Saturday, August 2, 2014

ഓണം : ഓണസ്മൃതികള്‍


          ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷമല്ല, മലയാളത്തനിമ നിറഞ്ഞ ജാതിമതഭേദങ്ങളില്ലാതെ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം കൂടിയാണ്. ഗൃഹാതുരത ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന ഒരാഘോഷംപൂക്കളുടേയും, പുന്നെല്ലിന്റേയും, പൂമ്പാറ്റകളുടേയും, പുലരിയുടേയും, കാര്‍ഷിക വിളവെടുപ്പിന്റേയും ഉത്സവം അതാണ് ഓണംകേരളത്തിന്റെ ദേശീയ ഉത്സവം...
അന്നും ഇന്നും ഓണം എനിക്ക് പ്രിയപ്പെട്ട ഒരു ഉത്സവമാണ്. ഓണത്തിന് വളരെ മുന്‍പേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കര്‍ക്കിടമാസത്തിലെ അവസാനനാളുകളില്‍ ഏതെങ്കിലും ഒരു നാള്‍ രാത്രി പാടാന്‍ വരും. പഞ്ഞം പാടുക എന്നാണ് അതിനെ പറയുക. അവര്‍ക്ക് ധാന്യങ്ങളും,പച്ചക്കറികള്‍, നാളികേരം എന്നിവ സമ്മാനമായി നല്‍കും. പിന്നീട് ഒരിക്കല്‍ കൂടി അവര്‍ പാടാന്‍ വരും; അത് തിരുവോണത്തിന് ശേഷമുള്ള ഓണനാളുകളില്‍ തന്നെ ആകും പതിവ്. അതിന് അവര്‍ പകലാണ് വരുക. അപ്പോള്‍ അവര്‍ക്ക് പണവും, ധാന്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. (ഇന്ന് ഇത്തരത്തില്‍ പാടാന്‍ ആളില്ലാത്തതിനാല്‍ ഈ ചടങ്ങുകള്‍ ഇല്ലാതായിപ്പോയിരിയ്കുന്നു.) കുട്ടിക്കാലത്ത് സ്കൂളിലെ ഓണപ്പരീക്ഷയുടെ തിരക്കിനിടയിലും പൂക്കളം ഇടാനും പൂ പറിയ്കാനും ഞങ്ങള്‍ സമയം കണ്ടെത്താറുണ്ട്. ഞാനും , അനിയനും, എന്റെ സുഹൃത്തുക്കളും, അടുത്തവീടുകളിലെ കുട്ടികളും എല്ലാം ചേര്‍ന്ന് പുലരുമ്പോഴേ പൂ പറിയ്കാന്‍ പുറപ്പെടും. ചെറിയ കുറ്റിക്കാട്ടിലും, പാടത്തും പറമ്പിലും എല്ലാം നടന്ന് കൈ നിറയെ പൂ പറിയ്കും.
വേലിപ്പടര്‍പ്പില്‍ കാണുന്ന സുന്ദരിപ്പൂവും, കോളാമ്പിപ്പൂവും, ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, മന്ദാരം, എന്നിവയെല്ലാം പൂക്കളത്തിലെ പ്രധാന വിഭവങ്ങള്‍ ആണ്. നുള്ളിയെടുക്കാന്‍ പ്രയാസമാണെങ്കിലും വെളുത്ത തുമ്പപ്പൂവും, സ്വര്‍ണ്ണനിറത്തിലുള്ള മുക്കുറ്റിപ്പൂവും പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു അക്കാലത്ത്. ചെറിയ ചേമ്പിയലില്‍ ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം മുക്കുറ്റിപ്പൂവും, തുമ്പപ്പൂവും പറിച്ചെടുക്കും.

(അതിന്റെ ഇലകളും തണ്ടും ചേര്‍ന്ന തുമ്പക്കുടം അന്ന് ഉത്രാടദിവസം മാത്രമേ പറിച്ചെടുക്കൂ. അന്നൊക്കെ പ്രായമായവര്‍ പറയും " മക്കളേ ഓണം കൊള്ളാന്‍ തുമ്പക്കുടം വേണം. നിങ്ങള്‍ അവ നേരത്തെ പറിച്ചെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് കളത്തിലിടാന്‍ പൂക്കള്‍ കിട്ടില്ല. " അവര്‍ അത് പറയുമെങ്കിലും പലപ്പോഴും അതൊന്നും ആരും ശ്രദ്ധീക്കാറില്ല. ഫലത്തില്‍ തുമ്പക്കുടം പറിച്ചെടുത്ത് എളുപ്പത്തില്‍ പൂക്കള്‍ പറിക്കും. പലപ്പോഴും ആ ചെടികള്‍ നശിച്ചുപോവുകയാണ് പതിവ് (അപൂര്‍വ്വം ചിലത് വീണ്ടും കിളിര്‍ക്കും) . ചെടികള്‍ നശിക്കാതിരിയ്ക്കാനും കൂടിയാണ് അന്നവര്‍ അങ്ങനെ പറഞ്ഞത് എന്ന് ഇന്നാണ് ബോധ്യമാകുന്നത്. ഇന്ന് ഇത്തരം ചെടികള്‍ പലതും നാമമാത്രമായിരിയ്കുന്നു. )
 
           പൂക്കളം ഒരുക്കുന്നത് അന്ന് ഞങ്ങള്‍ക്കൊരു മത്സരം പോലെ ആയിരുന്നു. കുളിച്ച് ശുദ്ധിയായി ഓരോ വീട്ടിലും വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് പൂക്കളം ഒരുക്കും. അടുത്ത വീടുകളിലെ പൂക്കളങ്ങള്‍ ഓരോ ദിവസവും പരസ്പരം നിരീക്ഷിക്കും അഭിപ്രായം അറിയിയ്ക്കും. അതു കൊണ്ട് തന്നെ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട പൂക്കളങ്ങള്‍ ഒരുക്കാന്‍ ഓരോ വീട്ടുകാരും ശ്രദ്ധിച്ചിരുന്നു. വീടിനു മുന്നിലെ പൂക്കളം വീടിന് ഒരു ഐശ്വര്യം ആയിരുന്നു, മാത്രമല്ല ഏവര്‍ക്കും സന്തോഷവും കണ്ണിന് കുളിര്‍മ്മ നല്‍കുന്നതും ആയിരുന്നു പൂക്കളം. ജാ‍തി-മതഭേദങ്ങള്‍ ഇല്ലാതെ നാട്ടിലെ എല്ലാവിഭാഗം ആളുകളും അന്നൊക്കെ ഓണം ആഘോഷിച്ചിരുന്നു.
 
            ഞങ്ങളുടെ നാട്ടില്‍ അന്നൊക്കെ ഓണത്തിന് ഓണപന്തല്‍ ഒരുക്കിയിരുന്നു. ചിങ്ങത്തില്‍ ചിണുങ്ങി ചിണുങ്ങി വരുന്ന മഴ പൂക്കളത്തെ കളയാതിരിയ്ക്കാനാണ് ഓണപ്പന്തല്‍ കെട്ടുന്നത്. (ഈ ഓണപ്പന്തല്‍ ആയില്യം മകം കൊള്ളല്‍, നവരാത്രി പൂജ എന്നീ ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതിന് ശേഷമേ അഴിക്കൂ.) കൂടാതെ പൂത്തറ കെട്ടുന്ന ഒരേര്‍പ്പാടും ഉണ്ടായിരുന്നു. കളിമണ്ണോ, അരിച്ചെടുത്ത മണ്ണോ ഉപയോഗിച്ച് ചെറിയൊരു തറ (പീഠം) നിര്‍മ്മിച്ച് അത് മെഴുകി അതില്‍ പൂക്കളം ഒരുക്കും. പലനിലകളിലായാണ് അവ നിര്‍മ്മിക്കുക. തറനിരപ്പില്‍ നിന്നും അഞ്ച് ആറ് ഇഞ്ച് വരെ അവ ഉയര്‍ന്നു നില്‍കും. മഹാവിഷ്ണുവിന് ഇരിയ്കാനുള്ള പീഠം എന്ന സങ്കല്‍പത്തിലാണ് ഈ പീഠം ഒരുക്കുന്നത്. ഇതിനൊപ്പം തന്നെ കളിമണ്ണില്‍ തൃക്കാക്കരയപ്പന്റെ രൂപവും നിര്‍മ്മിക്കും. (മറ്റുനാടുകളില്‍ ഇത്തരത്തില്‍ പൂത്തറ കെട്ടുന്ന ഏര്‍പ്പാടുണ്ടോ എന്നറിയില്ല.)

          അന്നൊക്കെ അത്തം മുതല്‍ പത്തുനാള്‍ ഓരോ വീട്ടിലും ശരിയ്ക്കും ഉത്സവം തന്നെ ആയിരുന്നു.ഉപ്പേരി, ശര്‍ക്കരപുരട്ടി, പ്രഥമന്‍, സദ്യ ഇതൊക്കെ അന്നത്തെ കാലത്ത് ഓണക്കാലത്തേ ഉണ്ടാകാറുള്ളൂ. ഓരോ ദിവസത്തിന്റെയും പ്രാ‍ധ്യാന്യം മനസ്സിലാക്കി പൂക്കളം ഒരുക്കുന്നതിന് വീട്ടിലെ പ്രായമായവരും ചേരും. മൂലം നക്ഷത്രത്തില്‍ ചതുരാകൃതിയില്‍ ആണ് കളമൊരുക്കുക. ആ ദിനത്തില്‍ മൂലകള്‍ വരുന്ന വിധം വേണമത്രേ കളമൊരുക്കാന്‍. ഓരോ ദിവസവും കളങ്ങളുടെ എണ്ണം കൂടിക്കൂടി വരും. ഓരോ പൂക്കളവും മനോഹരമായി അലങ്കരിയ്കും. വീടിന്റെ പൂമുഖത്തിന്റെ പടിമുതല്‍ പടിപ്പുരവരെ നീളുന്ന പൂക്കളങ്ങള്‍. തിരുവോണനാള്‍ അതിന്റെ എണ്ണം പത്തായിത്തീരും. മാവേലി മന്നന്‍ ഓരോ വീട്ടിലും എത്തി പൂക്കളവും വീടും സന്ദര്‍ശിക്കും എന്ന വിശ്വാസത്തില്‍ അദ്ദേഹത്തിനെ വരവേല്‍ക്കാന്‍ കൂടിയാണ് ഇവ. പടിപ്പുരയില്‍ നിന്നും പൂമുഖത്തേയ്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനാണ് ഇവയൊരുക്കുന്നത്. ഉത്രാടദിനം വരെയേ പൂക്കള്‍ പറിയ്ക്കൂ. തിരുവോണദിനത്തില്‍ പൂക്കള്‍ പറിയ്ക്കാറില്ല. തിരുവോണദിവസത്തേയ്കു വേണ്ട പൂക്കള്‍ വരെ തലേന്നാള്‍ പറിച്ചെടുക്കും. സദ്യയ്ക്കുള്ള ഇലകള്‍ പോലും തലേദിവസം വെട്ടി വച്ചിരിയ്കും. ജീവജാലങ്ങള്‍ക്കും , സസ്യങ്ങള്‍ക്കും ഓണം ഉണ്ടെന്ന വിശ്വാസത്തില്‍ ആണത്രേ ഇത്.
 
            തിരുവോണദിനത്തില്‍ പുലര്‍ക്കാലെ ഉണര്‍ന്ന് കുളിച്ച് വീട്ടിലെ കാരണവര്‍ ആണ് ഓണം കൊള്ളുക. കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്റെ പ്രതിമയില്‍ പൂക്കളും, അരിമാവും, കളഭവും ചേര്‍ത്ത് അലങ്കരിച്ച് പീഠത്തില്‍ ഇലവിരിച്ച് അതില്‍ മാവ് അണിഞ്ഞ് തുമ്പക്കുടവും , പൂക്കളും വച്ച് ആണ് അതിനെ പ്രതിഷ്ടിക്കുക. കൂടാതെ ഒരിലയില്‍ നിറയെ പൂവടയും, അവല്‍, മലര്‍ എന്നിവയും, പഴങ്ങളും, ചെറിയ പറയില്‍ നെല്ലും, അരിയും, മറ്റൊരു ഭാഗത്ത് നിലവിളക്കും, കിണ്ടിയും, ചന്ദനത്തിരികളും, രണ്ടായി മുറിച്ച നാളികേരവും, വച്ച് ചെറിയൊരു പൂജയോടെയും ഒപ്പം ആര്‍പ്പ് വിളിയോടെയും മഹാബലിയെ വരവേല്‍ക്കാന്‍ വീടൊരുങ്ങിയതായി അറിയ്കും. ഏതാണ്ട് ഒരേ സമയത്തു തന്നെ എല്ലാ വീടുകളില്‍ നിന്നും ആര്‍പ്പ് വിളി ഉയരും..

            പിന്നെ നേരം പുലരുമ്പോള്‍ മുതല്‍ എല്ലാവരും സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളായിരിയ്കും. വീട്ടിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തും. (അന്ന് ആണുങ്ങള്‍ അടുക്കളയില്‍ കയറുക  അപൂര്‍വ്വമാണ്. പക്ഷേ
തിരുവോണദിനത്തില്‍ ആണുങ്ങളും അടുക്കളയില്‍ കയറി പ്രഥമനുള്ള ഒരുക്കങ്ങള്‍ നടത്തും) നിരത്തിയിട്ട നാക്കിലയില്‍ തുമ്പപ്പൂ ചോറും, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, ഉപ്പേരി, ഇഞ്ചിക്കറി, മാമ്പുളിശ്ശേരി, പപ്പടം, ഉപ്പിലിട്ടവ, സാമ്പാര്‍, പിന്നെ മൂന്നുകൂട്ടം പ്രഥമനും ഇങ്ങനെ അനേകം വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും സന്തോഷത്തോടെ കഴിയ്കും. അതിനു ശേഷം അല്പം കുശലപ്രശ്നങ്ങളും, ഓണക്കളികളുമായി ആ ദിനത്തിന്റെ സന്തോഷം ഏവരും പങ്കുവയ്കും.  വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നിരുന്ന ഒരു ആഘോഷം കൂടിയാണ് ഓണം.

           പാടവും, പറമ്പും, വേലിപ്പടര്‍പ്പും എല്ലാം നികത്തി വീടുകളും, മതിലുകളും, ഉയര്‍ന്ന് ഗ്രാമം നഗരമായി വളരുമ്പോള്‍ നശിച്ചുപോകുന്ന ഇത്തരം പൈതൃക സ്വത്തുക്കളേയും ഗൃഹാതുരത ഉളവാക്കുന്ന ആ സുദിനങ്ങളെയും നാം വിസ്മരിയ്ക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇന്ന് പൂക്കളങ്ങള്‍ നാമമാത്രമായിരിയ്കുന്നു. പിന്നെ തിരക്കിട്ട ജീവിത സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തേയും മാറ്റിയിരിയ്ക്കുന്നു. 

           എങ്കിലും കേരളത്തിന് അകത്തും, പുറത്തും, വിദേശത്തുമുള്ള ‍ ചിലരെങ്കിലും തിരുവോണം നാളിലെങ്കിലും പൂക്കള്‍ വാങ്ങി പൂക്കളവും സദ്യയുമൊരുക്കി ഓണത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ ശ്രമിക്കുന്നു. കൂടാതെ പുതിയ തലമുറകളിലെ കുട്ടികള്‍ക്ക് ഈ പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും ശ്രമിക്കുന്നു. അങ്ങനെയെങ്കിലും ഓണത്തേയും, മലയാളത്തേയും പറ്റി മനസ്സിലാക്കാന്‍ ഈ പുതുതലമുറയ്ക് സാധിക്കട്ടെ...പടിയിറങ്ങിപ്പോകുന്ന പഴയ ഓണത്തിന്റെ തനിമ അല്പമെങ്കിലും നെഞ്ചോട് ചേര്‍ക്കാനാവട്ടെ നമുക്കെല്ലാവര്‍ക്കും...



മാവേലി നാടുവാണീടും കാലം
  മാനുഷരെല്ലാരുമൊന്നുപോലെ.
  ആമോദത്തോടെ വസിക്കുംകാലം 
 ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
 ആധികള്‍ വ്യാധികളെങ്ങുമില്ല 
 ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.  

പത്തായിരമാണ്ടിരിപ്പുമുണ്ട്
  പത്തായമെല്ലാം നിറവതുണ്ട്.  
എല്ലാകൃഷികളുമൊന്നുപോലെ  
നെല്ലിനു നൂറു വിളവതുണ്ട്. 
 ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല
 നല്ലവരല്ലാതെയില്ലപാരില്‍. 

 ഭൂലോകമൊക്കെയുമൊന്നുപോലെ 
 ആലയമൊക്കെയുമൊന്നുപോലെ.
  നല്ല കനകം കൊണ്ടെല്ലാവരും
  നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,  
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും 
 നീതിയോടെങ്ങും വസിച്ചകാലം. 

 കള്ളവുമില്ലചതിയുമില്ല 
 എള്ളോളമില്ലാ പൊളിവചനം.  
വെള്ളിക്കോലാദികള്‍നാഴികളും  
എല്ലാം കണക്കിനു തുല്യമായി.  
കള്ളപ്പറയും ചെറുനാഴിയും 
 കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
  നല്ല മഴ പെയ്യും വേണ്ടും
 നേരം നല്ലപോലെല്ലാ വിളവും ചേരും. 
 മാവേലി നാടു വാണീടും കാലം,
 മാനുഷരെല്ലാരുമൊന്നുപോലെ.
                                                                           *******
ഓണാശംസകളോടെ..
ഹരിശ്രീ

Tuesday, March 23, 2010

ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്

മധ്യവേനലവധിക്കാലത്തിന്റെ സന്തോഷകരമായ ദിവസങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന വിഷു എന്നും നല്ല സ്മരണകളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. കളിയും ചിരിയും വികൃതികളുമായി നടക്കാം. ധാരാളം പുസ്തകള്‍ വായിക്കാം, സിനിമകാണാം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം. ഇതെല്ലാം മധ്യവേനല്‍ അവധിക്കാലത്ത് മാത്രം സാധ്യമാകുന്നതാണ്. മാമ്പഴങ്ങളും കായ് കനികളും മൂത്ത് പഴുത്ത് നില്‍കുന്ന സമയം കൂടിയാണ് വേനലവധിക്കാലം. കൂടാതെ മനോഹരമായ കണിക്കൊന്നപ്പൂ‍ക്കള്‍ പൂത്തുനില്‍കുന്ന കാലവും.ഇതെല്ലാം വിഷുക്കാലത്തിന്റെ മാത്രം പ്രത്യേകതകളാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാ വര്‍ഷവും വിഷുവിന് അച്ഛനാണ് കണിഒരുക്കുക. കണിയൊരുക്കുന്നത്തിനുവേണ്ട സാധനങ്ങളെല്ലാം തലേന്ന് രാത്രി ഒരുക്കി വച്ച് വെളുപ്പിന് ഉറക്കമുണര്‍ന്നാണ് കണിഒരുക്കുക. ഓട്ടുരുളിയില്‍ നിറയെ കണികൊന്നപ്പൂക്കളും, കണിവെള്ളരിയും, മാമ്പഴങ്ങളും, കുത്തരിയും, സ്വര്‍ണ്ണവും, തളിര്‍വെറ്റിലയും, പഴുത്തഅടക്കയും, ചക്കയും, മറ്റുഫലങ്ങളും, ഗ്രന്ഥങ്ങളും, നാണയങ്ങളും,അലക്കിയെടുത്ത് ഞൊറിയിട്ട് കിണ്ടിയില്‍ വച്ച മുണ്ടും, വാല്‍ക്കണ്ണാടിയും, ഓട്ടുരുളിയില്‍ വച്ച് രണ്ടായിമുറിച്ച നാളികേരമുറിയില്‍ എണ്ണയില്‍ തെളിച്ച ദീപങ്ങളും, അനേകം തിരികളിട്ടു തെളിയിച്ച നിലവിളക്കും, ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്‍പില്‍ വച്ച ആ വിഷുക്കണി. അതിന്റെ ആ സ്വര്‍ണ്ണപ്രഭചൊരിയുന്ന വിഷുക്കണി ദര്‍ശ്ശനം എത്ര കണ്ടാലും വിവരിച്ചാലും മതിവരില്ല. വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും കണികാണിക്കുന്ന പതിവുണ്ട്. ഞങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ അച്ഛനും അമ്മയും ചേര്‍ന്ന് ഞങ്ങളുടെ നന്ദിനി പശുവിനേയും,അതിന്റെ കിടാവ് കിങ്ങിണിയേയും കണികാണിക്കും. പിന്നീട് ഉറങ്ങാതെ അവര്‍ ഇരുവരുംചേര്‍ന്ന് സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷുക്കണികൊണ്ടുവരുന്ന ഒരേര്‍പ്പാടുണ്ട്. നാടിന്റെ ഓരോ ഭാഗത്ത് ഓരോ സംഘങ്ങല്‍ ഇത്തരത്തില്‍ കണികൊണ്ടുവരും. എന്റെ അടുത്തസുഹൃത്തുക്കളായ സലീഷ് , ജിബീഷ്, കണ്ണന്‍, ജയന്‍ എന്നിവര്‍ചേര്‍ന്ന് അക്കാലത്ത് കണിയെല്ലാം ഒരുക്കി ഓരോവീട്ടിലും കൊണ്ടുവരുമായിരുന്നു. (പക്ഷേ അച്ഛനൊരുക്കുന്നത്ര ഭംഗി മറ്റെങ്ങും എനിക്ക് തോന്നിയിട്ടില്ല. ആ സ്വര്‍ണ്ണപ്രഭ ചൊരിയുന്ന വിഷുക്കണി അച്ഛന്‍ ഒരുക്കുന്ന വിഷുക്കണിക്ക് മാത്രം സ്വന്തം.) ആ വര്‍ഷവും അവര്‍ പതിവുപോലെ കണിയൊരുക്കി ഓരോവീട്ടിലും കൊണ്ടുവന്നു. ശംഖ് വിളിച്ചോ, പടക്കം പൊട്ടിച്ചോ(ശംഖ് വിളിയില്‍ ഉണരാത്തവരെ ഉണര്‍ത്താന്‍.) ആണ് ആളുകളെ ഉണര്‍ത്തുക. ആ വര്‍ഷവും കണിയെല്ലാം ഒരുക്കി അച്ഛനും അമ്മയും ചേര്‍ന്ന് എന്റെയും അനുജന്റെയും കണ്ണുപൊത്തി അച്ഛനൊരുക്കിയ വിഷുക്കണിയുടെ മുന്നില്‍ ഞങ്ങളെ എത്തിച്ചു. അമ്പാടിക്കണ്ണന്റെ മുന്നില്‍ ഞങ്ങളെല്ലാം കണിയും കണ്ട് മതിമറന്ന് നില്‍കുമ്പോഴാണ് കണിയുമായി എന്റെ കൂട്ടുകാരുടെ വരവ്. ശംഖ് നാദം മുഴക്കി അവര്‍ വരവറിയിച്ചു. അവരുടെ കണികണ്ട് അവര്‍ക്ക് ദക്ഷിണയും നല്‍കി അച്ഛനും അമ്മയും അകത്തേക്ക് പോയി. കണികണ്ട് കഴിഞ്ഞ് ഉറങ്ങുന്ന പതിവ്വ് അന്നില്ല. അതിനാല്‍ ഞാനും അനുജനും പടക്കം പൊട്ടിക്കാനും തുടങ്ങി. കൂട്ടുകാര്‍ കണിയും കൊണ്ട് ഞങ്ങളുടെ പടിഞ്ഞാറേതിലെ വീട്ടിലും അതിനുശേഷം ഞങ്ങളുടെ അടുത്തുള്ള തറവാട്ടുവീട്ടിലും എത്തി. ഞാ‍നും അനിയനും വാശ്ശിയോടെ പടക്കം പൊട്ടിക്കുകയാണ്. വീട്ടിലും വഴിയരികിലും എല്ലാം. പടക്കം പൊട്ടിക്കല്‍ അക്കാലത്ത് ഒരു മത്സരമാണ്. അടുത്തവീട്ടില്‍ ഒന്നു പൊട്ടിച്ചാല്‍ ഞങ്ങള്‍ രണ്ട് പൊട്ടിക്കും, അവരും തിരിച്ച് അല്പം കൂടി ശബ്ദമുള്ള പടക്കം പൊട്ടിച്ച് വാശ്ശികാണിക്കും. അങ്ങോട്ട് തിരിച്ചും. ഇതിനിടെ പടക്കം കഴിഞ്ഞാല്‍ കടയില്‍ രാത്രി തന്നെപോയി വാങ്ങിക്കൊണ്ടുവന്ന് വീണ്ടും പൊട്ടിക്കും. അങ്ങനെ വിഷുപ്പുലരിവരെ അത് തുടരും. ഇതിനിടയില്‍ ഞങ്ങളുടെ തറവാ‍ട്ടിലെ മുറ്റത്ത് കൂട്ടുകാരുടെ ശബ്ദം കേട്ട് ഞങ്ങള്‍ അവിടെ എത്തി. അപ്പോഴാണ് കാ‍ര്യം മനസ്സിലായത്. അവിടെ എല്ലാവരും കണികണ്ട് കഴിഞ്ഞ് അവസ്സാനം കുഞ്ഞച്ഛന്റെ മകന്‍ കണ്ണനെ കണികാണിക്കാ‍ന്‍ കൊണ്ടുവന്നു. രണ്ടോ, മൂന്നോ വയസ്സേ അന്നവന് പ്രായമുള്ളൂ. നല്ല ഉറക്കത്തിലുമായിരുന്നു കണ്ണന്‍. കണികാണിക്കാനായി അച്ഛമ്മ അവനെ കണിക്കുമുന്നിലെത്തിച്ചു. കണ്ണൊക്കെത്തിരുമ്മി കണ്ണന്‍ ഉറക്കച്ചടവോടെ പതുക്കെ കണിയിലേക്ക് നോക്കി. എന്നിട്ട് അവര്‍ക്കായി നല്ലൊരു വിഷുക്കണി തന്നെ അവന്‍ കാഴ്ചവച്ചു. കാര്യം എന്തെന്നാല്‍ കണിയിലേക്കു നോക്കി കണ്ണടച്ചുനിന്ന് മൂത്രം ഒഴിക്കുകയാണ് കണ്ണന്‍ ചെയ്തത്. (കിടക്കയില്‍ മൂത്രം ഒഴിക്കാതിരിക്കാന്‍ പതിവായി ഉറക്കമുണര്‍ത്തി മൂത്രം ഒഴിപ്പിച്ചിരുന്ന ചെറിയകുട്ടിയായിരുന്ന് അവന് കാര്യം മനസ്സിലായില്ല.ഉറക്കമുണര്‍ത്തിയത് മൂത്രം ഒഴിപ്പിക്കാനാകുമെന്നാണ് അവന്‍ ധരിച്ചത്. അവന്‍ മറ്റൊന്നും ആലോചിക്കാതെ പതിവുപോലെ മൂത്രം ഒഴിച്ചു.) എന്തായാലും അവരുടെ കണികാണിക്കല്‍ അവിടെ അവസ്സാനിച്ചു. മാത്രമല്ല അതിനുശേഷം കണികൊണ്ടു പോകുന്ന ഏര്‍പ്പാടും അവര്‍ അവസ്സാനിപ്പിച്ചു. പിന്നീടൊരു വര്‍ഷവും അവര്‍ കണി കൊണ്ടുവന്നിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയിരിയ്കുന്നു. ഇതിലെ കഥാപാത്രങ്ങളായ എന്റെ സുഹൃത്തുക്കളായ ജിബീഷ് ഇപ്പോള്‍ മാലിദ്വീപിലും, സലീഷ് ഇപ്പോള്‍ ബഹറൈനിലും ജോലി നോക്കുന്നു. കണ്ണന്‍ ഇപ്പോള്‍ മസ്കറ്റിലും. വീണ്ടും ഒരു വിഷുക്കാലം വന്നു ചേരുമ്പോള്‍ എന്റെ മനസ്സില്‍ അന്നത്തെ വിഷുക്കാലവും , ഇത്തരം രസകരമായചില വിഷുസ്മരണകളുമാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.
എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ഐശ്വര്യവും, സമ്പല്‍സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകള്‍ നേരുന്നു....

ഹരിശ്രീ

Monday, June 1, 2009

വരുമോയെന്‍ ബാല്യമേ...

തിരികേ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും മതിവരുന്നില്ലല്ലോ ആ ദിനങ്ങള്‍... ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും തന്നു നീ വേഗം മറഞ്ഞതെന്തേ.... ആ നല്ല ബാല്യമേ.. സ്നേഹസമ്മാനമേ... ഓര്‍മ്മയിലെങ്കിലും നീ വരുമോ ??? പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട് മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ... കളിയും ചിരിയുമായ് കൂടെ നിന്നൂ... പക്ഷേ, ആരോടും മിണ്ടാതെ പോയ് മറഞ്ഞൂ... ഒരുവട്ടം കൂടി നീ ചാരത്തണയുമോ.... സ്വപ്നത്തിലെങ്കിലും എന്‍ ബാല്യമേ ??? എന്നെയുറക്കുവാന്‍ താരാട്ടുപാടിയ അമ്മതന്‍ സ്നേഹത്തെ ഓര്‍മ്മ വന്നൂ... പൂക്കളം തീര്‍ക്കുമ്പോള്‍ പൂകോരി വിതറുന്ന കുസൃതിയാം ഉണ്ണിയെ ഓര്‍മ്മ വന്നൂ... കുസൃതിക്ക് പകരമായ് മണിമുത്തം നല്‍കുമെന്‍ അച്ഛന്റെ സ്നേഹവും ഓര്‍മ്മ വന്നൂ... വരുമോയെന്‍ ബാല്യമേ... സ്നേഹസമ്മാനമേ... ഒരുവട്ടം ചാരത്തണഞ്ഞിടുമോ ??? ഓര്‍മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും ഒരു വട്ടം ചാരത്തണഞ്ഞിടുമോ ???


ചിത്രത്തിന് കടപ്പാട് : മലയാള മനോരമ

Wednesday, May 6, 2009

ഒരു പല്ലെടുക്കല്‍ കഥ

ഈ സംഭവം നടക്കുന്നത് എന്റെ രണ്ടാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്താണ്. (1984-85 കാലഘട്ടം) അന്നെല്ലാം വിഷുവിന്റെ അവധിയ്ക്ക് അമ്മായിയുടെ മൂത്ത മകന്‍ നിതേഷ് ചേട്ടന്‍ വരും. പിന്നെ ഒരു മാസക്കാലം കളിയുടെ ആഘോഷം ആണ്. കളിവീട് കെട്ടാനും, ഒളിച്ചുകളിക്കാനും, മരം കയറാനും, ഊഞ്ഞാല്‍ കെട്ടാനും, ക്രിക്കറ്റ് കളിക്കാനും കുട്ടിയും കോലും കളിയ്ക്കാനുമെല്ലാം (പക്ഷേ, കുട്ടിയും കോലും എന്ന കളിയ്ക്ക് അമ്മ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കളി കുറവായിരുന്നു. അക്കാലത്ത് അമ്മയുടെ വീടിനടുത്തോ മറ്റോ അത് കളിച്ച ഏതോ കുട്ടിയുടെ കണ്ണില്‍ കളിയ്ക്കിടെ കോലു കൊണ്ട് കണ്ണ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് അത് നിരോധിച്ചത്.) മുന്‍പന്തിയില്‍ നിതേഷ് ചേട്ടന്‍ കാണും. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു (ഇന്നും). എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പോഴും കൂടെക്കാണും. അന്ന് എന്റെ അനുജന്‍ (ബ്ലോഗര്‍ ശ്രീ)തീരെ ചെറുതാണ്. അതു കൊണ്ട് ഞങ്ങളുടെ കൂടെ കൂടുന്ന പതിവില്ല.

അന്നൊരു ദിവസം പതിവുപോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേയ്കാനൊരുങ്ങുമ്പോള്‍ താഴത്തെ നിരയിലെ ഒരു പല്ലിന് ഒരു അനക്കം. പല്ലിളകുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ചെറുതായി പേടി തോന്നി. വേഗം പല്ല് തേച്ച് മുഖം കഴുകി യെന്നു വരുത്തി, ഓടി അമ്മയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു “ അമ്മേ, എന്റെ താഴത്തെ നിരയിലെ ഒരു പല്ല് ഇളകുന്നു”.


അമ്മ പതുക്കെ പല്ലില്‍ പിടിച്ചു നോക്കി. ശരിയാണ്, കുറേശ്ശെ അനക്കമുണ്ട്. എന്നിട്ട് പതുക്കെ പല്ലിളക്കി.


“അയ്യോ!!! എനിക്ക് വേദനിക്കുന്നു“. ഞാന്‍ അലറിക്കരഞ്ഞു.


അമ്മ പല്ലില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് ‘ഈ പല്ലുകള്‍ പോയാലും വേറെ നല്ല പല്ലുകള്‍ വരുമെന്നും അപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരനാകുമെന്നുമെല്ലാം നയത്തില്‍ പറഞ്ഞു നോക്കിയെങ്കിലും വേദന തോന്നിയതിനാല്‍ ഞാന്‍ അമ്മയ്ക് പിടികൊടുക്കാതെ അവിടെ നിന്നും മുങ്ങി.


അമ്മ തഞ്ചത്തില്‍ പല്ലു പറിയ്ക്കുന്ന ഡ്യൂട്ടി നിതേഷ് ചേട്ടനെ എല്‍പ്പിച്ചു. കുറെ നേരം കഴിഞ്ഞ് നിതേഷ് ചേട്ടന്‍ എന്റെ അടുത്തു കൂടി. എന്നിട്ട് എന്നോട് ചോദിച്ചു. “ ശ്രീജി, നിന്റെ പല്ല് ഇളകുന്നുണ്ടെന്ന് അമ്മായി പറഞ്ഞു. ഞാന്‍ നോക്കട്ടെ. വേദനിപ്പിക്കാതെ ഞാന്‍ പറിച്ചു കളഞ്ഞു തരാം”.


ഞാന്‍ നിതേഷ് ചേട്ടനെ പല്ല് കാണിച്ച് കൊടുത്തു. നിതേഷ് ചേട്ടന്‍ പതുക്കെ പല്ലില്‍ പിടിച്ച് നോക്കി. “എടാ ഇളകുന്നുണ്ട്. വേഗം പറിച്ചുകളഞ്ഞോ. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വയറ്റില്‍ പോകും. പിന്നെ അത് അവിടെ കിടന്ന് മുളയ്ക്കും. പിന്നെ വായിലൂടെ മരമായി വളരും”. ഇതൊക്കെ കേട്ടതോടെ എന്റെ പകുതി ജീവന്‍ പോയി.


അന്ന് വേദനമൂലം കളികളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഉച്ചക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണം കഴിച്ചത്. അബദ്ധത്തില്‍ പല്ലെങ്ങാന്‍ വയറ്റില്‍ പോയാലോ.നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

അന്ന് വൈകുന്നേരം കൊച്ചമ്മൂമ്മ പതിവില്‍ നിന്നും വ്യത്യസ്തമായി നെയ്യപ്പമാണ് ചായയ്ക് ഉണ്ടാക്കിയത്. ഞാനും കൊതിമൂത്ത് ചൂടോടെ ഒരെണ്ണം എടുത്തു. ഒന്നെടുത്ത് കടിച്ചതും വേദന കൊണ്ട് പുളഞ്ഞു. നാശം പിടിക്കാന്‍!!!. എന്തൊരു വേദന. നെയ്യപ്പം കഴിക്കാനാകാതെ വിഷമം ആയി.

അന്ന് അച്ഛന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ ഞാന്‍ പല്ലിളകിയ കാര്യം അച്ഛനോടും പറഞ്ഞു. അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. ‘എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം’. എനിക്ക് ആശ്വാസം ആയി. ഞാന്‍ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ നിതേഷ് ചേട്ടനോട് സ്വകാര്യം പറഞ്ഞു. “എടാ, ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ സിറിഞ്ച് വച്ച് വായില്‍ കുത്തും”. അത് കേട്ടപ്പോള്‍ എനിയ്ക്ക് പിന്നെയും പേടിയായി. രാത്രി വേദനയും പേടിയും മൂലം ഉറങ്ങിയില്ല. ഉറങ്ങുമ്പോള്‍ പല്ല് എങ്ങാനും ഇളകി വയറ്റില്‍ പോയാലോ.

അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ഒരു തരത്തില്‍ ഞാനും നിതേഷ് ചേട്ടനും ചേര്‍ന്ന് ഡോക്ടറുടെ അടുത്ത് പോകുന്നതില്‍ നിന്നും ഒഴിവായി. പക്ഷേ അതു കാരണം അന്ന് എല്ലാവര്‍ക്കും പ്രധാന ജോലി എന്റെ പല്ല് ഇളക്കുന്നതായിരുന്നു. അന്ന്‍ അച്ഛമ്മയുടെ അനിയത്തി മൂത്തകുന്നത്തെ അമ്മൂമ്മ ഞങ്ങളുടെ വീട്ടില്‍ എത്തി. ഇടക്കിടെ ആ അമ്മൂമ്മ വിരുന്നിന് വരാറുണ്ട്. വന്നാല്‍ ഒന്ന് രണ്ടാഴ്ച വീട്ടില്‍ കാണും.അവിവാഹിതയായ ആ അമ്മൂമ്മയ്ക്ക് ഞങ്ങള്‍ കുട്ടികളെ വലിയ സ്നേഹമായിരുന്നു.

അന്ന് ആ അമ്മൂമ്മ വരുമ്പോള്‍ എല്ലാവരും കൂടി ഇരുന്ന് എന്റെ പല്ല് പിടിച്ച് ഇളക്കുകയും ഞാന്‍ വേദനകൊണ്ട് കരയുകയുമായിരുന്നു. ഇതു കണ്ട് എന്റെ പല്ലു പറിയ്ക്കുന്ന ദൌത്യം ആ അമ്മൂമ്മ ഏറ്റെടുത്തു. വേദനിപ്പിയ്ക്കാതെ പല്ലെടുക്കാന്‍ താന്‍ വിദഗ്ദയാണെന്നും മറ്റെല്ലാവരും മാറിക്കോളാനും പറഞ്ഞതു കേട്ട് കൂടി നിന്ന എല്ലാവരും പിരിഞ്ഞുപോയി. എനിയ്ക്കും ആശ്വാസമായി.


അന്ന് ഉച്ചയ്ക് ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്. ഞാന്‍ മുറ്റത്ത് എന്തോ കളിയിലും. ഏതാണ്ട് നാലുമണി ആയിക്കാണും. അച്ഛമ്മൂമ്മയും, മൂത്തകുന്നത്തെ അമ്മൂമ്മയും,കൊച്ചമ്മൂമ്മയും, നിതേഷ് ചേട്ടനും എന്റെ അടുത്ത് എത്തി. ആ അമ്മൂമ്മ എന്നെ വിളിച്ച് കൊണ്ടുപോയി വാഴയുടെ വിരിഞ്ഞ കുടപ്പനില്‍ നിന്നും പൂനുള്ളി അതിന്റെ തേന്‍ എനിക്ക് തന്നു. എനിക്ക് സന്തോഷമായി. എന്നിട്ട് അമ്മൂമ്മയുടെ കയ്യില്‍ പല്ല് പറിയ്കാന്‍ ഒരു സൂത്രവിദ്യ ഉണ്ടെന്നും മറ്റും പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി. അപ്പോഴേയ്ക്കും അച്ഛമ്മയും, നിതേഷ് ചേട്ടനും സൂത്രത്തില്‍ എന്റെ ചുറ്റും കൂടി. മൂത്തകുന്നത്തെ അമ്മൂമ്മ വാ തുറക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വാ തുറന്നു കാണിച്ച് കൊടുത്തു. കുറച്ചു ദൂരെ മാറി അമ്മ നില്‍ക്കുന്നുണ്ട്. എന്റെ സങ്കടവും കരച്ചിലും കണ്ടിട്ട് അമ്മയ്ക് വിഷമം കൊണ്ട് മാറി നില്‍ക്കുകയായിരുന്നു. കാരണം അമ്മയെ കാണുമ്പോള്‍ ഞാന്‍ സങ്കടം കൊണ്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നു.

ആ അമ്മൂമ്മ ചകിരിയുടെ ഒരു നാരെടുത്ത് അതില്‍ ചെറിയൊരു കുടുക്കുണ്ടാക്കി. എന്നിട്ട് എന്റെ പല്ലില്‍ ആ കുടുക്കിട്ടു. എന്നോട് അമ്മൂമ്മയുടെ മടിയില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ കിടന്നുതും എന്റെ കാലിലും കൈകളിലും പിടി വീണു. നിതേഷ് ചേട്ടനും, കൊച്ചമ്മൂമ്മയും, അച്ഛമ്മയും ആയിരുന്നു അത്. അതിനൊപ്പം തന്നെ മൂത്തകുന്നത്തെ അമ്മൂമ്മ നാരില്‍ പിടിച്ച് ശക്തമായ പല്ലിളക്കല്‍ ആരംഭിച്ചിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചിലും കുതറലും വക വയ്ക്കാതെ കുറേ നേരം നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ അവരുടെ ശ്രമം വിജയം കണ്ടു. നാരിന്റെ തുമ്പത്ത് പല്ല് കിടന്ന് ആടുന്നു.

വേദനകൊണ്ട് ഞാന്‍ ശരിക്കും അണക്കുന്നുണ്ടായിരുന്നു. വായില്‍ ആകെ ചോരയുടെ ഉപ്പുരസം. നന്നായി വേദനിച്ചെങ്കിലും ഇഞ്ചക്ഷനില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു എനിക്ക്.

അച്ഛമ്മ പല്ലെടുത്ത് ചാണകത്തില്‍ പൊതിഞ്ഞ് “ പാല്‍പ്പല്ല് പോയി കീരിപ്പല്ല് വാ” എന്നോ മറ്റോ പറഞ്ഞ് അത് വീടിന്റെ ഓടിനു മുകളിലേക്ക് ഒരേറു വച്ചുകൊടുത്തു.

അവര്‍ എന്നെ എടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി വായയും മുഖവും കഴുകിച്ചു. വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.

എനിയ്ക്ക് പിന്നെയും പേടിയായി. ഞാന്‍ കരഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മയ്ക്കും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അമ്മയും തലേന്നാള്‍ രാവിലെ അത് തൊട്ടുനോക്കിയതാണല്ലോ. അമ്മയ്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇളകാത്തപല്ല പറിച്ചതിന്. എന്നാലും, ‘സാരമില്ല എന്നായാലും ആ പല്ലും ഇളകി പോകാന് ഉള്ളതല്ലേ’ എന്നെല്ലാം പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു.


കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് ശക്തമായ തലവേദന തുടങ്ങി. അന്ന് രാത്രി ഞാന്‍ പനിച്ച് വിറച്ചു.

പിറ്റേന്ന് രാവിലെയും ഞാന്‍ കിടപ്പ് തന്നെ ആണ്. വിവരമറിഞ്ഞ് അമ്മൂമ്മമാര്‍ക്കും നിതേഷ് ചേട്ടനും വിഷമമായി, ഒപ്പം കുറ്റബോധവും. പക്ഷേ, അന്ന് രാവിലെ പലഹാ‍രം കഴിക്കാന്‍ പറ്റാത്ത വിഷമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. പല്ല് ഇളക്കി കളഞ്ഞിട്ട് നെയ്യപ്പം തിന്നണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ നശിച്ച പനി പിടിച്ചത്. ഇനി പനിമാറാതെ രക്ഷയില്ലല്ലോ.

അന്നെനിക്ക് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ തന്നത് റസ്ക് ആയിരുന്നു. ഞാന്‍ ചായയില്‍ മുക്കി റസ്ക് എടുത്ത് ഒരു കടി. “ ക്ടിം” എന്നൊരു ശബ്ദം കേട്ടു. റസ്കിന്റെ കഷ്ണത്തിനൊപ്പം വായില്‍ എന്തോ തടയുന്നു. വായില്‍ ചെറിയൊരു ചവര്‍പ്പു രസം. പതുക്കെ കടിച്ചു നോക്കി. നല്ല ബലമുള്ള എന്തോ ഒന്ന്. ഞാന്‍ അത് പുറത്തെടുത്തു. ഞാന്‍ അത് കണ്ട് ശരിക്കും ആശ്ചര്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ വേദനിപ്പിച്ച് എല്ലാവരേയും പറ്റിച്ച് ഇളകി നിന്ന ആ പല്ല് ആയിരുന്നു അത്. പക്ഷേ എനിക്ക് ഒട്ടും വേദന തോന്നിയില്ല. ഞാന്‍ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സംഭവമറിഞ്ഞ് അമ്മയും അമ്മൂമ്മമാരും നിതേഷ് ചേട്ടനും ഓടിവന്നു. എല്ലാവരും അത് കണ്ട് ചിരിച്ചു പോയി ...

ഇപ്പോള്‍ അതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒത്തിരി പിന്നിട്ടു. അന്ന് പല്ലെടുത്ത മൂത്തകുന്നത്തെ അമ്മൂമ്മയും, അച്ഛമ്മയും, കൊച്ചമ്മൂമ്മയും ഇന്നീ ലോകത്തില്ല. പക്ഷേ, ഇന്ന് ആരുടെ പല്ലെടുക്കുന്ന കാര്യം പറഞ്ഞു കേള്‍ക്കുമ്പോഴും ഞാനറിയാതെ ആ പല്ല്ല് നിന്ന ഭാഗത്ത് ഇപ്പോഴുള്ള പല്ലിനെ നാവു കൊണ്ടൊന്നു തഴുകി നോക്കാറുണ്ട്...
  

Sunday, March 15, 2009

ഉണ്ണിക്കണ്ണന്‍

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍… വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്‍
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ… മീനത്തില്‍ ചോതി നാള്‍ ഉത്സവകൊടിയേറ്റം ഉത്രാടം നാളിലോ തിരുവുത്സവം… തിരുവോണം നാളിലായ് ആറാടും ഭഗവാന്‍ അമ്പാടിക്കണ്ണനാം ശ്രീകൃഷ്ണ ഭഗവാന്‍ ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര് വാഴും ശ്രീകൃഷ്ണാ ഹരേ…
വ്രതവും നോറ്റെത്തുന്ന ഭക്തര്‍‌ക്കു നല്‍‌കും വരമായിട്ടെന്തും ഉണ്ണിക്കണ്ണന്‍… ഒരു താലം പൂക്കളും ഒരു കുമ്പിള്‍ വെണ്ണയും ഭഗവാന് നേദിച്ചനുഗ്രഹം നേടൂ… ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…

Thursday, July 3, 2008

അമ്പാടിക്കണ്ണന്‍




അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ...
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…(അമ്പാടിക്കണ്ണനെ…)

അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…(അമ്പാടിക്കണ്ണനെ…)

ഒരുവട്ടം തൊഴുതിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിയെന്നുനിന്നെഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ……(അമ്പാടിക്കണ്ണനെ…)

ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന
കൈനീട്ടംനിധിപോലെ കാത്തിടുന്നൂ…
 ഞാന്‍ നിധിപോലെ ഇന്നുംകാത്തിടുന്നൂ………(അമ്പാടിക്കണ്ണനെ…)



...






ഈ ഭക്തിഗാനം പണിക്കര്‍ സാര്‍ ഇന്ത്യഹെറിറ്റേജ് എന്ന ബ്ലോഗില്‍ ഈണമിട്ട് ആലപിച്ചിരിയ്കുന്നു...

Saturday, March 1, 2008

കണിക്കൊന്ന

കണ്ണന്റെ  അരയിലെ കിങ്ങിണി പോലെ
   പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം.
 
 
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്‍
ഏവരും നിന്നില്‍ ലയിച്ചുനില്‍കും
എല്ലാം മറന്നുമയങ്ങിനില്ക്കും.
 
 
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്‍കും.
കണ്ണിമചിമ്മാതെ കണികണ്ടുനില്‍കുമ്പോള്‍
നിന്നെ മറക്കാ‍തെ ഓര്‍ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്‍ത്തുവയ്കും
 
 



Sunday, February 10, 2008

നല്ല ഓര്‍മ്മകള്‍




ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..

സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..

Thursday, January 10, 2008

കീപ്പറും കള്ളനും

ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ്‌ കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍‌വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍‌ വിളി കേള്‍‌ക്കുന്നതിലും അകലെയായിരുന്നു)

വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)

അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍‌ പങ്കെടുക്കാന്‍‌ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍‌ അഞ്ചിലും ശ്രീ രണ്ടിലും.

അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍‌ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍‌ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍‌ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍‌ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍‌ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)

പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍‌ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍‌ ഉറക്കം വരാത്തതിനാല്‍‌ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍‌ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍‌ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍‌ക്ക് പിന്നീടാണ് മനസ്സിലായത്)

അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍‌മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.

ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍‌ കുട്ടികള്‍‌ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.

ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.

അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."

അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.

കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."

അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍‌ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)

അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍‌വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.

കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.

Tuesday, January 1, 2008

കെ.ജെ.യേശുദാസ് :മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍- മലയാളികളുടെ സ്വന്തം ദാസേട്ടന്‍



മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസിന്  (K.J. YESUDAS) ഈ വരുന്ന 2008 ജനുവരി 10 ന് 68 വയസ്സ് തികയുന്നു. 68 ആം വയസ്സിലും ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2007 പ്രശസ്തഗായകര്‍ക്കെല്ലാം ഗാനങ്ങള്‍ കുറവായ ഒരു വര്‍ഷമായിരുന്നു. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ച ഒരു വര്‍ഷവുമാണ്. എങ്കിലും യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും മികവു പുലര്‍ത്തി.



1940 ജനുവരി 10 ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു.




വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്രപിന്നണിഗാനരംഗത്ത് ഹരിശ്രീകുറിച്ച അദ്ദേഹത്തിന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന്‍ കഴിഞ്ഞതാണ്‍ അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം. പ്രശസ്തസംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാര് ,ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന്‍ മികവേകി.



സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്ത്തുന്നു നമ്മുടെ ദാസേട്ടന്‍.



ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.




വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.



1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972 ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973 ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി.1989 ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20 ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍ “ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा …” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍ , മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.



സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.

© Copy right reserved to the author

ചിത്രത്തിന് കടപ്പാട് : www.yesudas.com

Thursday, December 13, 2007

യേശുദേവന്‍

വീണ്ടും ഒരു ക്രിസ്തുമസ്സ് . നന്മയുടെയും ത്യാഗത്തിന്റേയും പ്രതീകമായ യേശുദേവനെ പറ്റി ഒരു ഗാനം.



യേശുനാഥന്‍ ഭൂജാതനായ്
മഞ്ഞുപെയ്യും ഡിസംബറില്‍…
പുല്‍ത്തൊഴുത്തില്‍ പുണ്യവാനവന്‍
പാപമേല്‍ക്കാന് ‍ഭൂജാതനായ്…

യേശുദേവാ എന്നാത്മനാഥാ…
പാപമെല്ലാം നീക്കിടൂ…
ത്യാഗിയാം നിന്‍ കാല്പാടുകളേ
ഞങ്ങള്‍ക്കെന്നും വഴികാട്ടൂ...

നന്മചെയ്യാന്‍ നല്ലതു പറയാന്‍
ത്രാണിയേ‍കൂ ജീവനാഥാ...
പാടിടാം ഒരു സ്തുതിഗീതമിന്ന്
ആടിടാം നമുക്കാനന്ദമോടെ…

മെറി മെറീ മെറീ ക്രിസ്തുമസ്സ്…
മെറീ മെറി മെറീ ക്രിസ്തുമസ്സ്

Tuesday, December 4, 2007

പ്രണയത്തിന്റെ സത്യം






കുളിര്‍നിലാത്തെന്നലായ് എന്നെത്തലോടുന്ന
പ്രണയമാം നോവെനിക്കേറെയിഷ്ടം…

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യം
ആരെയോ തേടുന്ന പോലെ…

മിഴികളാല്‍ മൊഴികള്‍ നാം കൈമാറും വേളയില്‍
തോഴിമാര്‍ ചിരിതൂകിനില്‍പ്പൂ…

ആരോരുമറിയാത്ത നൊമ്പരം പങ്കിടും
മിഴികളില്‍ നനവിന്റെ സ്പര്‍‍ശ്ശം…

നനവാ‍ര്‍ന്ന നിന്‍ മിഴിനീരൊപ്പുവാനെത്തുന്ന
എന്നുടെ സാന്ത്വനസ്പര്‍ശം..…

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും

പരിഭവം” പ്രണയത്തിന്‍ സത്യം...



<

Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം . പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.
ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.
അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.
രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്. മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്. (വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.) മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും. ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല. ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി. ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും. ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്. തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു. അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.) കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്. e/div>

Sunday, November 11, 2007

തത്ത്വമസ്സി


മണ്ഡലമാസ്സം വീണ്ടും വന്നെത്തുകയായി. ഇനിയുള്ള രണ്ടുമാസക്കാലം ഭക്തിയുടെ, വ്രതശുദ്ധിയുടെ മാസങ്ങള്‍. മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍‍ തന്ന പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശ്ശനങ്ങള്‍‍ക്കും നന്ദി. മനസ്സില്‍ തെളിഞ്ഞ ഭക്തിസാന്ദ്രമായ ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു… സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….




ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….
 
ഈ ഗാനം ഇന്ത്യഹെറിറ്റേജില്‍ പണിക്കര്‍ സാര്‍ ആലപിച്ചീരിയ്കുന്നു..
p

Friday, November 2, 2007

ട്യൂഷന് സെന്ററിലെ “തെറ്റിദ്ധാരണ“.

ഞാ‍നും എന്റെ പ്രിയ സ്നേഹിതന്‍ ജിബീഷും ചെറിയൊരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന കാലം. (ഞങ്ങള്‍ ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കുന്നത് പി.ജി.യ്ക് പഠിയ്ക്കുന്ന സമയത്ത് 1999 ല്‍ ആണ്.) വെറും ഒരു തമാശയ്ക് തുടങ്ങിയതാണ് ഞങ്ങളുടെ “ഹരിശ്രീ ട്യൂഷന്‍ സെന്റര്‍“ എങ്കിലും സംഗതി വിജയകരമായിരുന്നു. രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു ഞങ്ങള്‍ ട്യൂഷന്‍ എടുത്തിരുന്നത്. 8,9,10,+1,+2 ക്ലാസുകള്‍ക്ക് മാത്രമായിരുന്നു അന്ന് ട്യൂഷന്.(പിന്നീട് Degree,Entrance ക്ലാസുകള്‍ക്കും കൂടി ആക്കി) ഹൈസ്കൂള്‍ ക്ലാസ്സില്‍ Mathamatics, English എന്നിവയും +1,+2, ക്ലാസുകളില്‍ Accountancy, Costing , Mathamatics എന്നിവയും ആയിരുന്നു ട്യൂഷന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍)ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങള്‍‍ക്ക് പ്രചോദനമായത്. ജിബീഷിന്റെ വീടിനു പുറകില്‍ ചെറിയൊരു ഷെഡു കെട്ടിയാണ് ട്യൂഷന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 സ്റ്റാര്‍ന്റേര്‍ഡിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. 10ലെ ആദ്യ ബാച്ചില്‍ 2 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. (അക്കാ‍ലത്ത് നാട്ടില്‍ ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ മാഷ് നടത്തുന്ന ട്യൂഷന്‍ സെന്റ്ററിനാണ് ഏറ്റവും പേര്. കുട്ടികളും കൂടുതല്‍ അവിടെ ആയിരുന്നു. അതുപോലെ ഒന്ന് രണ്ട് മറ്റ് ട്യൂഷന്‍ ക്ലാസുകളും നാട്ടില്‍ ഉണ്ടായിരുന്നു.) അതുകൊണ്ടുതന്നെ എല്ലാവരും ഒഴിവാക്കുന്ന വളരെ താഴ്ന്ന പഠന നിലവാരത്തിലുള്ള കുട്ടികളെ ആണ്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ തോറ്റിരുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും. അവരുടെ കുറവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്ലാസ്സെടുക്കാന്‍ ഞങ്ങളിരുവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. മാത്രമല്ല ട്യൂഷന്‍ സെന്റര്‍ വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും. ഞങ്ങളുടെ ആ ശ്രമം വിജയം കണ്ടു. ക്രിസ്തുമസ്സ് പരീക്ഷയ്ക് കുട്ടികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാത്രമല്ല കുട്ടികളുടെ പഠന‍ നിലവാരം ഉയര്‍ന്നു വന്നു. ആവര്‍ഷം വര്‍ഷാന്ത്യപരീക്ഷാഫലം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടികളില്‍ എല്ലാവരും പാസ്സായി.100% വിജയം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സും, പത്തോളം പേര്‍ക്ക് സെക്കന്റ്ഡ് ക്ലാസും, മറ്റുള്ളവര്‍ക്ക് പാസ്സ് മാര്‍ക്കും കിട്ടി. പഠനത്തില്‍ മോശമായിരുന്ന കുട്ടികളെ ജയിപ്പിക്കാനായത് നാട്ടില്‍ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്‍ നല്ല പേര്‍ ഉണ്ടാകുന്നതിന്‍ സഹായകമായി. അതുമൂലം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. ചില ക്ലാസ്സുകളില്‍ (പ്രത്യേകിച്ച് 10ആം ക്ലാസ്സ്) കുട്ടികളുടെ എണ്ണം കൂടിയതിനാലും സ്ഥലപരിമിതിയും മൂലം ട്യൂഷന്‍ തിരക്കിവന്നകുട്ടികളെ നിരാശരാക്കി മടക്കിഅയയ്കേണ്ടിയും വന്നു. (സ്ഥലമില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ ഒരു നമ്പര്‍ ഇട്ടു. “ഒരു ക്ലാസ്സില്‍ പരമാവധി 30 കുട്ടികള്‍‍ക്കേ ക്ലാസ്സ് എടുക്കൂ. അല്ലെങ്കില്‍ ഓരോകുട്ടിയേയും ശ്രദ്ധിക്കാനാവില്ല എന്നും” ഞങ്ങള്‍ തട്ടി വിട്ടു. ഇതു ഞങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെന്നതാണ്‍ സത്യം. പിന്നീടുള്ള വര്‍ഷം മെയ് മാസം ട്യൂഷന്‍ ആരംഭിയ്കുന്നതിനുമുന്പേ കുട്ടികളുടെ രക്ഷിതാക്കള്‍‍ ബുക്ക് ചെയ്തിടും. ) ഒന്നു രണ്ട് വര്ഷങ്ങള്‍ക്കുള്ളില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 150 ഓളമായി ഉയര്‍ന്നു. ആയിടയ്കാണ്‍ ഞങ്ങളുടെ ഒരു പഴയ സ്കൂള്‍ അദ്ധ്യാപികയുടെ മകള്‍ അവിടെ +2 വിന് ട്യൂഷന്‍ വന്നു ചേരുന്നത്. ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു. മറ്റെല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ പാസ്സാകാറുണ്ടെന്ന് കുട്ടികള് പറഞ്ഞ് അറിഞ്ഞിരുന്നു. പലപ്പോഴും Mathamatics ക്ലാസ്സെടുക്കുമ്പോള്‍ ഓരോ മണ്ടന്‍ സംശയങ്ങളുമായി ഈകുട്ടി എഴുന്നേറ്റു നില്‍കാറുള്ള കാര്യം എന്റെ സ്നേഹിതന്‍ എന്നോട് പറയാറുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലും Mathamatics ലെ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഈ കുട്ടി കാത്തു നില്കും. അവയെല്ലാം എന്റെ സ്നേഹിതന്‍ പരിഹരിച്ചു കൊടുക്കും. പക്ഷേ ആ കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഉള്ളതായി പലപ്പോഴും അവനെന്നോട് പറയാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധതന്നിലേക്ക് ആകര്ഷിക്കുവാനെന്നവണ്ണം ചോദ്യങ്ങള്‍ ചോദിയ്കുന്ന പോലെ. അവന്‍ പറയും ആകുട്ടിയ്ക് എന്തോ ഒരു Spelling Mistake ഉണ്ടെന്ന്. ആവര്ഷം +2 വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ആകുട്ടിമാത്രം തോറ്റു. അതും Mathamatics ന്‍. അവനും വല്ലാത്ത വിഷമമായി കാരണം മറ്റെല്ലാകുട്ടികളേയും വിജയിപ്പിയ്കാനായിട്ടും ഞങ്ങളുടെ പഴയ അദ്ധ്യാപികയുടെ മകളെ വിജയിപ്പിക്കാനായില്ലല്ലോ . ഏതാനും ദിവസങ്ങല്‍ കഴിഞ്ഞു ടീച്ചര്‍ ജിബീഷിനെ വിളിച്ചു. മകളെ SAY പരീക്ഷയ്ക് എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നും അതിനായി ആകുട്ടിയ്ക് ഒരിയ്കല് കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്നും പറയാനാണ് ടീച്ചര്‍ അവനെ വിളിച്ചത്. തോറ്റകുട്ടികള്‍ക്ക് അന്ന് ഞങ്ങല്‍ അന്ന് ക്ലാസ്സെടുക്കുന്നില്ല. നന്നായി പഠിയ്കുന്നവരും, പഠനത്തില്‍ മോശമായവരും എല്ലാം അവിടെ ട്യൂഷന്‍ വന്നിരുന്നെങ്കിലും ഞങ്ങല്‍ ട്യൂഷനെടുത്ത ഭൂരിഭാഗം കുട്ടികളും വിജയിച്ചിട്ടേയുള്ളൂ. മാത്രമല്ല അന്ന് ഞങ്ങള്‍ രണ്ടുപേര്‍ ജോലി ലഭിച്ചതിനാല്‍ വേണ്ടത്ര സമയം കിട്ടാറുമില്ല. എങ്കിലും ടീച്ചറുടെ നിര്ബന്ധത്തിന്‍ വഴങ്ങി മനസ്സില്ലാമനസ്സോടെ അവന് ക്ലാസ്സ് എടുക്കാമെന്നേറ്റു. Examination വരുന്നതും മറ്റുമായ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് അവ ആകുട്ടിയെ പഠിപ്പിക്കാന്‍ ജിബീഷ് ശ്രദ്ധിച്ചു. . ആകുട്ടി ശ്രദ്ധാപൂര്‍വ്വം അവയെല്ലാം പഠിച്ചെടുത്തു. അങ്ങനെ Examination അടുത്തിരിയ്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് തീര്‍ന്നപ്പോല്‍ ആകുട്ടി ചെറിയൊരു നാണത്തോടെ ഒരു കവര്‍ നീട്ടിക്കൊണ്ട് ജിബീഷിനോട് പറഞ്ഞു. “ മാഷേ, ഈ കവര്‍ ഞാന്‍ പോയതിനു ശേഷം മാത്രമേ പൊട്ടിയ്കാവൂ “. ജിബീഷ് ഒന്നു ഞെട്ടി. അവന്‍ അതു കൈപ്പറ്റാതെ പറഞ്ഞു. “ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “ അവസ്സാനം ആ കുട്ടി ആ കവര്‍ ടേബിളില്‍ വച്ച് സൈക്കിളുമെടുത്ത് വേഗം പോയി. (ട്യൂഷനെല്ലാം തീര്ന്നാല്‍ വൈകുന്നേരങ്ങളില്‍ ഞാനും ജിബീഷും ആ ട്യൂഷന് ക്ലാസ്സില്‍ സംസാരിച്ചിരിയ്ക്കുന്ന ഒരു പതിവുണ്ട്.) പക്ഷേ അന്ന് അവന്‍ എന്നെ വളരെ നേരത്തെ വിളിയ്കുന്നത് കേട്ട് ഞാന്‍ അവിടെ എത്തി കാര്യം തിരക്കി. അവന്‍ ആ കവര്‍ എന്നെ കാണിച്ചു, അധികം ഭാരമില്ലാത്ത ഒരു വെളുത്ത കവര്‍ . അതിന്റെ ഉള്ളില്‍ കടലാസ്സില്‍ എഴുതിയ എന്തോ ഒരു കുറിപ്പ് അവ്യക്തമായി കാണാം. ഞാന്‍ പതുക്കെ ആ കവര്‍ പൊട്ടിച്ചു. അതില്‍ ഒരു ചെറിയ കടലാസും മറ്റൊരു ചെറിയ കവറും. ജിബീഷ് എന്നോട് ചേര്‍ന്ന് ഇരുന്നു. ഞങ്ങല്‍ ഇരുവരും ആ കുറിപ്പ് വായിച്ചു. അതില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. “ ജിബീഷ് മോള്‍ക്ക് ഇത്രനാളും ട്യൂഷന്‍ എടുത്ത് തന്നതിന് വളരെ നന്ദി. അവള്‍ക്കിപ്പോള്‍ Mathamatics ലെ ബുദ്ധിമുട്ടുകള്‍‍ മാറിയെന്ന് പറഞ്ഞു. ജയിയ്കാനാകുമെന്ന് ആത്മവിശ്വാസവും ഉള്ളതായി അവളെന്നോട് പറഞ്ഞു. ഇതിനൊപ്പമുള്ള കവറില്‍ 1000 രൂപയും കൊടുത്തുവിടുന്നു. നിങ്ങളുടെ ട്യൂഷന്‍ സെന്ററിന് എന്റ്റെ എല്ലാവിധ ആശംസകളും നേരുന്നു.” വായിച്ചു തീര്‍ന്നതും ജിബീഷ് ചെറിയൊരു ചമ്മലോടെ ജിബീഷ് ഒരു ദീര്‍ഘനിശ്വാസം വിട്ടു.(അവന്‍ ആ കുട്ടിയെ ശരിയ്കും തെറ്റിദ്ധരിച്ചിരുന്നു. കാരണം മറ്റെല്ലാ വിഷയങ്ങളും നന്നായി പഠിയ്കുന്ന ഈ കുട്ടി കണക്കില്‍ മാത്രം പരാജയപ്പെടുക. എന്നിട്ട് വീണ്ടും ട്യൂഷന് വരുക. ക്ലാസ്സില്‍ ഓരോ വികൃതി ചോദ്യങ്ങള്‍‍ ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആ‍കര്‍ഷിപ്പിയ്ക്കാന്‍ ശ്രമിയ്കുക. ഇതെല്ലാം അവനെ ശരിയ്കും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.) ഇപ്പോഴും ഞങ്ങളുടെ ആ ട്യൂഷന്‍ സെന്റ്റര്‍ നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്കുന്നു.

Sunday, October 21, 2007

പരിപ്പുവട



ഇത് ഞാന് കാലടി ശ്രീശങ്കര കോളേജില് പഠിക്കുന്ന സമയത്ത് നടന്ന ഒരു കഥയാണ്. വളരെ വിശാലമായ ക്യാമ്പസ് ആണ് ശ്രീശങ്കര കോളേജിന്റെത്. ധാരാളം മരങ്ങളും, ചെടികളും,കുന്നും, വലിയൊരു കുളവും നിറഞ്ഞതാണ് ക്യാമ്പസ്. മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, മാത്തമാറ്റിക്സ്, കോമേഴ്സ് ഇങ്ങനെ പോകുന്ന ഓരോ ഡിപ്പാര്ട്ട്മെന്റും കോളേജിന്റെ ഓരോ ഭാഗത്താണ്. ഓരോ തട്ടുകളിലായാണ് ഓരോ ഡിപ്പാര്ട്ട്മെന്റുകള്. ഓഫീസും, ഓഡിറ്റോറിയവും, ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് മുകളിലെ തട്ടിലാണുള്ളത്. അതിനു താഴെ ഹിന്ദി, മലയാളം ഡിപ്പാര്ട്ട്മെന്റും. അതിനും താഴെ കോമേഴ്സ് ഡിപ്പാര്ട്ട്മെന്റില് ഉള്പ്പെടുന്ന ഞങ്ങള്‍‌. കോളേജിന്റെ പ്രധാന കവാടത്തിന്റെ അധികം ദൂരത്തല്ലാതെയാണ് ഞങ്ങളുടെ ഈ വിഭാഗം. കോമേഴ്സ് ഡിപ്പാര്ട്ട്മെന്റ് ജെ.പി. സാറ് ഭരിക്കുന്ന കാലം.

വീട്ടില് നിന്നും രാവിലെ പുറപ്പെടേണ്ടതു കൊണ്ട് പലപ്പോഴും അക്കാലത്ത് ഞാന് ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നത്. മാത്രമല്ല മൂന്ന് ബസ്സുകളും മാറിക്കയറിവേണം കോളേജിലെത്താന്‍. കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്താണ്‍ അന്ന് ക്യാന്റീ‍ന്‍.എങ്കിലും കുന്നു കയറി മുകളിലെത്തണം. അതിനാല് ഞങ്ങള് പലപ്പോഴും കോളേജിന് പുറത്തുള്ള ഒരു ഹോട്ടലില് ആണ് ഭക്ഷണം കഴിക്കാന് പോയിരുന്നത്.

ഞങ്ങളുടെ അന്നത്തെ സംഘത്തില് ചാര്ളി, ബിജു, കൃഷ്ണകുമാര്, രാജീവ് എന്നിവരാണ് ഉള്ളത്. ഇതില് കൃഷ്ണകുമാറിന്റെ വീട് കോളേജില് നിന്നും അധികം അകലെ അല്ലാത്തതിനാല് അവന് പലപ്പോഴും വീട്ടില് പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടയ്ക് ഞങ്ങല്ക്കൊപ്പവും കൂടും.

അവിടെ അടുത്തോരു ഹോട്ടല് ഉണ്ട്. അവിടുത്തെ പരിപ്പുവട വളരെ പ്രസിദ്ധമാണ്. വളരെ രുചികരമാണത്രേ അവിടുത്തെ പരിപ്പുവട. ഞാനും ചാര്ളിയും ഊണ് കഴിക്കുമ്പോല് കൃഷ്ണകുമാറും രാജീവും ഉഴുന്നുവട, പരിപ്പുവട എന്നിവയാണ് കഴിക്കുക. (രണ്ടോ മൂന്നോ തവണ ഞാനും ഈ പരിപ്പുവട കഴിച്ചിട്ടുണ്ട് കേട്ടോ, പക്ഷേ എനിക്ക് അതിനോടത്ര താല്പര്യം തോന്നിയിരുന്നില്ല.) ഒരു ദിവസം ഞങ്ങല് പതിവുപോലെ ഭക്ഷണം കഴിക്കാന് ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍‌ക്കൊപ്പം ഞങ്ങളുടെ മറ്റൊരു സുഹൃത്തായ രഞ്ജിത്ത് ഉണ്ട്. രാജീവിന്റെ പരിപ്പുവടയെ പറ്റിയുള്ള വിവരണത്തില് ആകൃഷ്ടനായി വന്നതാണ് അവന്. ഞങ്ങള്‍‌ പതിവുപോലെ ഊണ് ഓര്ഡര് ചെയ്തു. രാജീവും സംഘവും പരിപ്പുവടയും.

ഞങ്ങല് ഊണ് കഴിക്കുന്നതിനിടയില് അവര്ക്ക് പരിപ്പുവടയും എത്തി. ഒരു ചെറിയ തമിഴ് പയ്യനാണ് ഭക്ഷണം സപ്ലൈ ചെയ്യുന്നത്. രജ്ഞിത്ത് വടയെടുത്ത് കഴിക്കാനാരംഭിച്ചതും തുപ്പിയതും ഒരുമിച്ചായിരുന്നു. അവന് അതില് നിന്നും ഒരു മുടിയെടുത്ത് മാറ്റിവച്ചു. (വൃത്തിയുടെ കാര്യത്തില് വളരെ ശ്രദ്ധാലുവായ അവനത് ഉള്‍‌ക്കൊള്ളാനായില്ല.)


എന്നാല്‍‌ ഞങ്ങളാരും ആ സംഭവം കാര്യമാക്കിയില്ല. ഒരു മുടി കിട്ടിയതാണോ വലിയ കാര്യം ? ഭക്ഷണം പാകം ചെയ്യുമ്പോള് ഒരു മുടിയൊക്കെ കിട്ടുന്നത് സ്വാഭാവികം മാത്രം എന്ന മട്ടില്‍‌ ഞങ്ങളതു തള്ളിക്കളഞ്ഞു.

പിന്നീട് കുറച്ചു നാളുകള്‍‌ക്കു ശേഷം ഞങ്ങള്‍‌ അവിടെ അതേ ഹോട്ടലില് ഭക്ഷണം കഴിക്കുവാനെത്തിയപ്പോള്‍‌ ഞങ്ങളുടെ സീനിയേഴ്സ് കുറച്ചുപേര് അവിടുത്തെ പാചകക്കാരെനെ ഇട്ട് നന്നായി പെരുമാറുകയാണ്. അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. അവിടുത്തെ പാചകക്കാരന് പരിപ്പുവട ഉണ്ടാക്കുന്നത് ഒരു പ്രത്യേകരീതിയിലാണത്രേ.

എങ്ങനെയെന്നാല് ഒരു കൈകൊണ്ട് ആട്ടുകല്ലില് മാവ് ആട്ടുകയും അതിനൊപ്പം ഒരു കൈകൊണ്ട് പരിപ്പുവട ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം അതിനടുത്തുള്ള എണ്ണയില് ഇട്ട് വട ഉണ്ടാക്കുന്നു. പക്ഷേ ഒരു കൈകൊണ്ട് പരിപ്പു വടയുടെ മാവ് പരത്താന് ആവാത്തതിനാല് കക്ഷി മാവ് പരത്താന് എളുപ്പത്തിന് ഉപയോഗിച്ചത് വെറും ഒരു തോര്ത്ത് മാത്രമിട്ട അങ്ങേരുടെ സ്വന്തം നെഞ്ചായിരുന്നത്രേ. ഇതുമൂലമാണ് ഇടയ്ക് പരിപ്പുവടയില് രോമം കാണാറുള്ളതെന്നാണ് സീനിയേഴ്സ് കണ്ടുപിടിച്ചത്.
എന്തായാലും ഈ സംഭവത്തിനു ശേഷം അവിടെയുള്ള മറ്റു കച്ചവടക്കാര് വൃത്തിയായാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ പാചകക്കാരെനെ  പിന്നീട് ആ കോളേജിന്റെ ചുറ്റുവട്ടത്തെങ്ങും കണ്ടിട്ടില്ല.

എന്തായാലും അതിനു ശേഷം ഞാന് അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല വീട്ടില് നിന്നും ഭക്ഷണം കൊണ്ട് പോകാനും ആരംഭിച്ചു. ഒപ്പം എന്റെ കൂട്ടുകാരും.
 
© Copy right reserved to author