Tuesday, March 23, 2010

ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്

മധ്യവേനലവധിക്കാലത്തിന്റെ സന്തോഷകരമായ ദിവസങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന വിഷു എന്നും നല്ല സ്മരണകളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. കളിയും ചിരിയും വികൃതികളുമായി നടക്കാം. ധാരാളം പുസ്തകള്‍ വായിക്കാം, സിനിമകാണാം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം. ഇതെല്ലാം മധ്യവേനല്‍ അവധിക്കാലത്ത് മാത്രം സാധ്യമാകുന്നതാണ്. മാമ്പഴങ്ങളും കായ് കനികളും മൂത്ത് പഴുത്ത് നില്‍കുന്ന സമയം കൂടിയാണ് വേനലവധിക്കാലം. കൂടാതെ മനോഹരമായ കണിക്കൊന്നപ്പൂ‍ക്കള്‍ പൂത്തുനില്‍കുന്ന കാലവും.ഇതെല്ലാം വിഷുക്കാലത്തിന്റെ മാത്രം പ്രത്യേകതകളാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാ വര്‍ഷവും വിഷുവിന് അച്ഛനാണ് കണിഒരുക്കുക. കണിയൊരുക്കുന്നത്തിനുവേണ്ട സാധനങ്ങളെല്ലാം തലേന്ന് രാത്രി ഒരുക്കി വച്ച് വെളുപ്പിന് ഉറക്കമുണര്‍ന്നാണ് കണിഒരുക്കുക. ഓട്ടുരുളിയില്‍ നിറയെ കണികൊന്നപ്പൂക്കളും, കണിവെള്ളരിയും, മാമ്പഴങ്ങളും, കുത്തരിയും, സ്വര്‍ണ്ണവും, തളിര്‍വെറ്റിലയും, പഴുത്തഅടക്കയും, ചക്കയും, മറ്റുഫലങ്ങളും, ഗ്രന്ഥങ്ങളും, നാണയങ്ങളും,അലക്കിയെടുത്ത് ഞൊറിയിട്ട് കിണ്ടിയില്‍ വച്ച മുണ്ടും, വാല്‍ക്കണ്ണാടിയും, ഓട്ടുരുളിയില്‍ വച്ച് രണ്ടായിമുറിച്ച നാളികേരമുറിയില്‍ എണ്ണയില്‍ തെളിച്ച ദീപങ്ങളും, അനേകം തിരികളിട്ടു തെളിയിച്ച നിലവിളക്കും, ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്‍പില്‍ വച്ച ആ വിഷുക്കണി. അതിന്റെ ആ സ്വര്‍ണ്ണപ്രഭചൊരിയുന്ന വിഷുക്കണി ദര്‍ശ്ശനം എത്ര കണ്ടാലും വിവരിച്ചാലും മതിവരില്ല. വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും കണികാണിക്കുന്ന പതിവുണ്ട്. ഞങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ അച്ഛനും അമ്മയും ചേര്‍ന്ന് ഞങ്ങളുടെ നന്ദിനി പശുവിനേയും,അതിന്റെ കിടാവ് കിങ്ങിണിയേയും കണികാണിക്കും. പിന്നീട് ഉറങ്ങാതെ അവര്‍ ഇരുവരുംചേര്‍ന്ന് സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷുക്കണികൊണ്ടുവരുന്ന ഒരേര്‍പ്പാടുണ്ട്. നാടിന്റെ ഓരോ ഭാഗത്ത് ഓരോ സംഘങ്ങല്‍ ഇത്തരത്തില്‍ കണികൊണ്ടുവരും. എന്റെ അടുത്തസുഹൃത്തുക്കളായ സലീഷ് , ജിബീഷ്, കണ്ണന്‍, ജയന്‍ എന്നിവര്‍ചേര്‍ന്ന് അക്കാലത്ത് കണിയെല്ലാം ഒരുക്കി ഓരോവീട്ടിലും കൊണ്ടുവരുമായിരുന്നു. (പക്ഷേ അച്ഛനൊരുക്കുന്നത്ര ഭംഗി മറ്റെങ്ങും എനിക്ക് തോന്നിയിട്ടില്ല. ആ സ്വര്‍ണ്ണപ്രഭ ചൊരിയുന്ന വിഷുക്കണി അച്ഛന്‍ ഒരുക്കുന്ന വിഷുക്കണിക്ക് മാത്രം സ്വന്തം.) ആ വര്‍ഷവും അവര്‍ പതിവുപോലെ കണിയൊരുക്കി ഓരോവീട്ടിലും കൊണ്ടുവന്നു. ശംഖ് വിളിച്ചോ, പടക്കം പൊട്ടിച്ചോ(ശംഖ് വിളിയില്‍ ഉണരാത്തവരെ ഉണര്‍ത്താന്‍.) ആണ് ആളുകളെ ഉണര്‍ത്തുക. ആ വര്‍ഷവും കണിയെല്ലാം ഒരുക്കി അച്ഛനും അമ്മയും ചേര്‍ന്ന് എന്റെയും അനുജന്റെയും കണ്ണുപൊത്തി അച്ഛനൊരുക്കിയ വിഷുക്കണിയുടെ മുന്നില്‍ ഞങ്ങളെ എത്തിച്ചു. അമ്പാടിക്കണ്ണന്റെ മുന്നില്‍ ഞങ്ങളെല്ലാം കണിയും കണ്ട് മതിമറന്ന് നില്‍കുമ്പോഴാണ് കണിയുമായി എന്റെ കൂട്ടുകാരുടെ വരവ്. ശംഖ് നാദം മുഴക്കി അവര്‍ വരവറിയിച്ചു. അവരുടെ കണികണ്ട് അവര്‍ക്ക് ദക്ഷിണയും നല്‍കി അച്ഛനും അമ്മയും അകത്തേക്ക് പോയി. കണികണ്ട് കഴിഞ്ഞ് ഉറങ്ങുന്ന പതിവ്വ് അന്നില്ല. അതിനാല്‍ ഞാനും അനുജനും പടക്കം പൊട്ടിക്കാനും തുടങ്ങി. കൂട്ടുകാര്‍ കണിയും കൊണ്ട് ഞങ്ങളുടെ പടിഞ്ഞാറേതിലെ വീട്ടിലും അതിനുശേഷം ഞങ്ങളുടെ അടുത്തുള്ള തറവാട്ടുവീട്ടിലും എത്തി. ഞാ‍നും അനിയനും വാശ്ശിയോടെ പടക്കം പൊട്ടിക്കുകയാണ്. വീട്ടിലും വഴിയരികിലും എല്ലാം. പടക്കം പൊട്ടിക്കല്‍ അക്കാലത്ത് ഒരു മത്സരമാണ്. അടുത്തവീട്ടില്‍ ഒന്നു പൊട്ടിച്ചാല്‍ ഞങ്ങള്‍ രണ്ട് പൊട്ടിക്കും, അവരും തിരിച്ച് അല്പം കൂടി ശബ്ദമുള്ള പടക്കം പൊട്ടിച്ച് വാശ്ശികാണിക്കും. അങ്ങോട്ട് തിരിച്ചും. ഇതിനിടെ പടക്കം കഴിഞ്ഞാല്‍ കടയില്‍ രാത്രി തന്നെപോയി വാങ്ങിക്കൊണ്ടുവന്ന് വീണ്ടും പൊട്ടിക്കും. അങ്ങനെ വിഷുപ്പുലരിവരെ അത് തുടരും. ഇതിനിടയില്‍ ഞങ്ങളുടെ തറവാ‍ട്ടിലെ മുറ്റത്ത് കൂട്ടുകാരുടെ ശബ്ദം കേട്ട് ഞങ്ങള്‍ അവിടെ എത്തി. അപ്പോഴാണ് കാ‍ര്യം മനസ്സിലായത്. അവിടെ എല്ലാവരും കണികണ്ട് കഴിഞ്ഞ് അവസ്സാനം കുഞ്ഞച്ഛന്റെ മകന്‍ കണ്ണനെ കണികാണിക്കാ‍ന്‍ കൊണ്ടുവന്നു. രണ്ടോ, മൂന്നോ വയസ്സേ അന്നവന് പ്രായമുള്ളൂ. നല്ല ഉറക്കത്തിലുമായിരുന്നു കണ്ണന്‍. കണികാണിക്കാനായി അച്ഛമ്മ അവനെ കണിക്കുമുന്നിലെത്തിച്ചു. കണ്ണൊക്കെത്തിരുമ്മി കണ്ണന്‍ ഉറക്കച്ചടവോടെ പതുക്കെ കണിയിലേക്ക് നോക്കി. എന്നിട്ട് അവര്‍ക്കായി നല്ലൊരു വിഷുക്കണി തന്നെ അവന്‍ കാഴ്ചവച്ചു. കാര്യം എന്തെന്നാല്‍ കണിയിലേക്കു നോക്കി കണ്ണടച്ചുനിന്ന് മൂത്രം ഒഴിക്കുകയാണ് കണ്ണന്‍ ചെയ്തത്. (കിടക്കയില്‍ മൂത്രം ഒഴിക്കാതിരിക്കാന്‍ പതിവായി ഉറക്കമുണര്‍ത്തി മൂത്രം ഒഴിപ്പിച്ചിരുന്ന ചെറിയകുട്ടിയായിരുന്ന് അവന് കാര്യം മനസ്സിലായില്ല.ഉറക്കമുണര്‍ത്തിയത് മൂത്രം ഒഴിപ്പിക്കാനാകുമെന്നാണ് അവന്‍ ധരിച്ചത്. അവന്‍ മറ്റൊന്നും ആലോചിക്കാതെ പതിവുപോലെ മൂത്രം ഒഴിച്ചു.) എന്തായാലും അവരുടെ കണികാണിക്കല്‍ അവിടെ അവസ്സാനിച്ചു. മാത്രമല്ല അതിനുശേഷം കണികൊണ്ടു പോകുന്ന ഏര്‍പ്പാടും അവര്‍ അവസ്സാനിപ്പിച്ചു. പിന്നീടൊരു വര്‍ഷവും അവര്‍ കണി കൊണ്ടുവന്നിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയിരിയ്കുന്നു. ഇതിലെ കഥാപാത്രങ്ങളായ എന്റെ സുഹൃത്തുക്കളായ ജിബീഷ് ഇപ്പോള്‍ മാലിദ്വീപിലും, സലീഷ് ഇപ്പോള്‍ ബഹറൈനിലും ജോലി നോക്കുന്നു. കണ്ണന്‍ ഇപ്പോള്‍ മസ്കറ്റിലും. വീണ്ടും ഒരു വിഷുക്കാലം വന്നു ചേരുമ്പോള്‍ എന്റെ മനസ്സില്‍ അന്നത്തെ വിഷുക്കാലവും , ഇത്തരം രസകരമായചില വിഷുസ്മരണകളുമാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.
എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ഐശ്വര്യവും, സമ്പല്‍സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകള്‍ നേരുന്നു....

ഹരിശ്രീ