാജാമണി.
35. അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍
36. സെബാസ്റ്റ്യന്‍ കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍
37. ജെറി അമല്‍ദേവ്
38. എസ്.ജാനകീദേവി. ( ബിച്ചു തിരുമല യുടെ സഹോദരിയും ഗായികയും)

39. ബോംബെ യശ്രീ

40. ജോഷ്വാ ശ്രീധര്‍

41. രാഹുല്‍ രാജ്

മുകളിലെ ലിസ്റ്റിലെ പേരുകളില് നിന്നും“ജ”യുടെ പ്രാധാന്യം നിങ്ങല്ക്കു മനസ്സിലായിരിക്കുമല്ലോ ?. ഇതില് ഒരു പേരായ ടി. എസ്സ് രാധാകൃഷ്ണന്‍ – പേര് “ജ” എന്ന അക്ഷരത്തിന്റെ പ്രാധാന്യം നിമിത്തം പേരില് മാറ്റം വരുത്തിയതാണ് എന്നാണറിവ്. . എന്റെ ചെറിയ ഒരു നിരീക്ഷണത്തില് തോന്നിയ കാര്യം നിങ്ങളുടെ മുന്നില് അവതരിപ്പിച്ചു എന്ന് മാത്രം. തെറ്റുകുറ്റങ്ങളും കുറവുകളും പൊറുക്കുക.

താഴെ കൊടുത്തിരിക്കുന്നവരിലും അല്പം സാദ്രശ്ശ്യം ഉണ്ട്. വാക്ക് പക്ഷെ, ക ( K) ആണെന്നു മാത്രം.


1 LATHA MANGESKAR ലത മങ്കേഷ്കര്
2 SREEKUMARAN THAMPI ശ്രീകുമാരന് തമ്പി.

3 K.S. CHITRA കെ. എസ്സ്. ചിത്ര
4 KRISHNACHANDRAN കൃഷ്ണചന്ദ്രന്
5 MADHU BALAKRISHNAN മധു ബാലകൃഷ്ണന്
6 KAVALAM SREEKUMAR കാവാലം ശ്രീകുമാര്
7 KAVALAM NARAYANA PANIKKAR കാവാലം നാരായണപ്പണിക്കര്
8 KAMUKARA PURUSHOTHAMAN കമുകറ പുരുഷോത്തമന്
9 YUSAFALI KECHERI യൂസഫലി കേച്ചേരി.
10 SHIBU CHAKKRAVARTHI ഷിബു ചക്രവര്ത്തി.
11 KUMAR SANU കുമാര് സാനു
12 P.UNNIKRISHANAN പി. ഉണ്ണികൃഷ്ണന്
13 KALAVOOR BALAN കലവൂര് ബാലന്
14 KALLARA GOPAN കല്ലറ ഗോപന്
15 P. BHASKARAN പി. ഭാസ്കരന്
16 CHOVVALLOOR KRISHNANKUTTY ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി.
17. Kaithapram കൈതപ്രം
18. Kaarthik കാര്‍‌ത്തിക്
19. Deepak Dev ദീപക് ദേവ്
20. Alex paul അലക്സ് പോള്‍
21.

ഇവിടെ കൊടുത്തിരിക്കുന്നതിലും കൂടുതല്‍‌ പേര്‍‌ ചിലപ്പോള്‍‌ കണ്ടേക്കാം. വായനക്കാര്‍‌ക്ക് അറിയാവുന്നവ കൂടി കമന്റാ‍യി ചേര്‍‌ക്കുമല്ലോ.

Copy right reserved to author

Monday, October 1, 2007

അയ്യോ … എന്റമ്മേ …ഹൌസാറ്റ് !!!

പണ്ട് ഒരു വേനലവധിക്കാലം . ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഞാന് എന്റെ അടുത്ത സുഹൃത്തായ ജിബീഷിന്റെ വീട്ടിലാണ് അന്ന് കളിക്കാന് പോകാറുള്ളത്. അന്ന അവന്റെ വീട്ടിലാണ് അടുത്ത വീടുകളിലെ കുട്ടിപ്പട്ടാളം മുഴുവന് (ആണ്കുട്ടികളും പെണ്കുട്ടികളും ) കളിക്കാനായി ഒത്തുചേരുക. ചെറിയകുട്ടികള് മുതല് 10ല് പഠിക്കുന്ന കുട്ടികള് വരെ എത്തും കളിക്കാന്.


ചില ദിവസ്സങ്ങളില് ഉച്ചതിരിഞ്ഞ് അടുത്ത വീടുകളിലെ ചേച്ചിമാരും, അമ്മമാരും, അമ്മൂമ്മമാരും ആയി സദസ്സ് കൊഴുക്കും. ഇന്നത്തെപ്പോലെ മലയാളം ചാനലുകള് അന്ന് ഇല്ലാതിരുന്നതിനാലും ( ദൂരദര്‍‌ശ്ശന് മാത്രമേ അന്നുള്ളൂ. അതും വൈകുന്നേരം അഞ്ചേമുപ്പത് മുതല് രാത്രി 8.30 വരെ മാത്രവും) സമയം കളയാന് മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതിരുന്നതിനാലും പരദൂഷണക്കെട്ടഴിക്കാന് നല്ലൊരു കമ്പോളം ആയിരുന്നു അന്ന് അവിടം. (ഇന്നും ആഴ്ചയിലൊരിക്കല് "കുടുംബശ്രീ" എന്ന ഒരു സര്ക്കാര് അംഗീകരിച്ച പരദൂഷണസമിതി ആഴ്ചയിലൊരിക്കല് ചേരലുണ്ടെന്നാണറിവ്- ചെറിയ ഒച്ചയും ബഹളവും ഞായറാഴ്ചകളില് കേല്ള്ക്കാറുള്ളതൊഴിച്ചാല് മറ്റൊരു പ്രവര്ത്തനവും ഇതുവരെ ഞങ്ങളുടെ നാട്ടിലെ ഈ യൂണിറ്റില് നടന്നതായി അറിവില്ല.)


പലസംഘങ്ങളായാണ് ഞങ്ങള് കളിക്കുക. മിക്കവാറും ആണ്കുട്ടികല് 5 മുതല് 10 വരെ ക്ലാസ്സിലുള്ളവര് ഒരു വിഭാഗം. 1 മുതല് 4 വരെ മറ്റൊരു വിഭാഗം . അതിനും താഴെ മറ്റൊരു വിഭാഗം. പെണ്കുട്ടികളിലും ഉണ്ട് ഇത്തരത്തില് ഓരോ വിഭാഗങ്ങല് . കളികളിലുമുണ്ട് തരം തിരിവ്. ആണ്കുട്ടികള് ചെസ്സ്, ക്രിക്കറ്റ്, ഫുട് ബോള്, ടെന്നീസ്, കുട്ടിയും കോലും, ഗോട്ടി, ക്യാരംസ് എന്നിവ കളിക്കുമ്പോല് പെണ്കുട്ടികല് ,കിളിത്തട്ട് കളി, കക്ക കളി, കല്ല് കളി , കള്ളനും പോലീസും എന്നീ വിഭാഗങ്ങളില് ഒതുങ്ങും. (ഇതിലെ കിളിത്തട്ട് കളിക്കും കള്ളനും പോലീസു കളിക്കും സാധാരണ ഞങ്ങള് ആണ്‍‌കുട്ടികളും പങ്കെടുക്കാറുണ്ട്). പിന്നെ, ഇതൊന്നും കൂടാതെ പ്രാദേശികമായ ആറുമാസം, മോതിരം തുടങ്ങിയ കളികളും. (ഇതെല്ലാം മറ്റു സ്ഥലങ്ങളിലുണ്ടോ എന്നറിയില്ല)


പതിവുപോലെ ഞങ്ങള് അന്നും ക്രിക്കറ്റ് തന്നെയാണ് കളിക്കാനായി തിരഞ്ഞെടുത്തത്. പെണ്കുട്ടികല് ഒരു ഭാഗത്ത് കിളിത്തട്ടും കളിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള് ഒരു കുഴപ്പം ഉണ്ട്. 5 മുതല് 10 വരെയുള്ള കുട്ടികളുടെ എണ്ണം 12 ല് താഴെയാണ്. എങ്കിലും 6 പേര് വീതം 2 ടീം ഇടാന് തീരുമാനിച്ചു. പക്ഷെ അന്ന് ഒരാള് കുറവുണ്ട്. ഒരു ടീമില് 6 പേരും മറ്റൊന്നില് 5 പേരുമായി ടീം തീരുമാനിച്ചു. ( അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങളൊന്നും ഞങ്ങളുടെ ക്രിക്കറ്റില് ഇല്ല. മുതിര്ന്ന ആള് പറയുന്നതാണ് നിയമം.)


അപ്പോഴാണ് എന്റെ അനുജന് ( ബൂലോകത്തില് മിക്കവര്‍‌ക്കും സുപരിചിതനായ ശ്രീ തന്നെ.) അവിടെ എത്തിച്ചേരുന്നത്. അന്ന് കക്ഷിക്ക് ക്രിക്കറ്റിലൊന്നും വലിയ താല്പര്യം ഇല്ല. മാത്രമല്ല അവന് അന്ന് 3 ലൊ 4 ലൊ ആണ് പഠിക്കുന്നത്. അതിനാല് 5 മുതല് 10 വരെയുള്ളവരുടെ സംഘത്തില് കക്ഷിയെ ഉള്‍‌പ്പെടുത്തിയിരുന്നും ഇല്ല. അതില് ഞങ്ങളോട് കക്ഷിക്ക് അല്പം നീരസവും ഉണ്ടായിരുന്നു. അവനെ ഞങ്ങളുടെ സംഘത്തില് ചേര്ക്കാതിരുന്നതിനുപിന്നില് എന്റെ കറുത്തകൈകളാണെന്ന് അവന് കരുതിയിരുന്നത്. (എനിക്കും ചെറിയ പങ്കുണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷെ, അവന് ചെറുതായിരുന്നതിനാലും, അവന് കരഞ്ഞാല് അമ്മയുടെ വഴക്ക് ഞാന് കേള്‍‌ക്കേണ്ടിവരുമെന്ന പേടികൊണ്ടും ആയിരുന്നു അത്.) അന്ന് അതിന്റെ ഒരല്പം ദേഷ്യവും അവന് എന്നോടുണ്ടായിരുന്നു. എന്തായാലും എന്റെ കൂട്ടുകാരന് സലീഷ് എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കക്ഷിയെ ഞങ്ങളുടെ ടീമില് ചേര്ത്തു.


അന്ന് കളിക്കാനുണ്ടാകാറുള്ളവരെ നമുക്കൊന്ന് പരിചയപ്പെടാം. സാബു ചേട്ടന് , വസന്തന് ചേട്ടന്, ജിബീഷ്, സലീഷ്, ലതീഷ്, കണ്ണന്, ജയന്, നിതേഷ് ചേട്ടന്, അനിച്ചേട്ടന്, സജി , പിന്നെ ഞാനും, അവസ്സാനം അനിയനും. ഇതില് പലപ്പോഴും എന്തോ അഡ്‌ജസ്റ്റുമെന്റു മൂലം സ്ഥിരമായി സാബുചേട്ടന്, വസന്തന് ചേട്ടന്, അനിച്ചേട്ടന് , സജി , കണ്ണന്, ജയന് എന്നിവര് ഒരു ടീമും, ഞങ്ങള് സലീഷ്, ജിബീഷ്, ലതീഷ്, നിതേഷ് ചേട്ടന്, ഞാനും, അനിയനും എതിര് ടീമും ആയിരിക്കും. മുതിര്ന്നവര് ഭൂരിഭാഗം മറ്റേ ടീമില് ആകയാല് വിജയം പലപ്പോഴും അവര്ക്കായിരിക്കും. പക്ഷേ, വലിയവരുടെ ടീമിനെ ഇടയ്കെല്ലാം തോല്പിക്കുന്നത് ഞങ്ങല്ക്കൊരു ഉത്സവം തന്നെ ആയിരുന്നു. ഇതില് മറ്റൊരുകാര്യം എന്തെന്നാല് ഇരുടീമിലുള്ളവരും ഫീല്ഡ് ചെയ്യാന് നില്കും. ആളെണ്ണം കുറവായതിനാല്.


10 ഓവര് വീതമുള്ള കളിയാണ് അന്ന് ഞങ്ങള് കളിക്കുക. ( 20-20 ക്രിക്കറ്റ് പോലെ) അങ്ങനെ കളിതുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഞങ്ങളെല്ലാം അമ്പതു റണ്‍‌സിനോ മറ്റോ പുറത്തായി .(സ്കോര് ക്രിത്യമായി ഓര്ക്കുന്നില്ല.) രണ്ട്ടാമത് ബാറ്റുചെയ്യുന്നത് വലിയവരുടെ ടീമാണ്. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും നിറഞ്ഞതാണ് കളിസ്ഥലം. ആളെ തിക്യ്ക്കാനായി എടുത്തതു കൊണ്ടും അന്ന് കൂട്ടത്തില് ചെറിയവനായതു കൊണ്ടും അനുജനെ പ്രധാന ഫീല്‍‌ഡിങ്ങ് പൊസിഷനിലൊന്നുമല്ല ഇട്ടിരുന്നത്. ഫില്‍‌ഡിലെങ്കിലും അടുത്തുള്ള ഒരു മരത്തില് ചാരി നില്കയാണ് ആശാന്. ഇടക്ക് സലീഷ് അവനെ സോപ്പിട്ട് പ്രോത്സാഹിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. പക്ഷെ ഇഷ്ടന് ഏതോ ഒരു പാട്ടും മൂളി നില്കയാണ്.


അങ്ങനെ, സലീഷിന്റെയും ജിബീഷിന്റേയും മികച്ച ബൌളിങ്ങില് അവരുടെ 5 വിക്കറ്റുകല് വീണു. ( ആളെണ്ണം കുറവായതിനാല് single batting ആണ് അന്ന് ചെയ്യാറ്- വിക്കറ്റിന്റെ ഒരുവശ്ശത്ത് മാത്രം ബാറ്റ്സ്മാന് ഉള്ള കളി) ഇനി ഒരു വിക്കറ്റ് കൂടി വീണാല് ഞങ്ങല്ക്ക് ജയിക്കാം. പക്ഷേ ഇനിയും ഒരു ഓവര് ബാക്കി ഉണ്ട്. ജയിക്കാന് വേണ്ടത് 10 ല് താഴെ മാത്രം റണ്സും. ബാറ്റുചെയ്യുന്നത് അവരുടെ ക്യാപറ്റന് സാബുചേട്ടനും. അന്ന് ഏറ്റവും നന്നായി കളിക്കുക സാബു ചേട്ടനാണ്. സാബുചേട്ടന് ആദ്യം കളിക്കാനിറങ്ങിയാല് ചിലപ്പോല് മറ്റാര്ക്കും ബാറ്റുചെയ്യാന് സാധിക്കില്ല. അതിനാല് കക്ഷി അവസ്സാനമേ ബാറ്റ് ചെയ്യൂ. സലീഷിന്റെ ആദ്യ് പന്തു തന്നെ കക്ഷി ബൌണ്ടറിയ്ക്കു മുകളിലൂടെ പറത്തി. അവരുടെ ടീം വിജയലഹരിയിലായി. ഇനി ഏതാനും റണ്സ് എടുത്താല് അവര് ജയിക്കും. സലീഷിന്റെ അടുത്തത് ഒരു സ്ലോ ബോല് ആയിരുന്നു. സാബുചേട്ടന് ബാറ്റ് ആഞ്ഞുവീശ്ശി പന്ത് നേരെ പറമ്പിലേയ്ക്ക്. എല്ലാവരും ആകാംക്ഷയോടെ ആ ദിശയിലേയ്ക്ക് നോക്കി. അവിടെ കളിയിലൊന്നും അത്ര ശ്രദ്ധിക്കാതെ ചുറ്റിനും  നോക്കി നില്കയാണ് എന്റെ അനിയന്. അപ്രതീക്ഷിതമായിട്ടാണ് അതു സംഭവിച്ചത്. മൂളിപ്പാട്ടും പാടി മേലോട്ട് നോക്കി നിന്ന അവന്റെ നെഞ്ചിലാണ് ആ പന്ത് വന്ന് വീണത്.


ഹെന്റമ്മേ …’ എന്ന് പറഞ്ഞു കൊണ്ട് അവന് കൈ കൊണ്ട് നെഞ്ചു പൊത്തിപ്പിടിച്ചു.


എന്തു പറ്റിയെന്നറിയാതെ ഞാന് അവനെ പകച്ചു നോക്കി.രണ്ടു നിമിഷത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.

“ഹൌസാറ്റ്…!” സലീഷിന്റെ ഉച്ചത്തിലുള്ള അലര്ച്ച. നോക്കുമ്പോഴതാ പന്ത് അനിയന്റെ കയ്യില് തന്നെയുണ്ട്. “സാബുചേട്ടന് ഔട്ടായേ… നമ്മല് ജയിച്ചേ …” എല്ലാവരും അലറിവിളിച്ചു. സലീഷ് അവനെ ഓടിചെന്ന് കെട്ടിപ്പിടിച്ചു, പൊക്കിയെടുത്തു. ഞങ്ങളുടെ ടീമംഗങ്ങള് മുഴുവനും അവന്റെ ചുറ്റും കൂടി അഭിനന്ദിക്കുമ്പോള് എന്തു പറ്റിയതാണെന്നറിയാതെ മിഴിച്ചു നില്‍‌‌ക്കുകയായിരുന്നു അവന്.


എന്തായാലും ആ ഒരൊറ്റ കളിയോടെ അവനും ഞങ്ങളുടെ സീനിയര് ടീമിലെ സ്ഥിരാംഗമായി. ഭാവിയില് ഞങ്ങളൂടെ മോശമില്ലാത്ത പ്ലെയറുമായി. പിന്നീട് വര്ഷങ്ങള്ക്ക് ശേഷവും അവനെ കാണുമ്പോള് സലീഷ് ഇക്കാര്യം ഓര്മ്മിപ്പിക്കാറുണ്ട്.

© Copy right reserved to author

Sunday, September 23, 2007

മണിക്കുട്ടി

തും എന്റെ കുട്ടിക്കാലത്തെ തന്നെ ഒരു ഓര്മ്മക്കുറിപ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില് ഒരു പശുവും, ഒരാടും വെളുത്ത ആട്ടിന് കുട്ടിയും ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാല് നിതേഷ് ചേട്ടന് വന്നിട്ടുണ്ടായിരുന്നു. നിതേഷ് ചേട്ടന് കഴിഞ്ഞാല് എന്റെ ഏറ്റവും നല്ല കൂട്ട് എന്റെ ഈ ആട്ടിന് കുട്ടി ആയിരുന്നു. (നിതേഷ് ചേട്ടനില്ലാത്തപ്പോള് എന്റെ ഏറ്റവും വലിയ ചങ്ങാതിയും അവളായിരുന്നു) ഞാനതിനെ മണിക്കുട്ടിയെന്നാണ് വിളിച്ചിരുന്നത്.( മേരിക്കുണ്ടൊരു കുഞ്ഞാട് …മേനികൊഴുത്തൊരു കുഞ്ഞാട്… എന്ന് സ്കൂളില് പണ്ട് പഠിച്ച ആ പാട്ട് അന്നത്തെ പോലെ ഇന്നും നാവില് നിന്നും മാഞ്ഞിട്ടില്ല. ) ഞാന് മണിക്കുട്ടിയുടെ പിന്നാലെ കാണും എപ്പോഴും. കൂടെ നിതേഷ് ചേട്ടനും ഉണ്ടാകും. (അത് മറ്റൊന്നിനുമല്ല… എന്നെനോക്കേണ്ട ചുമതല അച്ഛമ്മ പാവം നിതേഷ് ചേട്ടനെ ആയിരിക്കും ഏല്പിക്കുക)

ഞാന് ഭക്ഷണം കഴിക്കുമ്പോഴ് അതില് ഒരു പങ്ക് മണിക്കുട്ടിക്കും ഉണ്ടാകും. ഞാന് രാവിലെ പ്രാതല് കഴിക്കുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴും രാത്രി അത്താഴം കഴിക്കുമ്പോഴും അവള് ഒരു പ്രത്യേകരീതിയില് കരയും… എന്തിനെന്നോ, അവള്ക്കുളള ഭക്ഷണത്തിന്റെ പങ്ക് കിട്ടാന്…

ഒരു ദിവസ്സം മണിക്കുട്ടിക്കൊപ്പം…കളിചുകൊണ്ടിരിക്കുമ്പോല് അവള് വളരെ വേഗത്തില് ഓടി. പിന്നാലെ ഞാനും. ഓടി ഓടി പറമ്പിന്റെ ഒരു ഭാഗത്തെത്തിയപ്പോള് അവള് പെട്ടെന്നങ്ങ് അപ്രത്യക്ഷമായി. ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു ഒരു സ്ഥലമായിരുന്നു അത്. മണിക്കുട്ടിയുടെ പിന്നാലെ പോയ ഞാന് അതിന്റെ കരച്ചില് മാത്രം കേട്ടു. ചെടികള്ക്കിടയിലാണ് മണിക്കുട്ടിയെന്നു മനസ്സിലാക്കിയ ഞാന് അതിനുള്ളിലേക്കു നടന്നു. വള്ളികളും കുറ്റിചെടികളും എന്നെ തടയുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും വകവക്കാതെ ഞാന് മുന്നോട്ട് നടന്നു. മണിക്കുട്ടിയുടെ കരച്ചില് അടുത്തുവരുന്നതായി എനിക്ക് തോന്നി. ഞാന് ഒരടികൂടി മുന്നോട്ട് വച്ചു. അതാ എന്റെ മണിക്കുട്ടി…. ഒരുവലിയകുഴിയുടെ ഇടിഞ്ഞുവീഴാറായ ഒരു വശത്ത് വള്ളിയില് കുടുങ്ങികിടക്കുന്നു.
(ചുറ്റുമതില് ഒന്നും ഇല്ലാത്ത ഒരു പൊട്ടക്കിണര് ആയിരുന്നു അത്. ഉപയോഗ്യശൂന്യം ആയതിനാല് കിണറിന്റെ ഉള്ഭാഗത്തും ചുറ്റുവട്ടത്തും ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു. അകലെനിന്നും നോക്കിയാല് അവിടെ ഒരു കിണര് ഉണ്ടെന്ന് പെട്ടെന്നാര്ക്കും തോന്നില്ല. കുറേ ചെടികല് നില്കുന്നതായി മാത്രം തോന്നും. അവിടെ ഒരു കിണര് ഉള്ള കാര്യം അന്ന് എനിക്കും അറിവുണ്ടായിരുന്നില്ല.)

ഞാന് മണിക്കുട്ടിയെ രക്ഷിക്കാനായി അതിലേക്ക് ഇറങ്ങാന് നോക്കി. പെട്ടന്ന് എന്നെ ആരോ പിന്നില് നിന്നും പിടിച്ചു. ഞാന് അല്പം ദേഷ്യത്തോടെ തന്നെ പിറകോട്ട് തിരിഞ്ഞു. മറ്റാരുമല്ല, നിതേഷ് ചേട്ടന് ആയിരുന്നു അത്.

“അമ്മൂമ്മേ… അമ്മൂമ്മേ… ഓടിവരണേ….” നിതേഷ് ചേട്ടന് എന്നെ പിടിച്ചു നിര്ത്തിയിട്ട് വിളിച്ചു കൂവുകയാണ്.

നിതേഷ് ചേട്ടന്റെ ശബ്ദം കേട്ട് അമ്മൂമ്മയും, അടുത്ത വീട്ടിലെ വല്യച്ഛനും ഓടി വന്നു. നിതേഷ് ചേട്ടനില് നിന്നും കുതറിമാറാന് ശ്രമിക്കുന്ന എന്നെ അമ്മൂമ്മ വാരിയെടുത്തു. വല്യച്ഛന് അവിടെ നിന്ന കുറ്റിച്ചെടികള് വകഞ്ഞുമാറ്റി. അപ്പോഴെയ്ക്കും വലിയൊരു ഏണിയും കയറുമായി മറ്റു രണ്ടു പേര് കൂടി അവിടെ എത്തി. അവരെല്ലാവരും ചേര്ന്ന് മണിക്കുട്ടിയെ പുറത്തെടുത്തു. അവള്ക്ക് ഭാഗ്യത്തിന് ഒന്നും പറ്റിയിരുന്നില്ല. നിലത്തിറക്കിയയുടനെ അവള് ഓടി എന്റെ അടുത്തെത്തി എന്നെമുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ദൂരെ മണിക്കുട്ടിയുടെ അമ്മയും അതിനെ കാണാതെ കരയുന്നുണ്ടായിരുന്നു. ഞാന് മണിക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്തെത്തിച്ചു. അതിനും സന്തോഷമായിക്കാണും.

പിന്നീട് കുറെ നാളുകള്ക്കു ശേഷം ഞാന് കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടയില് മണിക്കുട്ടിയുടെ കരച്ചില് കേട്ടു. ഞാന് ഓടി വീട്ടില് എത്തി. അന്നേരം അച്ഛനും അമ്മയും, അമ്മൂമ്മമാരും, അടുത്തവീട്ടില് വരാറുള്ള കൊച്ചിറ്റാമന് എന്ന ഒരാളും അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവിടെ ഒരു പഴയ കുട്ട കിടക്കുന്നുണ്ടായിരുന്നു. അവരെല്ലാം അതിന് ചുറ്റും കൂടി നില്കുന്നു. എന്തൊക്കെയൊ പിറുപിറിക്കുന്നും ഉണ്ട്. അതിനടുത്തുനിന്നും മണിക്കുട്ടിയുടെ ഒരു തരം പ്രത്യേക രീതിയിലുള്ള കരച്ചിലും കേല്ക്കുന്നു.

പെട്ടന്ന് ഞാനങ്ങോട്ട് വരുന്നതു കണ്ട അമ്മ അച്ഛനോടെന്തോ പറഞ്ഞു. അച്ഛന് എന്നെ എടുത്ത് അച്ഛന്റെ സൈക്കിളില് ഇരുത്തി എന്നെയും കൂട്ടി പുറത്തേയ്ക്ക് പോയി. രാത്രി കുറച്ച് വൈകിയാണ് ഞങ്ങള് മടങ്ങിയെത്തിയത്. ഭക്ഷണം പുറത്തു നിന്നും കഴിച്ചതിനാല് എനിക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. മണിക്കുട്ടിയെ അന്വേഷിച്ചെങ്കിലും അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു.

പിറ്റേദിവസ്സം രാവിലെ ഞാന് അന്വേഷിച്ചെങ്കിലും മണിക്കുട്ടിയെ കണ്ടില്ല. ഞാന് എല്ലാവരോടും തിരക്കി. അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. ഞാന് വളരെ നേരം അന്വേഷിച്ചു നടന്നുവെങ്കിലും എവിടെയും അവളെ കണ്ടില്ല.

ഞാന് ചെറിയ തോതില് സമരം (നിരാഹാരം) തുടങ്ങി. അവസ്സാനം അമ്മ പറഞ്ഞു. മോനെ… നിന്റെ മണിക്കുട്ടിയെ കൊച്ചിറ്റാമന് വളര്ത്താന് കൊണ്ടു പോയതാ. അവള് വലുതാകുമ്പോള് മടക്കി തരും. ഒട്ടും ഇഷ്ടമായില്ലെങ്കിലും അതു കേട്ടപ്പോള് എനിക്ക് അല്പം ആശ്വാസമായി.. എങ്കിലും എന്തോ ഒരു സംശയം എന്നില് ബാക്കി നിന്നിരുന്നു.

പിന്നെ അയാളെ എവിടെ വച്ചു കണ്ടാലും ഞാന് ചോദിക്കും “എന്റെ മണിക്കുട്ടി എന്തിയേ? വലുതായോ..? എന്നാ അവളെ കൊണ്ടുത്തര്വാ? ” അയാള് എന്നെ തുറിച്ച് നോക്കും. ഒന്നും മനസ്സിലാകാത്തപോലെ.

ഇത് കേട്ട് എന്റെ കൂടെയുള്ള അച്ഛനൊ അമ്മയോ അമ്മൂമ്മയൊ പറയും നമ്മുടെ ആ ആട്ടിന് കുട്ടിയെ ആണ് ചോദിക്കുന്നത്.

അപ്പോള് അയാള് പയ്യെ ചിരിച്ചു കൊണ്ട് പറയും, “മണിക്കുട്ടി വലുതായിട്ടില്ലാട്ടോ. വലുതാകുമ്പോള് മാമന് മോന് തിരിച്ചു തരാം…”

പിന്നിട് വര്‍‌ഷങ്ങള് കഴിഞ്ഞു. ഞാന് വളര്‍‌ന്നു, സ്കൂളില് ചേര്‍‌ന്നു… പതിയെ മണിക്കുട്ടിയും എന്റെ ഓര്‍‌മ്മകളില് മാത്രമായി. എങ്കിലും എന്റെ സംശയം പൂര്‍‌ണ്ണമായും മാറിയിരുന്നില്ല. ഒരു ദിവസ്സം അമ്മയോട് ചോദിച്ചപ്പോഴാണ് സത്യം മനസ്സിലായത്. അമ്മ കാര്യം വിശദീകരിച്ചു.

(അന്ന് ഞാന് കേട്ടത് മണിക്കുട്ടിയുടെ അവസാനത്തെ കരച്ചില് ആയിരുന്നു. അടുത്ത വീട്ടിലെ മരച്ചീനി തോട്ടത്തില് നിന്നും മരച്ചീനിയുടെ ഇല തിന്ന് എന്തോ വിഷ ബാധയേറ്റ് മണിക്കുട്ടി ഈ ലോകത്ത് നിന്നും യാത്രയാകുകയായിരുന്നു. മരച്ചീനിയിലകളില് ചില സമയങ്ങളില് ഉണ്ടാകുന്ന ചെറിയ പുഴുക്കള്‍‌ക്ക് വിഷമുണ്ടായിരിക്കുമത്രെ. ഇവ ഭക്ഷിക്കുന്ന ചെറിയ ജന്തുക്കള്‍‌ക്ക് വിഷമേല്ക്കും.. കുഞ്ഞായിരുന്ന മണിക്കുട്ടിക്കു സംഭവിച്ചതും അതുതന്നെ. )

ചെറിയകുട്ടിയായ എന്നെ ദുഃഖിപ്പിക്കേണ്ടെന്നുകരുതി അവരെല്ലാം സത്യം മറച്ചു വയ്കുകയായിരുന്നു. വര്ഷങ്ങള് കഴിഞ്ഞിരുന്നെങ്കിലും ഇതുകേട്ട് എന്റെ കണ്ണുകള് ഈറനണിഞ്ഞു. ഇന്നും മണിക്കുട്ടിയെ കുറിച്ചുള്ള ഓര്‍‌മ്മകള് എന്നില് എന്തോ ഒരു നഷ്ടബോധം നിറയ്ക്കുന്നു.
© Copy right reserved to author

Monday, September 17, 2007

ബാല്യം: മരിക്കാത്ത ഓര്മ്മകള്

ഞാന്‍ ‌ജനിച്ചു വളര്‍‌ന്ന എന്റെ പഴയ തറവാട്ടു വീടിനെ പറ്റിയും ഞങ്ങളെ വിട്ടുപോയ അച്ഛാച്ചന്റെയും, അമ്മൂമ്മയുടേയും ഓര്‍‌മ്മകളില്‍ എഴുതിയത്. കൂടാതെ ഈ സെപ്തംബര്‍‌ 16 ന് തറവാട്ടില്‍‌ നിന്നും മാറി ഞങ്ങളുടെ കൊച്ചു വീട്ടില്‍‌ താമസമാക്കിയിട്ട് 18 വര്‍‌ഷങ്ങള്‍‌ പൂര്‍‌ത്തിയാക്കിയിരിക്കുന്നു. )

ഓര്മ്മകള് തേടുന്നു തായ് വഴികള്

ഓര്‍മ്മക്കായ് നേരുന്നു മംഗളങ്ങള്‍

ഓര്‍മ്മച്ചിരാതിന് തിരിനാളമായ്

ഓടിയെത്തുന്നെന്റെ ബാല്യകാലം…!എന്റെ ബാല്യത്തിനു വര്‍ണങ്ങളേകിയ

കൊച്ചു തറവാടെന് ഓര്‍മ്മയില് മാത്രം..

അന്നെന്റെ മുറ്റത്തെ പ്ലാവിന്‍ ചുവട്ടിലായ്

മണ്ണപ്പം ചുട്ടനാള്‍ ഓര്‍മ്മയില് മാത്രം…പ്ലാവിലക്കുമ്പിളില്‍ വെണ്ണ തരുന്നൊരു

മുത്തശ്ശിയിന്നെന്റെ ഓര്‍മ്മയില് മാത്രം.

പഞ്ച തന്ത്രം കഥ ചൊല്ലി തരുന്നൊരാ

മുത്തശ്ശനും എന്റെ ഓര്‍മ്മയില് മാത്രം.ബാല്യകൌമാരങ്ങളോര്‍മ്മകളായ് ഇന്ന്

ഏകനായ് ഞാന് യാത്ര തുടര്‍ന്നിടുന്നു...

ഓര്‍ക്കുവാന് ഏറെയുണ്ടെങ്കിലും ഇന്നുമെന്‍

ബാല്യം മനസ്സില്‍ വിളങ്ങിടുന്നു…
© Copy right reserved to author

Friday, September 7, 2007

ഉണ്ണിക്കണ്ണന്‍
ഹരിശ്രീ കുറിക്കുന്നു,ശ്രീകൃഷ്ണ ഭഗവാനെയും വിഘ്നേശ്വരനേയും മനസ്സാ സ്മരിച്ചു കൊണ്ട്.
(ഞങ്ങളുടെ നാട്ടിലെ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തെ മനസ്സില്‍‌ നമിച്ചു കൊണ്ട് എഴുതിയ ഒരു ഭക്തിഗാനം)


ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും
ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും
പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ
പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍…
ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…

രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…

മീനത്തില്‍ ചോതി നാള്‍ ഉത്സവകൊടിയേറ്റം
ഉത്രാടം നാളിലോ തിരുവുത്സവം…
തിരുവോണം നാളിലായ് ആറാടും ഭഗവാന്‍
അമ്പാടിക്കണ്ണന്‍ ഈ ശ്രീകൃഷ്ണ ഭഗവാന്‍
ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…

രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര് വാഴും ശ്രീകൃഷ്ണാ ഹരേ…

വ്രതവും നോറ്റെത്തുന്ന ഭക്തര്‍‌ക്കു നല്‍‌കും
വരമായിട്ടെന്തും ഉണ്ണിക്കണ്ണന്‍…
ഒരു താലം പൂക്കളും ഒരു കുമ്പിള്‍ വെണ്ണയും
ഭഗവാന് നേദിച്ചനുഗ്രഹം നേടൂ…
ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ

രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…
© Copy right reserved to author