Wednesday, May 6, 2009

ഒരു പല്ലെടുക്കല്‍ കഥ

ഈ സംഭവം നടക്കുന്നത് എന്റെ രണ്ടാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്താണ്. (1984-85 കാലഘട്ടം) അന്നെല്ലാം വിഷുവിന്റെ അവധിയ്ക്ക് അമ്മായിയുടെ മൂത്ത മകന്‍ നിതേഷ് ചേട്ടന്‍ വരും. പിന്നെ ഒരു മാസക്കാലം കളിയുടെ ആഘോഷം ആണ്. കളിവീട് കെട്ടാനും, ഒളിച്ചുകളിക്കാനും, മരം കയറാനും, ഊഞ്ഞാല്‍ കെട്ടാനും, ക്രിക്കറ്റ് കളിക്കാനും കുട്ടിയും കോലും കളിയ്ക്കാനുമെല്ലാം (പക്ഷേ, കുട്ടിയും കോലും എന്ന കളിയ്ക്ക് അമ്മ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കളി കുറവായിരുന്നു. അക്കാലത്ത് അമ്മയുടെ വീടിനടുത്തോ മറ്റോ അത് കളിച്ച ഏതോ കുട്ടിയുടെ കണ്ണില്‍ കളിയ്ക്കിടെ കോലു കൊണ്ട് കണ്ണ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് അത് നിരോധിച്ചത്.) മുന്‍പന്തിയില്‍ നിതേഷ് ചേട്ടന്‍ കാണും. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു (ഇന്നും). എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പോഴും കൂടെക്കാണും. അന്ന് എന്റെ അനുജന്‍ (ബ്ലോഗര്‍ ശ്രീ)തീരെ ചെറുതാണ്. അതു കൊണ്ട് ഞങ്ങളുടെ കൂടെ കൂടുന്ന പതിവില്ല.

അന്നൊരു ദിവസം പതിവുപോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേയ്കാനൊരുങ്ങുമ്പോള്‍ താഴത്തെ നിരയിലെ ഒരു പല്ലിന് ഒരു അനക്കം. പല്ലിളകുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ചെറുതായി പേടി തോന്നി. വേഗം പല്ല് തേച്ച് മുഖം കഴുകി യെന്നു വരുത്തി, ഓടി അമ്മയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു “ അമ്മേ, എന്റെ താഴത്തെ നിരയിലെ ഒരു പല്ല് ഇളകുന്നു”.


അമ്മ പതുക്കെ പല്ലില്‍ പിടിച്ചു നോക്കി. ശരിയാണ്, കുറേശ്ശെ അനക്കമുണ്ട്. എന്നിട്ട് പതുക്കെ പല്ലിളക്കി.


“അയ്യോ!!! എനിക്ക് വേദനിക്കുന്നു“. ഞാന്‍ അലറിക്കരഞ്ഞു.


അമ്മ പല്ലില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് ‘ഈ പല്ലുകള്‍ പോയാലും വേറെ നല്ല പല്ലുകള്‍ വരുമെന്നും അപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരനാകുമെന്നുമെല്ലാം നയത്തില്‍ പറഞ്ഞു നോക്കിയെങ്കിലും വേദന തോന്നിയതിനാല്‍ ഞാന്‍ അമ്മയ്ക് പിടികൊടുക്കാതെ അവിടെ നിന്നും മുങ്ങി.


അമ്മ തഞ്ചത്തില്‍ പല്ലു പറിയ്ക്കുന്ന ഡ്യൂട്ടി നിതേഷ് ചേട്ടനെ എല്‍പ്പിച്ചു. കുറെ നേരം കഴിഞ്ഞ് നിതേഷ് ചേട്ടന്‍ എന്റെ അടുത്തു കൂടി. എന്നിട്ട് എന്നോട് ചോദിച്ചു. “ ശ്രീജി, നിന്റെ പല്ല് ഇളകുന്നുണ്ടെന്ന് അമ്മായി പറഞ്ഞു. ഞാന്‍ നോക്കട്ടെ. വേദനിപ്പിക്കാതെ ഞാന്‍ പറിച്ചു കളഞ്ഞു തരാം”.


ഞാന്‍ നിതേഷ് ചേട്ടനെ പല്ല് കാണിച്ച് കൊടുത്തു. നിതേഷ് ചേട്ടന്‍ പതുക്കെ പല്ലില്‍ പിടിച്ച് നോക്കി. “എടാ ഇളകുന്നുണ്ട്. വേഗം പറിച്ചുകളഞ്ഞോ. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വയറ്റില്‍ പോകും. പിന്നെ അത് അവിടെ കിടന്ന് മുളയ്ക്കും. പിന്നെ വായിലൂടെ മരമായി വളരും”. ഇതൊക്കെ കേട്ടതോടെ എന്റെ പകുതി ജീവന്‍ പോയി.


അന്ന് വേദനമൂലം കളികളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഉച്ചക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണം കഴിച്ചത്. അബദ്ധത്തില്‍ പല്ലെങ്ങാന്‍ വയറ്റില്‍ പോയാലോ.നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

അന്ന് വൈകുന്നേരം കൊച്ചമ്മൂമ്മ പതിവില്‍ നിന്നും വ്യത്യസ്തമായി നെയ്യപ്പമാണ് ചായയ്ക് ഉണ്ടാക്കിയത്. ഞാനും കൊതിമൂത്ത് ചൂടോടെ ഒരെണ്ണം എടുത്തു. ഒന്നെടുത്ത് കടിച്ചതും വേദന കൊണ്ട് പുളഞ്ഞു. നാശം പിടിക്കാന്‍!!!. എന്തൊരു വേദന. നെയ്യപ്പം കഴിക്കാനാകാതെ വിഷമം ആയി.

അന്ന് അച്ഛന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ ഞാന്‍ പല്ലിളകിയ കാര്യം അച്ഛനോടും പറഞ്ഞു. അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. ‘എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം’. എനിക്ക് ആശ്വാസം ആയി. ഞാന്‍ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ നിതേഷ് ചേട്ടനോട് സ്വകാര്യം പറഞ്ഞു. “എടാ, ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ സിറിഞ്ച് വച്ച് വായില്‍ കുത്തും”. അത് കേട്ടപ്പോള്‍ എനിയ്ക്ക് പിന്നെയും പേടിയായി. രാത്രി വേദനയും പേടിയും മൂലം ഉറങ്ങിയില്ല. ഉറങ്ങുമ്പോള്‍ പല്ല് എങ്ങാനും ഇളകി വയറ്റില്‍ പോയാലോ.

അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ഒരു തരത്തില്‍ ഞാനും നിതേഷ് ചേട്ടനും ചേര്‍ന്ന് ഡോക്ടറുടെ അടുത്ത് പോകുന്നതില്‍ നിന്നും ഒഴിവായി. പക്ഷേ അതു കാരണം അന്ന് എല്ലാവര്‍ക്കും പ്രധാന ജോലി എന്റെ പല്ല് ഇളക്കുന്നതായിരുന്നു. അന്ന്‍ അച്ഛമ്മയുടെ അനിയത്തി മൂത്തകുന്നത്തെ അമ്മൂമ്മ ഞങ്ങളുടെ വീട്ടില്‍ എത്തി. ഇടക്കിടെ ആ അമ്മൂമ്മ വിരുന്നിന് വരാറുണ്ട്. വന്നാല്‍ ഒന്ന് രണ്ടാഴ്ച വീട്ടില്‍ കാണും.അവിവാഹിതയായ ആ അമ്മൂമ്മയ്ക്ക് ഞങ്ങള്‍ കുട്ടികളെ വലിയ സ്നേഹമായിരുന്നു.

അന്ന് ആ അമ്മൂമ്മ വരുമ്പോള്‍ എല്ലാവരും കൂടി ഇരുന്ന് എന്റെ പല്ല് പിടിച്ച് ഇളക്കുകയും ഞാന്‍ വേദനകൊണ്ട് കരയുകയുമായിരുന്നു. ഇതു കണ്ട് എന്റെ പല്ലു പറിയ്ക്കുന്ന ദൌത്യം ആ അമ്മൂമ്മ ഏറ്റെടുത്തു. വേദനിപ്പിയ്ക്കാതെ പല്ലെടുക്കാന്‍ താന്‍ വിദഗ്ദയാണെന്നും മറ്റെല്ലാവരും മാറിക്കോളാനും പറഞ്ഞതു കേട്ട് കൂടി നിന്ന എല്ലാവരും പിരിഞ്ഞുപോയി. എനിയ്ക്കും ആശ്വാസമായി.


അന്ന് ഉച്ചയ്ക് ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്. ഞാന്‍ മുറ്റത്ത് എന്തോ കളിയിലും. ഏതാണ്ട് നാലുമണി ആയിക്കാണും. അച്ഛമ്മൂമ്മയും, മൂത്തകുന്നത്തെ അമ്മൂമ്മയും,കൊച്ചമ്മൂമ്മയും, നിതേഷ് ചേട്ടനും എന്റെ അടുത്ത് എത്തി. ആ അമ്മൂമ്മ എന്നെ വിളിച്ച് കൊണ്ടുപോയി വാഴയുടെ വിരിഞ്ഞ കുടപ്പനില്‍ നിന്നും പൂനുള്ളി അതിന്റെ തേന്‍ എനിക്ക് തന്നു. എനിക്ക് സന്തോഷമായി. എന്നിട്ട് അമ്മൂമ്മയുടെ കയ്യില്‍ പല്ല് പറിയ്കാന്‍ ഒരു സൂത്രവിദ്യ ഉണ്ടെന്നും മറ്റും പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി. അപ്പോഴേയ്ക്കും അച്ഛമ്മയും, നിതേഷ് ചേട്ടനും സൂത്രത്തില്‍ എന്റെ ചുറ്റും കൂടി. മൂത്തകുന്നത്തെ അമ്മൂമ്മ വാ തുറക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വാ തുറന്നു കാണിച്ച് കൊടുത്തു. കുറച്ചു ദൂരെ മാറി അമ്മ നില്‍ക്കുന്നുണ്ട്. എന്റെ സങ്കടവും കരച്ചിലും കണ്ടിട്ട് അമ്മയ്ക് വിഷമം കൊണ്ട് മാറി നില്‍ക്കുകയായിരുന്നു. കാരണം അമ്മയെ കാണുമ്പോള്‍ ഞാന്‍ സങ്കടം കൊണ്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നു.

ആ അമ്മൂമ്മ ചകിരിയുടെ ഒരു നാരെടുത്ത് അതില്‍ ചെറിയൊരു കുടുക്കുണ്ടാക്കി. എന്നിട്ട് എന്റെ പല്ലില്‍ ആ കുടുക്കിട്ടു. എന്നോട് അമ്മൂമ്മയുടെ മടിയില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ കിടന്നുതും എന്റെ കാലിലും കൈകളിലും പിടി വീണു. നിതേഷ് ചേട്ടനും, കൊച്ചമ്മൂമ്മയും, അച്ഛമ്മയും ആയിരുന്നു അത്. അതിനൊപ്പം തന്നെ മൂത്തകുന്നത്തെ അമ്മൂമ്മ നാരില്‍ പിടിച്ച് ശക്തമായ പല്ലിളക്കല്‍ ആരംഭിച്ചിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചിലും കുതറലും വക വയ്ക്കാതെ കുറേ നേരം നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ അവരുടെ ശ്രമം വിജയം കണ്ടു. നാരിന്റെ തുമ്പത്ത് പല്ല് കിടന്ന് ആടുന്നു.

വേദനകൊണ്ട് ഞാന്‍ ശരിക്കും അണക്കുന്നുണ്ടായിരുന്നു. വായില്‍ ആകെ ചോരയുടെ ഉപ്പുരസം. നന്നായി വേദനിച്ചെങ്കിലും ഇഞ്ചക്ഷനില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു എനിക്ക്.

അച്ഛമ്മ പല്ലെടുത്ത് ചാണകത്തില്‍ പൊതിഞ്ഞ് “ പാല്‍പ്പല്ല് പോയി കീരിപ്പല്ല് വാ” എന്നോ മറ്റോ പറഞ്ഞ് അത് വീടിന്റെ ഓടിനു മുകളിലേക്ക് ഒരേറു വച്ചുകൊടുത്തു.

അവര്‍ എന്നെ എടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി വായയും മുഖവും കഴുകിച്ചു. വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.

എനിയ്ക്ക് പിന്നെയും പേടിയായി. ഞാന്‍ കരഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മയ്ക്കും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അമ്മയും തലേന്നാള്‍ രാവിലെ അത് തൊട്ടുനോക്കിയതാണല്ലോ. അമ്മയ്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇളകാത്തപല്ല പറിച്ചതിന്. എന്നാലും, ‘സാരമില്ല എന്നായാലും ആ പല്ലും ഇളകി പോകാന് ഉള്ളതല്ലേ’ എന്നെല്ലാം പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു.


കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് ശക്തമായ തലവേദന തുടങ്ങി. അന്ന് രാത്രി ഞാന്‍ പനിച്ച് വിറച്ചു.

പിറ്റേന്ന് രാവിലെയും ഞാന്‍ കിടപ്പ് തന്നെ ആണ്. വിവരമറിഞ്ഞ് അമ്മൂമ്മമാര്‍ക്കും നിതേഷ് ചേട്ടനും വിഷമമായി, ഒപ്പം കുറ്റബോധവും. പക്ഷേ, അന്ന് രാവിലെ പലഹാ‍രം കഴിക്കാന്‍ പറ്റാത്ത വിഷമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. പല്ല് ഇളക്കി കളഞ്ഞിട്ട് നെയ്യപ്പം തിന്നണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ നശിച്ച പനി പിടിച്ചത്. ഇനി പനിമാറാതെ രക്ഷയില്ലല്ലോ.

അന്നെനിക്ക് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ തന്നത് റസ്ക് ആയിരുന്നു. ഞാന്‍ ചായയില്‍ മുക്കി റസ്ക് എടുത്ത് ഒരു കടി. “ ക്ടിം” എന്നൊരു ശബ്ദം കേട്ടു. റസ്കിന്റെ കഷ്ണത്തിനൊപ്പം വായില്‍ എന്തോ തടയുന്നു. വായില്‍ ചെറിയൊരു ചവര്‍പ്പു രസം. പതുക്കെ കടിച്ചു നോക്കി. നല്ല ബലമുള്ള എന്തോ ഒന്ന്. ഞാന്‍ അത് പുറത്തെടുത്തു. ഞാന്‍ അത് കണ്ട് ശരിക്കും ആശ്ചര്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ വേദനിപ്പിച്ച് എല്ലാവരേയും പറ്റിച്ച് ഇളകി നിന്ന ആ പല്ല് ആയിരുന്നു അത്. പക്ഷേ എനിക്ക് ഒട്ടും വേദന തോന്നിയില്ല. ഞാന്‍ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സംഭവമറിഞ്ഞ് അമ്മയും അമ്മൂമ്മമാരും നിതേഷ് ചേട്ടനും ഓടിവന്നു. എല്ലാവരും അത് കണ്ട് ചിരിച്ചു പോയി ...

ഇപ്പോള്‍ അതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒത്തിരി പിന്നിട്ടു. അന്ന് പല്ലെടുത്ത മൂത്തകുന്നത്തെ അമ്മൂമ്മയും, അച്ഛമ്മയും ഇന്നീ ലോകത്തില്ല. പക്ഷേ, ഇന്ന് ആരുടെ പല്ലെടുക്കുന്ന കാര്യം പറഞ്ഞു കേള്‍ക്കുമ്പോഴും ഞാനറിയാതെ ആ പല്ല്ല് നിന്ന ഭാഗത്ത് ഇപ്പോഴുള്ള പല്ലിനെ നാവു കൊണ്ടൊന്നു തഴുകി നോക്കാറുണ്ട്...

© Copy right reserved to author

28 comments:

ഹരിശ്രീ said...

പ്രിയപ്പെട്ടവരേ,

നീണ്ട ഇടവേളയ്കു ശേഷം വീണ്ടും ഒരു ഓര്‍മ്മക്കുറിപ്പ് പോസ്റ്റുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പല്ലെടുക്കല്‍ കഥ...

സസ്നേഹം

ഹരിശ്രീ

:)

Rare Rose said...

ഹരിശ്രീ ജീ..,പല്ലെടുക്കല്‍ കഥ രസായി വായിച്ചു..എന്നാലും ഇളകാത്ത പല്ലിനെയാണു അമ്മൂമ്മയും മറ്റുള്ളവരും കൂടിച്ചേര്‍ന്ന് ഇളക്കി വലിച്ചെടുത്തതെന്നു ഒട്ടും വിചാരിച്ചില്ല..:)
ഈ ചകിരി നാരു വിദ്യ തന്നെയാണു ഞങ്ങളുടെ വീട്ടിലും അമ്മൂമ്മമാരുടെ പ്രധാന ആയുധം...

hAnLLaLaTh said...

വായനാ സുഖം തരുന്ന ബ്ലോഗ്...
പാവം മൂത്ത കുന്നത്തെ അമ്മൂമ്മയെ ആരും ഒന്നും പറയാഞ്ഞത് നന്നായി..
നന്മകള്‍ നേരുന്നു..

ശ്രീ said...

ഈ സംഭവം പണ്ട് പലപ്പോഴും നമ്മുടെ തറവാട്ടില്‍ തന്നെ രസകരമായ ഒരു സംസാര വിഷയമായിരുന്നത് ഓര്‍ക്കുന്നു. :)

കണ്ണനുണ്ണി said...

ഭംഗിയായിട്ടോ...ഹരീ .. വേദനയും പേടിയും ഒപ്പം അല്പം ത്രില്ലും ഒക്കെ നിറഞ്ഞ കുട്ടിക്കാലത്തെ പല്ലെടുക്കള്‍ മഹാമഹം ഓര്‍ക്കുമ്പോ ഇപ്പോഴും ഒന്ന് രണ്ടു പല്ല് അങ്ങനെ എടുക്കാന്‍ തോന്നുന്നു.. പല്ലില്‍ നൂല് കെട്ടി...ഹ .. എന്ത് രസ്സായിരുന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യത്തെ ഒരു പല്ലോ മറ്റോ മാത്രമേ അമ്മ എടുത്ത് തന്നിട്ടുള്ളൂ ബാക്കി മൊത്തം സ്വന്തം കരവിരുതായിരുന്നു. ഒരു തവണ വിഴുങ്ങിപ്പോയീന്നും തോന്നുന്നു.. എന്തായാലും നല്ല ഓര്‍മക്കുറിപ്പ്.

bright said...

രസകരം...ഈ 'സ്നേഹസമ്പന്നകളായ' അമ്മൂമ്മമാരും അമ്മമാരും ശിശു പീഡനമാണ് ചെയ്യുന്നത് :-)മിക്കവാറും ഈ പല്ലുകള്‍ ആരുടെയും സഹായമില്ലാതെതന്നെ പറിഞ്ഞു പോകുന്നതാണ്.I know, I am a dentist.

കാന്താരിക്കുട്ടി said...

പല്ലെടുക്കൽ ഒരു മാമാങ്കമായി ആഘോഷിച്ചു അല്ലേ.ഇവിടെ ഇപ്പോ എന്റെ മക്കൾ 2 പേരുടെയും പല്ലുകൾ അവർ തന്നെ പറിച്ചു കളഞ്ഞു.എനിക്കാണേൾ അത് ഇളക്കി പറിക്കാൻ ഭയങ്കര പേടിയായിരുന്നു.മക്കൾ ധൈര്യപൂർവ്വം ആ ജോലി ചെയ്തപ്പോൾ എനിക്കു പെരുത്ത സന്തോഷം !!

ast said...

Hai Sree,

Very Nice. HA.. HA

:)

ast said...

Hai Sree,

Very Nice. HA.. HA

:)

Mahesh Cheruthana/മഹി said...

ഹരിശ്രീ,
പല്ലെടുക്കല്‍ കഥ കൊള്ളാം!!കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തി!

അങ്കിള്‍ said...

ഹാ ഹാ
:)

BABU said...

വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.
നല്ല ഓര്‍മക്കുറിപ്പ്.
:)

അരുണ്‍ കായംകുളം said...

നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

രസിച്ച് വായിച്ചു, നല്ല ഒരു ഓര്‍മ്മക്കുറിപ്പ്

കുമാരന്‍ | kumaran said...

നല്ല എഴുത്ത്. ഓര്‍മ്മകള്‍ക്കൊക്കെ എന്തു വ്യക്തതയാ അല്ലേ!!

ഹരിശ്രീ said...

Rose,
അതേ അങ്ങനെ ഒരു സസ്പെന്‍സ് അവര്‍ ഉണ്ടാക്കി തന്നു. പിന്നെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഇവിടെ സന്ദര്‍ശിച്ചതില്‍ സന്തോഷം.

Hanllalath,
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.
:)

ശോഭി,

:)

കണ്ണനുണ്ണി,

അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.

:)

കുട്ടിച്ചാത്താ,

നീണ്ട ഇടവേളയ്ക് ശേഷം ഇവിടെ എത്തിയതിനും, അഭിപ്രായങ്ങള്‍ക്കും നന്ദി.
:)

ഡോക്ടര്‍,

ഡോക്ടര്‍ പറഞ്ഞത് വളരെ ശരിയാണ്. പല്ലുകള്‍ ഇളക്കികളയാതെ തന്നെ താനെ സമയമാകുമ്പോള്‍ ഇളകിപ്പോകും.
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
:)

ഹരിശ്രീ said...

കാന്താരിക്കുട്ടി ചേച്ചി,

അതെ അന്നൊരു രസകരമായ ദിവസം ആയിരുന്നു. വേദനിച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത് ആലോചിക്കുമ്പോള്‍ ശരിക്കും ചിരിച്ചു പോകും.

അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.
:)

ast,

അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.
:)

മഹീ,

അഭിപ്രായങ്ങള്‍ക്കും
സന്ദര്‍ശനത്തിനും നന്ദി.

:)

അങ്കിള്‍,
അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.
:)
:)


Babu,
നന്ദി.
:)
അരുണ്‍ ഭായ്,

പ്രോത്സാഹനത്തിന് നന്ദി.

:)

കുമാരന്‍ ജീ,

നന്ദി.

:)

മലയാളനാട് said...

ഹരിശ്രീ,
പല്ലെടുക്കല്‍ കഥ കൊള്ളാം.
എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തി.
:)

ശ്രീഇടമൺ said...

വായിച്ച് രസിച്ചു
നല്ല പോസ്റ്റ്...
വീണ്ടും വരാം...

സ്നേഹത്തോടെ..............*

പാലക്കുഴി said...

ഈ പല്ല് ബല്ലാത്തൊരു പല്ല് തന്നെ അല്ലേ...?

smitha adharsh said...

ഇഷ്ടായി..ഒരുപാടൊരുപാട്..
കുട്ടിക്കാലത്തെയ്ക്ക് മടങ്ങിപ്പോയി.
പാല്പല്ല് പോയി കീരിപ്പല്ല് വാ..
ഞങ്ങളും പറഞ്ഞിട്ടുണ്ട് അത്..
ഓര്‍മ്മകളെ വീണ്ടും വിളിച്ചു വരുത്തിയതിനു നന്ദി..

ഹരിശ്രീ said...

മലയാളനാട്,

നന്ദി.

:)

ശ്രീ ഇടമണ്‍,

നന്ദി.

:)

പാലക്കുഴി മാഷേ,

നന്ദി.

:)


സ്മിത ടീച്ചര്‍,

കമന്റിന് നന്ദി.

:)

Typist | എഴുത്തുകാരി said...

ഇപ്പഴാ ഇതു കണ്ടതു്. നമ്മള്‍ പത്രത്തിലൊക്കെ വായിച്ചിട്ടില്ലേ,ഇടതു കണ്ണിനു പകരം വലതു കണ്ണ് ഓപ്പറേറ്റ് ചെയ്തു എന്നൊക്കെ.അതുപോലെയായി. വീണ്ടും വരുന്ന പല്ല്‌ ആയതുകൊണ്ട് കുഴപ്പമുണ്ടായില്ല.

SajnChristee said...

രസകരം

ഹരിശ്രീ said...

എഴുത്തുകാരീ,

അഭിപ്രായത്തിനും ഇവിടെ സന്ദര്‍ശിച്ചതിനും നന്ദി...

:)

Sajn Christee,

സ്വാഗതം...

നന്ദി.

:)

BABU said...

വേദനയും പേടിയും ഒപ്പം അല്പം ത്രില്ലും ഒക്കെ നിറഞ്ഞ കുട്ടിക്കാലത്തെ പല്ലെടുക്കല്‍...

ഹ.ഹ.

Sureshkumar Punjhayil said...

Manoharam... Ashamsakal...!!!

Rani Ajay said...

നല്ല ഒരു ഓര്‍മ്മക്കുറിപ്പ്...