Tuesday, January 1, 2008

കെ.ജെ.യേശുദാസ് :മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍- മലയാളികളുടെ സ്വന്തം ദാസേട്ടന്‍



മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസിന്  (K.J. YESUDAS) ഈ വരുന്ന 2008 ജനുവരി 10 ന് 68 വയസ്സ് തികയുന്നു. 68 ആം വയസ്സിലും ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2007 പ്രശസ്തഗായകര്‍ക്കെല്ലാം ഗാനങ്ങള്‍ കുറവായ ഒരു വര്‍ഷമായിരുന്നു. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ച ഒരു വര്‍ഷവുമാണ്. എങ്കിലും യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും മികവു പുലര്‍ത്തി.



1940 ജനുവരി 10 ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു.




വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്രപിന്നണിഗാനരംഗത്ത് ഹരിശ്രീകുറിച്ച അദ്ദേഹത്തിന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന്‍ കഴിഞ്ഞതാണ്‍ അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം. പ്രശസ്തസംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാര് ,ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന്‍ മികവേകി.



സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്ത്തുന്നു നമ്മുടെ ദാസേട്ടന്‍.



ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.




വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.



1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972 ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973 ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി.1989 ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20 ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍ “ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा …” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍ , മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.



സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.

© Copy right reserved to the author

ചിത്രത്തിന് കടപ്പാട് : www.yesudas.com

38 comments:

ഹരിശ്രീ said...

ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ കെ.ജെ. യേശുദാസിന് ഈ വരുന്ന ജനുവരി 10 ന് , 68 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും, ദീര്‍ഘായുസ്സിനും നമുക്ക് പ്രാര്‍ത്ഥിക്കാം....

ഹരിശ്രീ said...

ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ കെ.ജെ. യേശുദാസിന് ഈ വരുന്ന ജനുവരി 10 ന് , 68 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും, ദീര്‍ഘായുസ്സിനും നമുക്ക് പ്രാര്‍ത്ഥിക്കാം....

അലി said...

മലയാളത്തിന്റെ കാതുകള്‍ക്ക് എന്നും പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യത്തിനും, ദീര്‍ഘായുസ്സിനും നമുക്ക് പ്രാര്‍ത്ഥിക്കാം....

പുതുവത്സരാശംസകള്‍!

Kiranz..!! said...

യേശുദാസ് എന്ന ഗായകനായ വ്യക്തിയോട് കടുത്ത അമര്‍ഷം വ്യക്തിപരമായി കൊണ്ടുനടന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു.വികലമായ ഒരു മാറ്റം ആഗ്രഹിച്ചത് എത്ര തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.പുതിയ ഗാനരീതികളെ കുറ്റം പറയുകയല്ല.മാറ്റം ആഗ്രഹിക്കാത്ത പഴമനസുകളെ കുറ്റം പറഞ്ഞതിന്റെ ഫലമെന്നോണം പുതിയ ഗാനങ്ങളെ ആസ്വദിക്കാനുള്ള കഴിവ് എടുത്ത് മാറ്റപ്പെട്ടുവോ/അതോ ഗന്ധര്‍വ്വ ശാപമോ..!

നന്നായി ഈ കുറിപ്പ്..!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഗാനഗന്ധര്‍വ്വന്‌ പിറന്നാള്‍, നവവത്സരാശംസകള്‍. പക്ഷേ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തലാണ്‌ അഭികാമ്യം!

Gopan | ഗോപന്‍ said...

ദാസേട്ടന് പിറന്നാള്‍ ആശംസകള്‍..

Mahesh Cheruthana/മഹി said...

ഭായി ,
ഈ കുറിപ്പ് ഇഷ്ടമായി!
ഗാനഗന്ധര്‍വ്വന്‌ പിറന്നാള്‍ ആശംസകള്‍!
ഇനിയും എഴുതുക എല്ലാ ആശംസകളും!

ഹരിശ്രീ said...

അലിഭായ്,

കിരണ്‍സ്,

ഷാനവാസ് ഭായ്,

ഗോപന്‍ ഭായ്,

മഹേഷ് ഭായ്,

നന്ദി. ഒപ്പം പുതുവത്സരാശംസകള്‍ നേരുന്നു...

ഷാനവാസ് ഭായ് പറഞ്ഞതിലും കാര്യമുണ്ട്...

സൂര്യപുത്രന്‍ said...

ഗാനഗന്ധര്‍വ്വന് പിറന്നാള്‍ , നവവത്സര ആശംസകല്‍ നേരുന്നു...

ഇനിയും ധാരാളം ഗാനങ്ങള്‍ ആലപിക്കുന്നതിന് അദ്ദേഹത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

കടവന്‍ said...

ഗാനഗന്ധര്‍വ്വന്‌ പിറന്നാള്‍, നവവത്സരാശംസകള്‍. പക്ഷേ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തലാണ്‌ അഭികാമ്യം! right

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗാനഗന്ധര്‍വന്‍ ദാസേട്ടന്റെ ശബ്ദമാദുര്യത്തില്‍ നിറഞ്ഞൊഴുകുന്ന ഗാനങ്ങള്‍ കേള്‍ക്കാന്‍ കൊതിയാകാത്തത് ഇവിടെ ആരാ ഉള്ളെ
അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും, ദീര്‍ഘായുസ്സിനും നമുക്ക് പ്രാര്‍ത്ഥിക്കാം....

പ്രയാസി said...

നന്നായി.:)

കടവന്‍ said...

1234567890 ടെസ്റ്റ്

ഏ.ആര്‍. നജീം said...

ലോകത്ത് ഏതെങ്കിലും ഒരു കോണില്‍ ആ സ്വരം ആരെങ്കിലും എപ്പോഴും ശ്രവിക്കുന്നുണ്ടാവും. മലയാളത്തിന്റെ പുണ്യം..!
അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടേ..

ശ്രീ said...

ഈ ലോകം മുഴുവനും ഇത്രയും അറിയപ്പെടുന്ന ഒരേയൊരു മലയാളിയേ ഉണ്ടാകാനിടയുള്ളൂ... അത് എന്നും മലയാളികളുടെ പ്രിയങ്കരനായ ദാസേട്ടന്‍‌ മാത്രമായിരിയ്ക്കും. ആ ശബ്ദം കേള്‍‌ക്കാത്ത മലയാളികളുണ്ടാകുമോ?

ദാസേട്ടന് പിറന്നാളാശംസകള്‍!

:)

Kaithamullu said...

ആ സ്വരത്തിന്റെ ആരാധകനാണ് ഞാന്‍!
(ലതാ മംഗേഷ്കറോട് ‘നിര്‍ത്തണ്ട സമയായി’ എന്ന് ഉപദേശിച്ച ദാസേട്ടനെ ഞങ്ങള്‍ മറന്നിട്ടില്ല)

മന്‍സുര്‍ said...

ഹരിശ്രീ...

ഗാനഗന്ധര്‍അനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും..ഒപ്പം പിറന്നാളാശംകള്‍

സന്ദര്‍ഭോച്ചിതമായ പോസ്റ്റ്‌....

ഹരിശ്രീക്കും..കുടുംബത്തിനും മറ്റ്‌ കൂട്ടുകാര്‍ക്കും നല്ലത്‌ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....

നന്‍മകള്‍ നേരുന്നു

ഗീത said...

അവസരോചിതമായ പോസ്റ്റ് , ഹരിശ്രീ.

ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസിന്റെ contemporary ആയി ജീവിച്ചിരുന്ന്‌ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരമുണ്ടായത് അങ്ങേയറ്റം ഭാഗ്യമായി കരുതുന്ന ആളാണ് ഞാന്‍.....

ശ്രി യേശുദാസ് ഇനിയും ധാരാളം ഗാനവിസ്മയങ്ങള്‍ നമുക്ക് തരത്തക്കവണ്ണം സര്‍വേശ്വരന്‍ അദ്ദേഹത്തിനു് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കട്ടേ....

ഗീത said...

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നു പറയുന്നത്‌ ശരി തന്നെ.

എന്നാലും ഇപ്പോഴും low pitch ല്‍ ഉള്ള അദ്ദേഹത്തിന്റെഗാനങ്ങള്‍ മനോഹരം തന്നെ. അധികം high pitch ഭാഗങ്ങള്‍ ഇല്ലാത്ത ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഇനിയും അദ്ദേഹത്തിന് ഒരുപാടു ഗാനങ്ങള്‍ പാടാന്‍ കഴിയും.

Typist | എഴുത്തുകാരി said...

നമ്മുടെ ഒരു അനുഗ്രഹവും പുണ്യവുമൊക്കെയല്ലേ ഗാനഗന്ധര്‍വന്‍. ദാസേട്ടനു് എല്ലാ ഭാവുകങ്ങളും.

ഹരിശ്രീ said...

സൂര്യപുത്രാ,

കടവന്‍,

സജീ,

പ്രയാസി ഭായ്,

നജീം ഭായ്,

കൈതമുള്ള് മാഷേ,

മന്‍സൂര്‍ ഭായ്,

ശോഭി,

ഗീതേച്ചി,

എഴുത്തുകാരി,

ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പിന്നെ ദാസേട്ടന്‍ ഇനിയും ധാരാളം ഗാ‍നങ്ങള്‍ ആലപിക്കട്ടെ എന്നാണ് ഈയുള്ളവന്റെ പ്രാര്‍ത്ഥന. പ്രായം അദ്ദേഹത്തിന്റെ ശബ്ദത്തെ തളര്‍ത്താതിരിയ്കട്ടെ.

( പിന്നെ ദാസേട്ടന്‍ ഒരിയ്കല്‍ ലതാമങ്കേഷ്കറോട് പാടുന്നത് നിര്‍ത്തണമെന്ന് പറഞ്ഞത് തല്‍ക്കാലം ഇവിടെ വിസ്മരിയ്കാന്‍ ശ്രമിക്കാം. അതു പോലെ അദ്ദേഹത്തിന്റെ സ്വരം നന്നായിരിയ്കുന്നിടത്തോളം അദ്ദേഹം ഗാനങ്ങള്‍ ആലപിക്കട്ടെ....)

ഹരിശ്രീ

സ്വന്തം said...

ഗാനഗന്ധര്‍വ്വന് പിറന്നാളാശംസകള്‍...

Cartoonist said...

2001-ഇല്‍ അദ്ദേഹത്തിനു കൈകൊടുത്ത അഭൌമമായ ആ നിമിഷം എത്രയോ തവണ ഞാന്‍ ഓര്‍ത്തിട്ടുള്ളതാണ്! അടുത്തുനിന്നിരുന്ന ലേഖ- എന്റെ ജീവിത സഖി-യെ കണ്ടപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം സൌമ്യമായി ആരാഞ്ഞു : “എന്നമ്മാ ?”. സിനിമയില്‍ ‘മാഘമാസം മല്ലികപ്പൂ ചൂടും രാവി‘ലും ‘സിന്ദൂരം പെയ്തിറങ്ങി’‍യും ഗന്ധര്‍വനോടൊത്തു പാടാന്‍ ഭാഗ്യം കിട്ടിയയാളുടെ കണ്ണുകളതാ നിറഞ്ഞൊഴുകുന്നു !

എന്റെ മഹാഭാഗ്യങ്ങളിലൊന്നാണ് യേശുദാസ്.

Cartoonist said...

അദ്ദേഹം ഒപ്പിട്ടുതന്ന ചിത്രങ്ങള്‍ ഇതാ :
1. http://bp0.blogger.com/_r2qDmka_gcI/R4DHItKgkuI/AAAAAAAABLA/RifKbKX4sgg/s1600-h/The+fat+family+accompanying+Yesudas.jpg

2. http://bp0.blogger.com/_r2qDmka_gcI/R4DGYtKgktI/AAAAAAAABK4/3j__XhIrC84/s1600-h/yesudas.jpg

മയില്‍പ്പീലി said...

ഗന്ധര്‍വ്വഗായകന് പിറന്നാള്‍ ആശംസകള്‍...

ഇനിയും ധാരാളം ഗാനങ്ങള്‍ ആലപിക്കാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ....

മാണിക്യം said...

പാട്ട് കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍
തങ്ങിയാ സ്വരം ദാസേട്ടന്റെതാണ് മലയാളിയുടെ
അഭിമാനം ആണ് ദൈവത്തിന്റെ വരദാനമായാ ഈ ഗാനഗന്ധര്‍വന്‍!

ഈ മഹാഗായകന് ആയുരാരോഗ്യവും
ദീര്‍ഘായുസ്സും നല്‍കണേ എന്ന പ്രാര്‍ത്ഥന ഹരിശ്രീയോടൊപ്പം ഞാനും ഈശ്വരന് സമര്‍പ്പിക്കുന്നു..

Rejesh Keloth said...

ഇന്ന് മലയാള സംഗീതത്തിന്റെ അളവുകോലാണ് യേശുദാസ്...
ഏകലവ്യന്മാര്‍ക്ക് ഉള്ള മാനസഗുരു, അല്ലെങ്കില്‍ ലക്ഷ്യം...
ഇത്ര ശതമാനം യേശുദാസ് ആയി എന്നു കേള്‍ക്കനാഗ്രഹിക്കുന്ന ഒരുപാട് പാട്ടുകാര്‍...
ദാസേട്ടന്‍ സപ്തതി വരെയെങ്കിലും പാടണം, പിന്നെ പുതുതലമുറയ്ക്ക് കൈമാറണം...
സ്വരം നന്നാവുമ്പോള്‍...
പോസ്റ്റിനു അഭിനന്ദനങ്ങള്‍...

Satheesh Haripad said...

ദാസേട്ടന്റെ പാട്ട് കേട്ടിട്ടില്ലാത്ത ആരെങ്കിലും കേരളക്കരയിലുണ്ടോ എന്ന് സംശയം ആണ്.അത്രയ്ക്ക് ആ ഗന്ധര്‍‌‌‌വനാദം നമ്മെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ പാട്ടുകളുടെ എണ്ണം കുറച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം കുറച്ചു കൂടി മനോഹരമായതുപോലെ...
ഇത്തരം ഒരു ലേഖനം എഴുതാന്‍ തോന്നിയ ഹരിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

http://satheeshharipad.blogspot.com/

ശ്രീ said...

നാളെ 68 ആം പിറന്നാള്‍‌ ആഘോഷിയ്ക്കുന്ന ദാസേട്ടന്‍ ഒരിയ്ക്കല്‍‌ കൂടി ആശംസകള്‍!

ഇവിടെയും ദാസേട്ടനു പിറന്നാള്‍‌ പോസ്റ്റ് ഉണ്ട്

ഹരിശ്രീ said...

സ്വന്തം,

കാര്‍ട്ടൂണിസ്റ്റ്,

മയില്‍പ്പീലി,

മാണിക്യം,

സതീര്‍ത്ഥ്യന്‍,

സതീഷ്,

ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
കാര്‍ട്ടൂ‍ണീസ്റ്റ്,
അദ്ദേഹത്തെ രണ്ടുവട്ടം നേരില്‍ കാണുന്നതിനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. ഒരിക്കല്‍ ഒരു പാറക്കടവ് ജംഗ്ഷനില്‍ ബസ് കാത്തു നില്കവേ മാള-അന്നമനട ഭാഗത്തേക്ക് കച്ചേരി നടത്താന്‍ കാറില്‍ വന്ന അദ്ദേഹം എന്നോട് മാളയ്ക്കുള്ള വഴി ചോദിച്ചു.ഞാന്‍ ആദ്യമായി യേശുദാസിനെ അന്നാണ് ആദ്യമായി നേരില്‍ കാണുന്നത്.അന്ന് ശരിയ്കും അമ്പരന്നു പോയി.

ഹരിശ്രീ said...

കുട്ടിക്കാലത്ത് എം.ജി.ശ്രീകുമാറും, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നിവരായിരുന്നു എന്റെ ഇഷ്ടഗായകര്‍. അന്ന് ദാസേട്ടനോട് ആരാധന തോന്നിയിരുന്നില്ല. പിന്നീട് ഞങ്ങളുടെ ചെറുവാളൂര്‍ ഗ്രാമത്തിലെ നായര്‍ സമാജം സ്കൂള്‍ സുവര്‍ണ ജൂബിലിയുടെ സമാപന സമ്മേളനത്തില്‍(1995ല്‍)ദാസേട്ടന്റെ
തകര്‍പ്പന്‍ ഗാനമേള നടന്നിരുന്നു.open air ല്‍ അമ്പലപ്പറമ്പും സ്കൂള്‍ ഗ്രൌണ്ടും ചേരുന്ന ആ വലിയ മൈതാനം നിറയെ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികള്‍.അതും ചാലക്കുടി, അങ്കമാലി, കൊരട്ടി, മാള, അന്നമനട, എന്നീ പ്രദേശങ്ങളില്‍ നിന്നും വന്ന കാണികളും അതൊരു ഉത്സവമാക്കി മാറ്റുകയായിരുന്നു. വിവരിച്ചാല്‍ മതിയാകാത്ത അത്ര മനോഹരമായ ഗാനമേള...

അന്നുമുതല്‍ എന്റെ ഇഷ്ടഗായകന്‍ ദാസേട്ടന്‍ ആയി. മറ്റു പലപ്രശസ്തഗായകരുടെയും ഗാനമേള കേള്‍ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ദാസേട്ടന്റെ അന്നത്തെ ആ ഗാനമേളതന്നെയാണ് ഇന്നും മനസ്സില്‍....

നാളെ ജന്മദിനം ആഘോഷിക്കുന്ന ദാസേട്ടന് ഒരിക്കല്‍ ക്കൂട് ജന്മദിനാശംസകള്‍ നേരുന്നു...

ഹരിശ്രീ.

പൈങ്ങോടന്‍ said...

ദാസേട്ടന് പിറന്നാളാശംസകള്‍...
ഇനിയും മനോഹരഗാനങ്ങള്‍ക്കായി കാതോര്‍ത്തുകൊണ്ട്...

ഹരിശ്രീ said...

പൈങ്ങോടന്‍ ഭായ് ,

നന്ദി...

ഇന്ന് 68ആം ജന്മദിനം ആഘോഷിക്കുന്ന ഗന്ധര്‍വ്വഗായകന് ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍ നേരുന്നു...


ഹരിശ്രീ

ചീര I Cheera said...

ഹരിശ്രീ..
എല്ലായിടത്തും എത്താനാവുന്നില്ല, എന്തുചെയ്യാം സമയം തീരെ കുറവ്‌.
ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.
പഠിയ്ക്കുന്ന കാലത്ത് ഒരിയ്ക്കല്‍ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിലേയ്ക്ക് പോകാനായിട്ടുണ്ട്, ഒരു പ്രോജക്റ്റ് വര്‍ക്കിന്റെ ഭാഗമായി.
അഭിപ്രായവ്യത്യാസങ്ങള്‍ പല കാര്യങ്ങളിലായി പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പഴയ ഗാനങ്ങളുടെ മാധുര്യവും, പെര്‍ഫക്റ്റ്നസ്സും ഒന്നോര്‍ത്താല്‍ പിന്നെ ഒന്നും തോന്നാറില്ല.
ഒരു സംഗതി അതേ പര്‍ഫക്റ്റ്നസ്സില്‍ പാടിയെടുക്കാന്‍ ദിവസങ്ങളെടുക്കാറുണ്ട്. ഇപ്പോളത് വിട്ടു, കേള്‍ക്കുക മാത്രമേ ചെയ്യാറുള്ളു.

ഹരിശ്രീ said...

P.R.Chechi,

Thank U for your comments.

ശ്രീ said...

ഇന്ന് 69 വയസ്സ് തികയുന്ന, മലയാളത്തിന്റെ അഭിമാ‍നമായ ദാസേട്ടന് ആശംസകള്‍ നേരുന്നു...

കൃഷ്‌ണ.തൃഷ്‌ണ said...

മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണീ ശബ്ദം. ജന്മദിനാശംസകള്‍.

ശ്രീ said...

ദാസേട്ടന് ഇന്ന് 73 വയസ്സ് തികയുന്നു.

ആശംസകള്‍!!!