Sunday, September 23, 2007

മണിക്കുട്ടി

തും എന്റെ കുട്ടിക്കാലത്തെ തന്നെ ഒരു ഓര്മ്മക്കുറിപ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില് ഒരു പശുവും, ഒരാടും വെളുത്ത ആട്ടിന് കുട്ടിയും ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാല് നിതേഷ് ചേട്ടന് വന്നിട്ടുണ്ടായിരുന്നു. നിതേഷ് ചേട്ടന് കഴിഞ്ഞാല് എന്റെ ഏറ്റവും നല്ല കൂട്ട് എന്റെ ഈ ആട്ടിന് കുട്ടി ആയിരുന്നു. (നിതേഷ് ചേട്ടനില്ലാത്തപ്പോള് എന്റെ ഏറ്റവും വലിയ ചങ്ങാതിയും അവളായിരുന്നു) ഞാനതിനെ മണിക്കുട്ടിയെന്നാണ് വിളിച്ചിരുന്നത്.( മേരിക്കുണ്ടൊരു കുഞ്ഞാട് …മേനികൊഴുത്തൊരു കുഞ്ഞാട്… എന്ന് സ്കൂളില് പണ്ട് പഠിച്ച ആ പാട്ട് അന്നത്തെ പോലെ ഇന്നും നാവില് നിന്നും മാഞ്ഞിട്ടില്ല. ) ഞാന് മണിക്കുട്ടിയുടെ പിന്നാലെ കാണും എപ്പോഴും. കൂടെ നിതേഷ് ചേട്ടനും ഉണ്ടാകും. (അത് മറ്റൊന്നിനുമല്ല… എന്നെനോക്കേണ്ട ചുമതല അച്ഛമ്മ പാവം നിതേഷ് ചേട്ടനെ ആയിരിക്കും ഏല്പിക്കുക)

ഞാന് ഭക്ഷണം കഴിക്കുമ്പോഴ് അതില് ഒരു പങ്ക് മണിക്കുട്ടിക്കും ഉണ്ടാകും. ഞാന് രാവിലെ പ്രാതല് കഴിക്കുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴും രാത്രി അത്താഴം കഴിക്കുമ്പോഴും അവള് ഒരു പ്രത്യേകരീതിയില് കരയും… എന്തിനെന്നോ, അവള്ക്കുളള ഭക്ഷണത്തിന്റെ പങ്ക് കിട്ടാന്…

ഒരു ദിവസ്സം മണിക്കുട്ടിക്കൊപ്പം…കളിചുകൊണ്ടിരിക്കുമ്പോല് അവള് വളരെ വേഗത്തില് ഓടി. പിന്നാലെ ഞാനും. ഓടി ഓടി പറമ്പിന്റെ ഒരു ഭാഗത്തെത്തിയപ്പോള് അവള് പെട്ടെന്നങ്ങ് അപ്രത്യക്ഷമായി. ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു ഒരു സ്ഥലമായിരുന്നു അത്. മണിക്കുട്ടിയുടെ പിന്നാലെ പോയ ഞാന് അതിന്റെ കരച്ചില് മാത്രം കേട്ടു. ചെടികള്ക്കിടയിലാണ് മണിക്കുട്ടിയെന്നു മനസ്സിലാക്കിയ ഞാന് അതിനുള്ളിലേക്കു നടന്നു. വള്ളികളും കുറ്റിചെടികളും എന്നെ തടയുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും വകവക്കാതെ ഞാന് മുന്നോട്ട് നടന്നു. മണിക്കുട്ടിയുടെ കരച്ചില് അടുത്തുവരുന്നതായി എനിക്ക് തോന്നി. ഞാന് ഒരടികൂടി മുന്നോട്ട് വച്ചു. അതാ എന്റെ മണിക്കുട്ടി…. ഒരുവലിയകുഴിയുടെ ഇടിഞ്ഞുവീഴാറായ ഒരു വശത്ത് വള്ളിയില് കുടുങ്ങികിടക്കുന്നു.
(ചുറ്റുമതില് ഒന്നും ഇല്ലാത്ത ഒരു പൊട്ടക്കിണര് ആയിരുന്നു അത്. ഉപയോഗ്യശൂന്യം ആയതിനാല് കിണറിന്റെ ഉള്ഭാഗത്തും ചുറ്റുവട്ടത്തും ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു. അകലെനിന്നും നോക്കിയാല് അവിടെ ഒരു കിണര് ഉണ്ടെന്ന് പെട്ടെന്നാര്ക്കും തോന്നില്ല. കുറേ ചെടികല് നില്കുന്നതായി മാത്രം തോന്നും. അവിടെ ഒരു കിണര് ഉള്ള കാര്യം അന്ന് എനിക്കും അറിവുണ്ടായിരുന്നില്ല.)

ഞാന് മണിക്കുട്ടിയെ രക്ഷിക്കാനായി അതിലേക്ക് ഇറങ്ങാന് നോക്കി. പെട്ടന്ന് എന്നെ ആരോ പിന്നില് നിന്നും പിടിച്ചു. ഞാന് അല്പം ദേഷ്യത്തോടെ തന്നെ പിറകോട്ട് തിരിഞ്ഞു. മറ്റാരുമല്ല, നിതേഷ് ചേട്ടന് ആയിരുന്നു അത്.

“അമ്മൂമ്മേ… അമ്മൂമ്മേ… ഓടിവരണേ….” നിതേഷ് ചേട്ടന് എന്നെ പിടിച്ചു നിര്ത്തിയിട്ട് വിളിച്ചു കൂവുകയാണ്.

നിതേഷ് ചേട്ടന്റെ ശബ്ദം കേട്ട് അമ്മൂമ്മയും, അടുത്ത വീട്ടിലെ വല്യച്ഛനും ഓടി വന്നു. നിതേഷ് ചേട്ടനില് നിന്നും കുതറിമാറാന് ശ്രമിക്കുന്ന എന്നെ അമ്മൂമ്മ വാരിയെടുത്തു. വല്യച്ഛന് അവിടെ നിന്ന കുറ്റിച്ചെടികള് വകഞ്ഞുമാറ്റി. അപ്പോഴെയ്ക്കും വലിയൊരു ഏണിയും കയറുമായി മറ്റു രണ്ടു പേര് കൂടി അവിടെ എത്തി. അവരെല്ലാവരും ചേര്ന്ന് മണിക്കുട്ടിയെ പുറത്തെടുത്തു. അവള്ക്ക് ഭാഗ്യത്തിന് ഒന്നും പറ്റിയിരുന്നില്ല. നിലത്തിറക്കിയയുടനെ അവള് ഓടി എന്റെ അടുത്തെത്തി എന്നെമുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ദൂരെ മണിക്കുട്ടിയുടെ അമ്മയും അതിനെ കാണാതെ കരയുന്നുണ്ടായിരുന്നു. ഞാന് മണിക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്തെത്തിച്ചു. അതിനും സന്തോഷമായിക്കാണും.

പിന്നീട് കുറെ നാളുകള്ക്കു ശേഷം ഞാന് കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടയില് മണിക്കുട്ടിയുടെ കരച്ചില് കേട്ടു. ഞാന് ഓടി വീട്ടില് എത്തി. അന്നേരം അച്ഛനും അമ്മയും, അമ്മൂമ്മമാരും, അടുത്തവീട്ടില് വരാറുള്ള കൊച്ചിറ്റാമന് എന്ന ഒരാളും അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവിടെ ഒരു പഴയ കുട്ട കിടക്കുന്നുണ്ടായിരുന്നു. അവരെല്ലാം അതിന് ചുറ്റും കൂടി നില്കുന്നു. എന്തൊക്കെയൊ പിറുപിറിക്കുന്നും ഉണ്ട്. അതിനടുത്തുനിന്നും മണിക്കുട്ടിയുടെ ഒരു തരം പ്രത്യേക രീതിയിലുള്ള കരച്ചിലും കേല്ക്കുന്നു.

പെട്ടന്ന് ഞാനങ്ങോട്ട് വരുന്നതു കണ്ട അമ്മ അച്ഛനോടെന്തോ പറഞ്ഞു. അച്ഛന് എന്നെ എടുത്ത് അച്ഛന്റെ സൈക്കിളില് ഇരുത്തി എന്നെയും കൂട്ടി പുറത്തേയ്ക്ക് പോയി. രാത്രി കുറച്ച് വൈകിയാണ് ഞങ്ങള് മടങ്ങിയെത്തിയത്. ഭക്ഷണം പുറത്തു നിന്നും കഴിച്ചതിനാല് എനിക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. മണിക്കുട്ടിയെ അന്വേഷിച്ചെങ്കിലും അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു.

പിറ്റേദിവസ്സം രാവിലെ ഞാന് അന്വേഷിച്ചെങ്കിലും മണിക്കുട്ടിയെ കണ്ടില്ല. ഞാന് എല്ലാവരോടും തിരക്കി. അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. ഞാന് വളരെ നേരം അന്വേഷിച്ചു നടന്നുവെങ്കിലും എവിടെയും അവളെ കണ്ടില്ല.

ഞാന് ചെറിയ തോതില് സമരം (നിരാഹാരം) തുടങ്ങി. അവസ്സാനം അമ്മ പറഞ്ഞു. മോനെ… നിന്റെ മണിക്കുട്ടിയെ കൊച്ചിറ്റാമന് വളര്ത്താന് കൊണ്ടു പോയതാ. അവള് വലുതാകുമ്പോള് മടക്കി തരും. ഒട്ടും ഇഷ്ടമായില്ലെങ്കിലും അതു കേട്ടപ്പോള് എനിക്ക് അല്പം ആശ്വാസമായി.. എങ്കിലും എന്തോ ഒരു സംശയം എന്നില് ബാക്കി നിന്നിരുന്നു.

പിന്നെ അയാളെ എവിടെ വച്ചു കണ്ടാലും ഞാന് ചോദിക്കും “എന്റെ മണിക്കുട്ടി എന്തിയേ? വലുതായോ..? എന്നാ അവളെ കൊണ്ടുത്തര്വാ? ” അയാള് എന്നെ തുറിച്ച് നോക്കും. ഒന്നും മനസ്സിലാകാത്തപോലെ.

ഇത് കേട്ട് എന്റെ കൂടെയുള്ള അച്ഛനൊ അമ്മയോ അമ്മൂമ്മയൊ പറയും നമ്മുടെ ആ ആട്ടിന് കുട്ടിയെ ആണ് ചോദിക്കുന്നത്.

അപ്പോള് അയാള് പയ്യെ ചിരിച്ചു കൊണ്ട് പറയും, “മണിക്കുട്ടി വലുതായിട്ടില്ലാട്ടോ. വലുതാകുമ്പോള് മാമന് മോന് തിരിച്ചു തരാം…”

പിന്നിട് വര്‍‌ഷങ്ങള് കഴിഞ്ഞു. ഞാന് വളര്‍‌ന്നു, സ്കൂളില് ചേര്‍‌ന്നു… പതിയെ മണിക്കുട്ടിയും എന്റെ ഓര്‍‌മ്മകളില് മാത്രമായി. എങ്കിലും എന്റെ സംശയം പൂര്‍‌ണ്ണമായും മാറിയിരുന്നില്ല. ഒരു ദിവസ്സം അമ്മയോട് ചോദിച്ചപ്പോഴാണ് സത്യം മനസ്സിലായത്. അമ്മ കാര്യം വിശദീകരിച്ചു.

(അന്ന് ഞാന് കേട്ടത് മണിക്കുട്ടിയുടെ അവസാനത്തെ കരച്ചില് ആയിരുന്നു. അടുത്ത വീട്ടിലെ മരച്ചീനി തോട്ടത്തില് നിന്നും മരച്ചീനിയുടെ ഇല തിന്ന് എന്തോ വിഷ ബാധയേറ്റ് മണിക്കുട്ടി ഈ ലോകത്ത് നിന്നും യാത്രയാകുകയായിരുന്നു. മരച്ചീനിയിലകളില് ചില സമയങ്ങളില് ഉണ്ടാകുന്ന ചെറിയ പുഴുക്കള്‍‌ക്ക് വിഷമുണ്ടായിരിക്കുമത്രെ. ഇവ ഭക്ഷിക്കുന്ന ചെറിയ ജന്തുക്കള്‍‌ക്ക് വിഷമേല്ക്കും.. കുഞ്ഞായിരുന്ന മണിക്കുട്ടിക്കു സംഭവിച്ചതും അതുതന്നെ. )

ചെറിയകുട്ടിയായ എന്നെ ദുഃഖിപ്പിക്കേണ്ടെന്നുകരുതി അവരെല്ലാം സത്യം മറച്ചു വയ്കുകയായിരുന്നു. വര്ഷങ്ങള് കഴിഞ്ഞിരുന്നെങ്കിലും ഇതുകേട്ട് എന്റെ കണ്ണുകള് ഈറനണിഞ്ഞു. ഇന്നും മണിക്കുട്ടിയെ കുറിച്ചുള്ള ഓര്‍‌മ്മകള് എന്നില് എന്തോ ഒരു നഷ്ടബോധം നിറയ്ക്കുന്നു.
© Copy right reserved to author

20 comments:

ഹരിശ്രീ said...

എന്റെ കുട്ടിക്കാലത്തെ ഒരു ഓര്മ്മക്കുറിപ്പ്...

കുഞ്ഞന്‍ said...

അന്യ ജീവികളോടുള്ള സ്നേഹം എന്നും നിലനില്‍ക്കട്ടെ..

എല്ലാവര്‍ക്കും കാണും ഇതുപോലെ കൈസറിന്റെയൊ മണികുട്ടിയുടെയൊ, കുറിഞ്ഞിയുടെയൊ പോലുള്ള കഥകള്‍, നമ്മള്‍ എത്രെയൊക്കെ അവയെ കാത്തു സൂക്ഷിച്ചാലും, നമ്മുടെയത്ര ആയുസ്സില്ലാത്തതിനാല്‍ ഒരു പാടു വേര്‍പാടുകള്‍ നമ്മള്‍ സാക്ഷിയാവും,നൊമ്പരപ്പെടേണ്ടിവരികയും ചെയ്യുന്നു.

ചിലെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെ ഓര്‍മ്മകള്‍ ഒരു നിമിഷം ഓര്‍ക്കാന്‍ ഈ പോസ്റ്റ് കാരണമായി.. നന്ദി..:)

ഓ.ടോ. എണ്‍പതുകളില്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന പാട്ട് സിലബസ്സിലുണ്ടായിരുന്നോ ?

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
മനുഷ്യനെയായാലും മൃഗത്തെയായാലും
സ്‌നേഹിക്കല്‍ ഒരു അനുഭൂതിയാണ്
മണിക്കുട്ടിയോടുള്ള സ്‌നേഹം നിസ്വാര്‍ത്ഥമായാതിനാല്‍ വേര്‍ പിരിയല്‍ കൂടുതല്‍ വേദനാജനകമാകും.
നന്നായി വിവരിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍

ശ്രീ said...

:)

വേണു venu said...

മണിക്കുട്ടിയുടെ ഓര്മ്മ നന്നായെഴുതിയിട്ടുണ്ടു് ഹരിശ്രീ.:)

പിള്ളേച്ചന്‍‌ said...

Nalla oru ormakurippu. Aniyante aduthu nalla post edan parayu. Eppol postinte nilavaram vallareyadikam kuranju pokkunnu.(aniyante karyam annu ketto)

onnu upadeshikkuu

Prem

സഹയാത്രികന്‍ said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു....

ഹരിശ്രീ said...

കുഞ്ഞന്‍ ചേട്ടാ,ബാജി ഭായ്, വേണുജി,പ്രേം, സഹയാത്രികാ നന്ദി,

പിന്നെ കുഞ്ഞന്‍ ചേട്ടാ അന്ന് ആ പാട്ട് സിലബസ്സില്‍ ഉണ്ടായൊരുന്നു...

Typist | എഴുത്തുകാരി said...

ഞാനിന്നാ ഇവിടെ എത്തിയതു്. മറ്റൊരു ചാലക്കുടിക്കാരന്‍ അല്ലേ. സ്വാഗതം, ബൂലോഗത്തേക്കു്.

ഓര്‍മ്മക്കുറിപ്പു് നന്നായിട്ടുണ്ട്‌.‍

അക്ഷരത്തെറ്റുകള്‍- ഹരിശ്രീ കുറിച്ചതല്ലേയുള്ളൂ,അതുകൊണ്ട്‌ സാരമില്ല.

മന്‍സുര്‍ said...

ഹരിശ്രീ

മണിക്കുട്ടി.....മികവ്‌ പുലര്‍ത്തി.
അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്തോ പൂച്ച പട്ടി ആട് മാട് എന്നീ സകലമാന ജീവികളെയും പേടിയായിരുന്നതോണ്ട് ഈ വക ഒറ്റ ഓര്‍മ്മേം വേണ്ടി വന്നില്ല... :)

നന്നായിട്ടുണ്ട്.

ഹരിശ്രീ said...

എഴുത്തുകാരി, മന്‍സൂര്‍ ഭായ്, കുട്ടിച്ചാത്താ...

കമന്റിനു നന്ദി....

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിരിക്കുന്നു, ഓര്‍മ്മക്കുറിപ്പ്.

ഹരിശ്രീ said...

പടിപ്പുര നന്ദി,

എഴുത്തുകാരി, അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കാം...

വാളൂരാന്‍ said...

sreejith, adyamayanu ithile,nannayittundu.....
:)

ഹരിശ്രീ said...

മുരളി മാഷെ ,

നന്ദി...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മരച്ചീനിയിലയില്‍ നിന്നും Cyanide Poisoning അല്ലെ ഉണ്ടാകുന്നത്‌?
Today only I read all your posts, Good writing

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ഓര്‍മ്മക്കുറിപ്പ്.

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

ഒരുപാട് നന്ദി. എന്റെ പോസ്റ്റുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിന്...

:)

വാല്‍മീകിമാഷേ,

നന്ദിയുണ്ട്....

:)

Sureshkumar Punjhayil said...

Njanum veettilonnu poyi vannu... Nannayirikkunnu. Ashamsakal...!!!